Happy Women’s day
Yes I am not a victim of patriarchy. I am a survivor ????and a feminist too ????
ചെറിയ കുട്ടിയായിരുന്നപ്പോള്‍ എപ്പഴോ നേരം വൈകിയെത്തിയതിന് അച്ഛന്‍ നന്നായി അടിച്ചപ്പോള്‍ അടുക്കളയിലെ പാതകത്തിനടിയില്‍ ഒളിച്ചിരുന്ന് ഞാന്‍ വിളിച്ചു കൂവി. ‘നിങ്ങള്‍ തിന്നാന്‍ തരുന്നുണ്ടെന്ന് കരുതി ഞാന്‍ നിങ്ങളുടെ അടിമയല്ല,’ വീണ്ടും തല്ലാനോങ്ങിയ അച്ഛന്‍ ഒരു നിമിഷം അനങ്ങാതെ നിന്നു.
പിന്നെ വടി താഴെയിട്ട് നിശബ്ദനായി തിരികെ തന്റെ വായനാമുറിയിലേക്കു പോയി. എന്റെ അവകാശങ്ങളെ, വ്യക്തിത്വത്തെ അംഗീകരിക്കാത്തവരോടെല്ലാം ഉറക്കെ സംസാരിക്കാന്‍ ഞാന്‍ ശീലിച്ചു തുടങ്ങുകയായിരുന്നു.
എനിക്ക് നിഷേധിക്കപ്പെട്ട ഇടങ്ങള്‍, സ്വപ്നങ്ങള്‍, കൂട്ടുകാര്‍ ഒക്കെയും എന്നെ അന്നേ അസ്വസ്ഥമാക്കിയിട്ടുണ്ട്. അതെനിക്ക് തന്നത് കടുത്ത തലവേദനയും, നിരന്തരമായ വേദനകളും മാത്രമായിരുന്നു. ബസ്സില്‍, ക്ലാസില്‍, വീട്ടില്‍, സംഘടനകളില്‍, നിരത്തിലൊക്കെയും ഞാന്‍ ആണധികാരത്തോട് കലഹിച്ചു കൊണ്ടേയിരുന്നു.
വീട് ഏറ്റവും അസ്വസ്ഥത നിറഞ്ഞ ഇടമായി. വായിക്കുന്ന കഥകളിലെ, പ്രത്യേകിച്ച് പെണ്ണെഴുത്തുകാരുടെ കഥകളിലെ കഥാപാത്രങ്ങള്‍ ഞാന്‍ തന്നെയായി മാറി. ആശാ പൂര്‍ണ്ണദേവിയുടെ ട്രിലോജികളിലെ, സുവര്‍ണ്ണലതയിലെ, ബകുളിന്റെ കഥയിലെ പെണ്ണുങ്ങള്‍, മാധവിക്കുട്ടിയുടെ, സാറാ ജോസഫിന്റെ, ബി.എം. സുഹറയുടെ ഒക്കെ എഴുത്തുകളിലെ പെണ്ണുങ്ങള്‍ എന്നെ വിടാതെ പിന്തുടര്‍ന്നു.
അവര്‍ക്കൊപ്പം ഞാന്‍ കരഞ്ഞു, സന്തോഷിച്ചു, അതിരുകള്‍ കടക്കുന്നതിന്റെ സ്വാതന്ത്ര്യം ആസ്വദിച്ചു. ഏറ്റവും അടുത്ത സുഹൃത്തും പിന്നെ പങ്കാളിയുമായ പ്രകാശന്‍ എന്റെ അസ്വസ്ഥതകളെ തിരിച്ചറിഞ്ഞ് നിരന്തരം ഫെമിനിസത്തെക്കുറിച്ചും നിലനില്‍ക്കുന്ന വ്യവസ്ഥയുടെ പരിമിതിയെക്കുറിച്ചുമൊക്കെ എനിക്ക് എഴുതുകയും, എന്നോട് സംസാരിക്കുകയും ചെയ്യുന്ന കാലത്ത് എനിക്ക് 20 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ.
അപ്പോഴും ഞാനെന്റെ കാഴ്ചകളിലൂടെ ലോകത്തെ കാണാന്‍ തുടങ്ങിയിട്ടുണ്ടായിരുന്നില്ല. പക്ഷേ ഫെമിനിസം ലോകത്തിന്റെ തന്നെ വിമോചനത്തിലേക്കുള്ള പല വഴികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് മെല്ലെ മെല്ലെ ഞാന്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു. അന്ധമായ പുരുഷ വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രമെന്ന ചീത്തപ്പേര് ആ പ്രവര്‍ത്തന പദ്ധതിക്കുണ്ടായിരുന്നുവെന്ന് മുഖ്യധാര വ്യവഹാരങ്ങളും, ജനപ്രിയ സിനിമകളും, പുസ്തകങ്ങളുമെല്ലാം വിളിച്ച് പറഞ്ഞുകൊണ്ടിരുന്നു.
പക്ഷേ എനിക്കങ്ങനെ തോന്നിയതേയില്ല. പാതി വരുന്ന മനുഷ്യര്‍, സ്ത്രീകള്‍ നിരന്തരം അടിച്ചമര്‍ത്തപ്പെടുന്നതിനെ തിരിച്ചറിഞ്ഞ, അതിനെതിരെ കലഹിച്ച, സമരം ചെയ്ത, സാമൂഹികമായ വലിയ മാറ്റങ്ങള്‍ക്ക് വഴിതെളിക്കുന്ന ഈ ചിന്താപദ്ധതിക്ക് എങ്ങനെ പുരുഷ വിദ്വേഷിയാവാന്‍ കഴിയും?
ഞാന്‍ വെര്‍ജീനിയ വൂള്‍ഫിനെ വായിച്ചു. സിമോണ്‍ ദ ബുവയെ വായിച്ചു. കെയ്റ്റ് മില്ലറ്റ്, സീസു, ക്രിസ്‌തേവാ, ഇറിഗാറെ, ജൂഡിത്ത് ബട്ട്‌ലര്‍, എലേന്‍ ഷോവാള്‍ട്ടര്‍ എന്നിങ്ങനെ നിരവധി പ്രതിഭാധനരായ പെണ്ണുങ്ങളുടെ, ട്രാന്‍സ് വ്യക്തിത്വങ്ങളുടെ എഴുത്തുകളിലൂടെ എന്റെ ചിന്തകളെ മിനുക്കിയെടുത്തു.
ഇന്ത്യയിലെ ഫെമിനിസ്റ്റ് മൂവ്‌മെന്റിന് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെന്നറിഞ്ഞ് അമ്പരന്നു. ആണ്ടാളും, മീരാഭായിയും, സാവിത്രി ഭായ് ഫൂലെയും, തുടങ്ങി നിരവധി സ്ത്രീകളുടെ പോരാട്ടത്തിന്റെ ചരിത്രത്തിന്റെ ഇങ്ങേയറ്റത്തെ കണ്ണിയാവുക എന്നത് എന്നെ ആഹ്ലാദിപ്പിച്ചു.
ആദ്യമൊക്കെ ആണധികാര പ്രിവിലേജുകള്‍ ആസ്വദിക്കുന്ന എന്റെ എല്ലാ ആണുങ്ങളോടും ഞാന്‍ കലഹിച്ചിരുന്നു.
ചിലര്‍ എന്നോട് തര്‍ക്കിച്ചു. പിണങ്ങി, വഴിമാറിപ്പോയി. ചിലര്‍ തിരിച്ചറിവിന്റെ തെളിച്ചത്തോടെ സംസാരിക്കാന്‍ തയ്യാറായി. ആണ്‍ലോകം തയ്യാറാക്കി തന്ന രൂപത്തെ, നടപ്പിനെ, ഭാഷയെയൊക്കെ ഉപേക്ഷിക്കാനും, മാറ്റിപ്പണിയാനും ശ്രമിച്ചു തുടങ്ങി.
മുടി മുഴുവനായും മൊട്ടയടിച്ചു. രാത്രിയില്‍ ഏറെ യാത്ര ചെയ്തു. പുരുഷ സൗഹൃദങ്ങളെ ഒളിമറ ഇല്ലാതെ പുറത്തുകാട്ടി. അന്നേരം അനുഭവിച്ച സംഘര്‍ഷങ്ങളെ ചിരിച്ചു തള്ളി. കുടുംബത്തിലേക്ക് മെല്ലെ മെല്ലെ മാറ്റങ്ങളുണ്ടാക്കാന്‍ ശ്രമിച്ചു. താന്‍ അതുവരെ അനുഭവിച്ച ചില പ്രിവിലേജുകള്‍ ഒഴിവാക്കി എന്റെ പങ്കാളി അടുക്കളയില്‍ പണിയെടുക്കാനും, കുഞ്ഞിനെ പോറ്റാനുമൊക്കെ തുടങ്ങി.
എന്റെ വ്യത്യസ്തമായ ലോകത്തെ അംഗീകരിക്കാന്‍ അവന്‍ പതിയെ പതിയെ തയ്യാറായി. വീട്ടിലേക്കു മാത്രമായി ഞാന്‍ ചുരുങ്ങിപ്പോകുന്നുവെന്ന് തോന്നുമ്പോഴൊക്കെ, എന്റെ അധ്വാനത്തെ അംഗീകരിക്കാതിരിക്കുമ്പോള്‍ ഒക്കെ ഞാനവനോടും കലഹിക്കും. പിണങ്ങും. മകന്, ഒരാണ്‍കുട്ടിക്ക് എക്കാലവും കുടുബത്ത് നല്‍കുന്ന പരിഗണനകള്‍ കൊടുക്കാതെ വളര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരെ, ട്രാന്‍സ്‌ജെന്‍ഡേര്‍സ്, ഗേ, ലെസ്ബിയന്‍ തുടങ്ങിയ വ്യത്യസ്ത മനുഷ്യരെ അടുത്തറിയാന്‍ തുടങ്ങി. പുരുഷാധികാര വ്യവസ്ഥയുടെ ഇരകള്‍ തന്നെയാണ് പുരുഷനെന്നും, അവന്‍ പക്ഷേ അത് തിരിച്ചറിയാതിരിക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്നും മനസിലാക്കി.
കലഹിക്കാതെ തന്നെ അവനെ തിരുത്താനും, അവനോട് സംവദിക്കാനുമുള്ള ഇടങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ അവളെ മുറിപ്പെടുത്തുന്ന എല്ലാത്തരം അനീതികളോടും വിട്ടുവീഴ്ചയില്ലാതെ പൊരുതാന്‍ മടിച്ചതേയില്ല. പെണ്ണിന്റെ അനുഭൂതികളുടെ ലോകത്തെ മെല്ലെ തിരിച്ചറിഞ്ഞു.ശരീരത്തിന്റെ ആനന്ദങ്ങള്‍ തികച്ചും സ്വതന്ത്രമായി ആസ്വദിക്കാന്‍ പഠിച്ചു.
സിസ്റ്റര്‍ഹുഡ് അഥവാ സാഹോദര്യത്തിന്റെ കരുണ നിറഞ്ഞ ലോകത്തേക്ക് അതെന്നെ നയിച്ചു. ചിന്തിക്കുന്ന, ബുദ്ധിയുള്ള പെണ്ണുങ്ങളുമായതെനിക്ക് സൗഹൃദം നല്‍കി. സ്വാതന്ത്ര്യത്തിന്റെ ലോകം തിരിച്ചറിയാതെ പോയി ജീവിച്ചുതീര്‍ക്കുന്ന പെണ്ണുങ്ങളെ ചേര്‍ത്തുപിടിക്കാന്‍ അതെനിക്ക് കരുത്ത് തന്നു.
പെണ്ണിന്റെ പ്രശ്‌നങ്ങള്‍ തന്നെ വ്യത്യസ്തമാണെന്ന് ഫെമിനിസം എന്നെ പഠിപ്പിച്ചു. ദളിത് സ്ത്രീയുടെയും കറുത്ത വര്‍ഗ സ്ത്രീകളുടെയും പ്രശ്‌നങ്ങള്‍ മറ്റു സ്ത്രീകളില്‍ നിന്നും വ്യത്യസ്തമാണെന്ന് ഫെമിനിസ്റ്റുകള്‍ വിളിച്ചു പറഞ്ഞു. ആലീസ് വാക്കറുടെ വുമണിസം, പുതിയ കാഴ്ചകളിലേക്ക്, അനുഭവങ്ങളിലേക്ക് കൂട്ടികൊണ്ടു പോയി. ഹെട്രോസെക്ഷ്യല്‍ ഫെമിനിസ്റ്റുകളോട് ലെസ്ബിയന്‍സ് സ്ത്രീകളല്ല എന്ന മോണിക്ക വിറ്റിംഗിന്റെ തുറന്നടിക്കല്‍ അതുവരെയുള്ള ബോധത്തിനേറ്റ കനത്ത അടിയായി.
സ്വയം വിമര്‍ശനത്തെ, വൈവിധ്യത്തെ ഇത്രമേല്‍ ഉള്‍ക്കൊള്ളുന്ന മറ്റേത് പ്രസ്ഥാനമാണുള്ളത്! അവസാനത്തെ പെണ്ണും, അരികുവല്‍ക്കരിക്കപ്പെട്ട എല്‍.ജി.ബി.ടി വിഭാഗങ്ങളും ട്രാന്‍സ് മനുഷ്യരുമെല്ലാം വിമോചിപ്പിക്കപ്പെടും വരെ, അവരെല്ലാം സ്വാതന്ത്ര്യത്തിന്റെ, ജനാധിപത്യത്തിന്റെ പുതിയ ലോകത്തിലേക്കുണരും വരെ ആത്മാര്‍ത്ഥമായി നെഞ്ചില്‍ കൈവച്ച് തന്നെ പറയും, അതെ ഞാന്‍ ഫെമിനിസ്റ്റാണ്.
എന്ന്,
മുടിയെല്ലാം വെട്ടി, ഷര്‍ട്ടും ജീന്‍സുമൊക്കെ ഇട്ട്, ആണുങ്ങളാണെന്ന് തോന്നിപ്പിച്ച് സമരത്തിനിറങ്ങി നാടിന്റെ അന്തരീക്ഷം വികൃതമാക്കിയ ഒരുത്തി.
content highlight: smitha neravath about feminism