| Saturday, 3rd February 2018, 8:47 pm

പുകവലിക്കാര്‍ സൂക്ഷിക്കുക; ദിവസവും ഓരോ സിഗരറ്റുകള്‍ വലിക്കുന്നവരുടെ ഹൃദയവും തകരാറിലാവുമെന്ന് പഠനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്വാസകോശം സ്‌പോഞ്ച് പോലെയാണെന്നാണ് പുകവലിക്കെതിരായ ബോധവല്‍ക്കരണ പരസ്യത്തില്‍ നമ്മള്‍ കേട്ടിട്ടുള്ളത്. ഭൂരിഭാഗം പേരും ഈ പരസ്യം കേവലം തമാശയായയാണ് എടുക്കാറെങ്കിലും പുകവലി ശ്വാസകോശത്തെ എത്രത്തോളം ബാധിക്കുമെന്ന് നമ്മളോട് പറയുകയാണ് ആ പരസ്യം യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്.

ഇനിമുതല്‍ ഹൃദയത്തെ സംബന്ധിച്ചും ഇത്തരമൊരു പരസ്യം വേണ്ടിവരുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ദിവസം ഒന്നോ രണ്ടോ സിഗരറ്റുകള്‍ മാത്രം വലിക്കുന്നവരാണ് തങ്ങള്‍ എന്ന് ആശ്വസിക്കുന്നവര്‍ക്കും പുതിയ പഠനം “ഹൃദയാഘാതം” നല്‍കും. ദിവസം ഒരു സിഗരറ്റ് വലിക്കുന്നവരുടെ ഹൃദയം തകരാറിലാകാനുള്ള സാധ്യത ഉണ്ടെന്നാണ് പുതിയ പഠനം മുന്നറിയിപ്പ് നല്‍കുന്നത്. ഇതിനെ മറികടക്കാന്‍ പുകവലി പൂര്‍ണ്ണമായും നിര്‍ത്തുക മാത്രമാണ് വഴിയെന്നും പഠനം പറയുന്നു.

ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദിവസവും പുകവലിക്കുന്നവരില്‍ കൊറോണറി ഹൃദയരോഗങ്ങള്‍ക്കുള്ള സാധ്യത പ്രതീക്ഷിച്ചതിലും വളരെ കൂടുതലാണ് എന്നാണ് ഗവേഷകര്‍ പറയുന്നത്. പുകവലിക്കാരില്‍ കാന്‍സറിനേക്കാള്‍ കൂടുതല്‍ മരണ കാരണമാകുന്നത് ഹൃദ്രോഗങ്ങളാണ്. 48 ശതമാനം പേരാണ് പുകവലിയെ തുടര്‍ന്നുള്ള ഹൃദ്രോഗങ്ങളാല്‍ മരണപ്പെടുന്നത്.

പ്രായം, ബോഡി മാസ് ഇന്‍ഡക്‌സ് (ബി.എം.ഐ), രക്തസമ്മര്‍ദ്ദം, പ്രമേഹം, മദ്യപാനം തുടങ്ങി നിരവധി ഘടകങ്ങള്‍ ഹൃദ്രോഗങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാണ്. ഇക്കൂട്ടത്തില്‍ പുകവലി കൂടി ഉണ്ടെന്നത് പുകവലി ശീലമാക്കിയവരില്‍ ആശങ്ക സൃഷ്ടിക്കുന്നതാണ്.

ഹൃദയമിടിപ്പിന്റെ നിരക്ക് കൂടുന്നതിനും രക്തസമ്മര്‍ദ്ദം ഉയരുന്നതിനും പുകവലി കാരണമാകുന്നു. സിഗരറ്റില്‍ അടങ്ങിയ പദാര്‍ത്ഥങ്ങള്‍ രക്തക്കുഴലുകളെ തകരാറിലാക്കും. ഇതാണ് പുകവലിക്കാരെ ഹൃദ്രോഗത്തിലേക്ക് നയിക്കുന്നത്. ലോകമാകെ 26 ദശലക്ഷം ആളുകള്‍ ഹൃദ്രോഗികളാണ്. ഇന്ത്യയിലാകട്ടെ ഇത് 10 ദശലക്ഷം പേരാണ്. ഇതില്‍ പുകവലിക്കാരും ഉള്‍പ്പെടുന്നു.

We use cookies to give you the best possible experience. Learn more