| Thursday, 19th June 2014, 8:17 am

ജയിലുകളില്‍ പുകവലി നിരോധിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] കണ്ണൂര്‍: സംസ്ഥാനത്തെ ജയിലുകളില്‍ പുകവലി നിരോധിച്ചു. ഒരു മാസത്തിനുള്ളില്‍ പുകയില ഉത്പന്നങ്ങളുടെ ഉപയോഗം ജയിലുകളില്‍ പൂര്‍ണമായും നിരോധിക്കണമെന്നു ജയില്‍ എഡിജിപി ടി.പി. സെന്‍കുമാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

പൊതുസ്ഥലങ്ങളില്‍ പുകവലി പാടില്ലെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണു ജയില്‍ മേധാവിയുടെ ഉത്തരവ്.  ഒരു മാസത്തിനുള്ളില്‍ ഘട്ടംഘട്ടമായി പുകവലി നിരോധനം നടപ്പാക്കാനാണ് തീരുമാനം. പുകവലി നിരോധിക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ച് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കഴിഞ്ഞ ദിവസം ജയില്‍ ഡി.ജി.പിയ്ക്ക് കത്ത് നല്‍കിയിരുന്നു.

സുപ്രീംകോടതിയുടെയും കേന്ദ്ര സര്‍ക്കാറിന്റെയും വിധികളുടെയും പുതുക്കിയ കേരള ജയില്‍ ചട്ടങ്ങളുടെ അടിസ്ഥാനത്തിലുമാണ് പുകയില ഉത്പന്നങ്ങള്‍ നിരോധിക്കുന്നത്. നിലവില്‍ ജയില്‍ കാന്റീന്‍ വഴി ബീഡിയും മറ്റും തടവുകാര്‍ക്കു വിതരണം ചെയ്യുന്നുണ്ട്. നിരോധനത്തിനു ശേഷം പുകയില ഉത്പന്നങ്ങള്‍ കൈവശം വെച്ചാല്‍ തടവുകാര്‍ക്കെതിരേ കേസെടുക്കാനാണ് നിര്‍ദേശം.

2005ല്‍ ജയിലുകളില്‍ പൂര്‍ണമായും പുകവലി നിരോധിച്ച് കൊണ്ട് ഡിജിപി ഉത്തരവിട്ടെങ്കിലും 2008ല്‍ കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കെയാണ് ഈ നിരോധനം പിന്‍വലിച്ചത്.  ജയിലുകളില്‍ പുകവലി നിരോധനത്തോടെ തടവുകാര്‍ കടലാസ് ചുരുട്ടിയും മറ്റും  പുകവലിക്കുന്നത്  ആരോഗ്യത്തിന് കൂടുതല്‍ ദോഷകരമാവുന്നു എന്നതിനാലായിരുന്നു അന്ന് നിരോധനം നീക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ ഉത്തരവിട്ടത്.

Latest Stories

We use cookies to give you the best possible experience. Learn more