ജൊഹന്നാസ്ബര്‍ഗ്: ഓസീസും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് മത്സരത്തിനിടെയായിരുന്നു പന്തില്‍ കൃത്രിമത്വം കാട്ടിയ കുറ്റത്തിനു ഓസീസ് താരങ്ങള്‍ പിടിയിലാകുന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിനൊടുവില്‍ സ്റ്റീവ് സ്മിത്തിനും വാര്‍ണര്‍ക്കും ബാന്‍ക്രോഫ്ടിനും വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ സംഭവത്തില്‍ ഇതുവരെ പരസ്യ പ്രതികരണം നടത്താതിരുന്ന ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡൂപ്ലെസി ഒടുവില്‍ മൗനം വെടിഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.
സ്മിത്തിനോട് സഹതാപമുണ്ടെന്ന് വ്യക്തമാക്കിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍, ഓസീസ് ക്യാപ്റ്റന് വിധിച്ച ശിക്ഷ കൂടിപ്പോയെന്നും വിമര്‍ശിച്ചു. “ഭ്രാന്തമായ ആഴ്ചയാണ് കഴിഞ്ഞുപോയത്. അദ്ദേഹം കടന്നുപോകുന്ന അവസ്ഥയോട് എനിക്ക് സഹതാപം ഉണ്ട്. അദ്ദേഹം നല്ലൊരു മനുഷ്യനാണ്. എന്നാല്‍ മോശപ്പെട്ട അവസ്ഥയില്‍ പിടിക്കപ്പെട്ടുവെന്നാണ് ഞാന്‍ കരുതുന്നത്,” ഡുപ്ലെസിസ് പറഞ്ഞു.
“ഞാന്‍ അദ്ദേഹത്തിന് ഒരു സന്ദേശമയച്ചിട്ടുണ്ട്. ഹൃദയത്തിന്റെ ആഴത്തില്‍ നിന്നുളള വേദനയില്‍ നിന്നാണ് ഞാനത് അയച്ചത്. ഇത്തരം അവസ്ഥയിലൂടെ ആളുകള്‍ കടന്നുപോകുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. വരും ദിവസങ്ങള്‍ അദ്ദേഹത്തെ കൂടുതല്‍ വിഷമിപ്പിച്ചേക്കാം. അതിനാലാണ് അദ്ദേഹത്തിന് ഞാനെന്റെ പിന്തുണ അറിയിച്ചത്. അദ്ദേഹം ശക്തനായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു,” ഡുപ്ലെസിസ് പറഞ്ഞു.
ഐ.സി.സി തങ്ങളുടെ ശിക്ഷ പുന:പരിശോധിക്കുമെന്ന തീരുമാനത്തെ സ്വാഗതം ചെയ്താണ് ഡുപ്ലെസിസ് സംസാരിച്ചത്. “ശിക്ഷ കൂടുതലാണെന്ന് ഞാന്‍ കരുതുന്നു. സ്ഥിരതയ്ക്ക് വേണ്ടിയാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. ഇവിടെ ഒരുപാട് കാലപ്പഴക്കമുളള പലതുമുണ്ട്,” ഡുപ്ലെസിസ് പറഞ്ഞു.
താരങ്ങള്‍ കൃത്രിമത്വം കാട്ടിയതിനെത്തുടര്‍ന്ന് ഓസീസ് പരിശീലകന്‍ ഡാരെന്‍ ലേമാനും കഴിഞ്ഞദിവസം രാജി പ്രഖ്യാപിച്ചിരുന്നു. ഇന്നലെ വാര്‍ത്താ സമ്മേളനം നടത്തിയ സ്മിത്തും അതിവൈകാരികമായാണ് സംസാരിച്ചത്.