| Wednesday, 12th July 2023, 12:50 pm

'മോളെ കൊണ്ട് വീട്ടുജോലി ചെയ്യിക്കുന്നത് നിര്‍ബന്ധമാണ്, ബാങ്ക് ജോലിക്കാരെക്കാളും ശമ്പളമാണ് വീട്ടുജോലിക്കാര്‍ക്ക്'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മകളെ കൊണ്ട് വീട്ടിലെ പണിയെടുപ്പിക്കുന്നത് തനിക്ക് നിര്‍ബന്ധമുള്ള കാര്യമാണെന്ന് നടി സ്മിനു സിജോ. എവിടെ പോയാലും വീട്ടില്‍ വന്ന് ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് തന്റെ ഭര്‍ത്താവെന്നും അത് താന്‍ ഉണ്ടാക്കി വിളമ്പുന്നതുകൊണ്ടാണെന്നും സ്മിനു പറഞ്ഞു. മകളേയും മകനേയും കൊണ്ട് പണി ചെയ്യിപ്പിക്കാറുണ്ടെന്നും പക്ഷേ മകനൊരു കണ്‍സിഡറേഷന്‍ കൊടുക്കുമെന്നും സ്മിനു കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിന് മുമ്പ് നല്‍കിയ അഭിമുഖത്തിലെ ഭാഗങ്ങളാണ് ശ്രദ്ധ നേടുന്നത്. ജോ ആന്‍ഡ് ജോയിലെ അനുഭവങ്ങള്‍ പങ്കുവെക്കവേയാണ് താരത്തിന്റെ പരാമര്‍ശങ്ങള്‍.

‘എന്റെ വീട് പോലെയായിരുന്നു. അതില്‍ ഞാന്‍ ജീവിക്കുകയായിരുന്നു. എന്റെ മോളെ കൊണ്ട് പണിയെടുപ്പിച്ചിരിക്കും. അത് നിര്‍ബന്ധമാണ്. പക്ഷേ അതുകൊണ്ട് ഒരു ഗുണമുണ്ട്. ഞാന്‍ ഷൂട്ടിന് പോയാലും വീട്ടിലെ സര്‍വ പണിയും എന്റെ മോളാണ് ചെയ്യുന്നത്. ഇന്നത്തെ കാലത്ത് ബാങ്ക് ജോലിക്കാരെക്കാളും ശമ്പളം വീട്ടുജോലിക്കാര്‍ക്ക് കൊടുക്കണം.

മക്കള്‍ക്കും ഭര്‍ത്താക്കന്മാര്‍ക്കും നമ്മുടെ കൈ കൊണ്ട് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നത് ഒരു സുഖമല്ലേ. വീട്ടിലെ പണികള്‍ കൃത്യമായി അടുക്കും ചിട്ടയോടെയും ചെയ്യാന്‍ പഠിച്ചാല്‍ വേറെ ജോലിക്കാര്‍ക്ക് കൊടുക്കുന്ന പൈസ കൊണ്ട് നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വല്ലതും വാങ്ങിക്കൊടുക്കാം. അല്ലെങ്കില്‍ സേവ് ചെയ്യാം. ആരോഗ്യത്തോടെയും ഇരിക്കാം. ഇന്ന് മിക്‌സി ഉണ്ട്, വാഷിങ് മെഷീനുണ്ട്, പാത്രം കഴുകിവെക്കാന്‍ സാധനമുണ്ട്, അതിലേക്ക് ഇട്ടുകൊടുക്കുന്ന പരിപാടി അല്ലേ ഉള്ളൂ. ഒന്ന് മേല്‍നോട്ടം നടത്തണം. അതുകൂടി ചെയ്യാന്‍ മേലെങ്കില്‍ പിന്നെ എന്തിനാണ് മനുഷ്യനായി ജീവിക്കുന്നത്.

എന്റെ മോന്‍ എവിടെ പോയാലും അമ്മാ മീന്‍കറി ഒന്ന് വെക്ക്, ചോറ് ഉണ്ടാക്കി വെക്ക് എന്നൊക്കെ വിളിച്ച് പറയും. ഞാന്‍ ഉണ്ടാക്കുന്ന ഭക്ഷണം എന്റെ മകന്‍ സ്‌നേഹിക്കുന്നു എന്ന് പറയുന്നത് അഭിമാനമാണ്. ഭര്‍ത്താവാണെങ്കിലും എവിടെ പോയാലും വീട്ടില്‍ വന്ന് ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ്. അത് ഞാന്‍ ഉണ്ടാക്കുന്നതുകൊണ്ടും വിളമ്പുന്നതുകൊണ്ടുമാണ്. ജോലിക്കാരിയെക്കൊണ്ട് ഉണ്ടാക്കാനാണെങ്കില്‍ പിന്നെ എന്തിനാണ് കുടുംബത്തിന്റെ ആവശ്യം, ഹോട്ടലിനെ ആശ്രയിച്ചാല്‍ പോരേ. എല്ലാവരുടെയും കാര്യമല്ല, ഞാന്‍ കാണുന്ന എന്റെ കാര്യങ്ങളാണ് പറയുന്നത്.

അതുകൊണ്ട് എന്റെ മോളെ കണ്ടാല്‍ ഞാന്‍ പണിയെടുപ്പിക്കും. അതൊരു സുഖമുള്ള പരിപാടിയാണ്. എന്റെ മോളേയും മോനേയും കൊണ്ട് ഞാന്‍ ചെയ്യിപ്പിക്കും. പക്ഷേ മകനൊരു കണ്‍സിഡറേഷന്‍ കൊടുക്കും. ഞാന്‍ അങ്ങനെ ചെയ്യട്ടെ, ഇങ്ങനെ ചെയ്യട്ടെ എന്ന് ചോദിച്ച് അവന്‍ ചെയ്തതാണ്.

(അവതാരകയോട്) ഒരു കുടുംബമായി കഴിയുമ്പോള്‍ ഇതെല്ലാം മനസിലാവും. ഒരു കുഞ്ഞിന് ജന്മം കൊടുത്ത് കഴിയുമ്പോഴേ അത് മനസിലാവുകയുള്ളൂ. ഇന്ന് മനസിലാവില്ല. ഇപ്പോള്‍ പ്രായത്തിന്റേതായ തോന്നലുകളുണ്ടാവും,’ സ്മിനു പറഞ്ഞു.

Content Highlight: sminu sijo about family and doughtar

We use cookies to give you the best possible experience. Learn more