ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്ക് മേല്‍ ആധിപത്യമുറപ്പിച്ച് ഓസ്‌ട്രേലിയ. നിലവില്‍ 400ലധികം റണ്‍സിന്റെ ലീഡ് നേടിയാണ് ഓസീസ് കിരീടസാധ്യതകള്‍ സജീവമായിരിക്കുന്നത്.
ആദ്യ ഇന്നിങ്‌സില്‍ നേടിയ വമ്പന്‍ ലീഡിന് പിന്നാലെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് രണ്ടാം ഇന്നിങ്‌സിലും മികച്ച രീതിയില്‍ സ്‌കോര്‍ ഉയര്‍ത്തുകയാണ്. അര്‍ധ സെഞ്ച്വറി തികച്ച് ബാറ്റിങ് തുടരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്‌സ് കാരിയും 41 റണ്‍സ് നേടിയ മാര്‍നസ് ലബുഷാനും 34 റണ്ണടിച്ച സ്റ്റീവ് സ്മിത്തുമാണ് ഓസീസ് നിരയില്‍ നിര്‍ണായകമായത്.
ഓപ്പണര്‍ ഉസ്മാന്‍ ഖവാജ പുറത്തായതിന് ശേഷമാണ് സ്റ്റീവ് സ്മിത് നാലാമനായി ബാറ്റിങ്ങിനിറങ്ങിയത്. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി തികച്ച സ്മിത്തിന് രണ്ടാം ഇന്നിങ്‌സിലും ആ നേട്ടം ആവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് ആരാധകര്‍ കരുതി.
എന്നാല്‍ സ്മിത്താകട്ടെ, കളിക്കളത്തിലെ രസകരമായ സംഭവത്തിന് പിന്നാലെ വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങുകയാണ്.
21ാം ഓവറിനിടെയായിരുന്നു സംഭവം. ഉമേഷ് യാദവിന്റെ പന്ത് നേരിടാനിറങ്ങിയ സ്മിത്തിന്റെ ശ്രദ്ധ ചെന്നുപതിച്ചത് സൈഡ് സ്‌ക്രീനനിടുത്തേക്കാണ്. സൈഡ് സ്‌ക്രീനിന് സമീപമിരുന്ന ചുവന്ന കുപ്പായക്കാരന്‍ തന്റെ ശ്രദ്ധ തെറ്റിക്കുന്നുവെന്ന് സ്മിത് അമ്പയര്‍മാരോട് പറഞ്ഞു. ഇതിന് പിന്നാലെ ഗ്രൗണ്ടിലെ സെക്യൂരിറ്റി സ്റ്റാഫുകള്‍ ചുവന്ന ടി ഷര്‍ട്ട് ധരിച്ച ഇന്ത്യന്‍ ആരാധകനോട് മാറിയിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതോടെ സ്മിത്തിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴയാണ്. ചുവപ്പ് നിറത്തെ ഇത്രയും പേടിയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഈ മാസം നടക്കാനിരിക്കുന്ന ആഷസില്‍ സ്മിത്തിനെ തളയ്ക്കാനുള്ള വഴി കിട്ടിയെന്നും, സ്മിത് ബാറ്റിങ്ങിനിറങ്ങുമ്പോള്‍ ഇംഗ്ലണ്ട് ആരാധകര്‍ മുഴുവന്‍ ചുവന്ന കുപ്പായം ധരിക്കുമെന്നും ആരാധകര്‍ പറയുന്നു.
47 പന്തില്‍ നിന്നും മൂന്ന് ബൗണ്ടറിയടക്കം 34 റണ്‍സ് നേടിയാണ് സ്മിത് പുറത്തായത്. രവീന്ദ്ര ജഡേജയുടെ പന്തില്‍ ഷര്‍ദുല്‍ താക്കൂറിന് ക്യാച്ച് നല്‍കിയാണ് സ്മിത്തിന്റെ മടക്കം.
View this post on Instagram
അതേസമയം, നാലാം ദിവസം ഡ്രിങ്ക്‌സിന് പിരിയുമ്പോള്‍ ഓസീസിന് ഏഴാം വിക്കറ്റും നഷ്ടമായിരിക്കുകയാണ്. നിലവില്‍ 84 ഓവറില്‍ 269 റണ്‍സാണ് ഓസീസ് നേടിയത്. 57 പന്തില്‍ നിന്നും 41 റണ്‍സ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ വിക്കറ്റാണ് ഓസീസിന് അവസാനമായി നഷ്ടമായത്. മുഹമ്മദ് ഷമിയുടെ പന്തില്‍ വിരാടിന്റെ കയ്യിലൊതുങ്ങിയാണ് സ്റ്റാര്‍ക് പുറത്തായത്.
104 പന്തില്‍ നിന്നും എട്ട് ബൗണ്ടറിയടക്കം 66 റണ്‍സ് നേടിയ അലക്‌സ് കാരിയും മൂന്ന് പന്തില്‍ നിന്നും അഞ്ച് റണ്‍സുമായി അലക്‌സ് കാരിയുമാണ് ക്രീസില്‍. നിലവില്‍ 443 റണ്‍സിന്റെ ലീഡാണ് ഓസീസിനുള്ളത്.
Content Highlight: Smith trolled after asking Indian spectator in red dress to move from his seat