|

ചിമ്പാന്‍സികളുടെ ചിരിക്കു പിന്നില്‍ സന്തോഷമല്ല ; പഠനം പറയുന്നതിങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മൃഗശാലകളില്‍ കാണുന്ന ചിമ്പാന്‍സികളെ കാണാന്‍ നമുക്കെല്ലാം ഇഷ്ടമാണ്. മനുഷ്യരോട് ഇടപഴകുന്ന ഗോഷ്ടികള്‍ കാണിച്ച് ചിരിപ്പിക്കുന്ന ചിമ്പാന്‍സികള്‍ക്ക് ലോകമെമ്പാടും ആരാധകരേറെയാണ്.

ഉദാഹരണത്തിന് മിയാമിയിലെ മൃഗശാലയിലെ സിംബാനി എന്ന ചിമ്പാന്‍സി ലോകപ്രശസ്തനാണ്്. ക്യാമറയെ നോക്കി പല്ലുകാട്ടി ചിരിക്കുന്ന ലിംബാനി സോഷ്യല്‍മീഡിയയിലെ താരവുമാണ്. ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടുള്ള ലിംബാനിയുടെ ചിത്രങ്ങള്‍ നിമഷനേരം കൊണ്ടാണ് വൈറലാവുന്നത്.

ഗിറ്റാര്‍ വായിക്കുന്ന, മനുഷ്യരെ പോലെ വസ്ത്രം ധരിക്കുന്ന ലിംബാനിക്കൊപ്പം മൃഗശാല സന്ദര്‍ശിക്കുന്നവര്‍ക്ക് പത്തു മിനുട്ട് ഇടപഴകണമെങ്കില്‍ 700 ഡോളറാണ് നല്‍കേണ്ടത്.

എന്നാല്‍ നിരന്തരം മനുഷ്യരുമായി ഇടപെടുമ്പോള്‍ ലിംബാനിക്കുണ്ടാവുന്ന മാനസിക സംഘര്‍ഷങ്ങളെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ചിമ്പാന്‍സി, കുരങ്ങുവര്‍ഗങ്ങളെ പറ്റി പഠിക്കുന്ന വിദഗ്ദ സംഘം.

ഇങ്ങനെ മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നത് ലിംബാനിക്കു മാത്രമല്ല. മൃഗശാലകളിലും സിനിമകളിലും കാണുന്ന ചിമ്പാന്‍സികള്‍ക്ക് സമാന അവസ്ഥയാണുണ്ടാവുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇത്തരം ചിമ്പാന്‍സികളെ വളരെ ചെറിയ പ്രായത്തില്‍ തന്നെ അവരുടെ അമ്മമാരില്‍ നിന്നും വേര്‍പെടുത്തുന്നതായിരിക്കും. പ്രത്യേക പരിശീലനം നല്‍കി പരുവപ്പെടുത്തുന്ന ഇവരുടെ അവസാന കാലം പലപ്പോഴും ദയനീയമായിരിക്കും.

ഉദാഹരണത്തിന് ഹോളിവുഡ് നടന്‍ ലിയാനാര്‍ഡോ ഡികാപ്രിയോയുടെ ‘ദ വോള്‍ഫ് ഓഫ് വാള്‍ സ്ട്രീറ്റ്’ എന്ന ചിത്രത്തില്‍ അഭിനയിപ്പിച്ച ചിമ്പാന്‍സി ആ സിനിമയ്ക്ക് ശേഷം തെരുവിലുള്ള മൃഗശാലയിലേക്ക് തള്ളപ്പെടുകയാണുണ്ടായത്. ഈ മൃഗശാലയില്‍ ആ ചിമ്പാന്‍സി കര്‍ക്കശമായ പരിശീലന മുറകള്‍ക്ക് വിധേയമായി എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മൃഗശാലകളില്‍ കാണുന്ന ചിമ്പാന്‍സികളുടെ ചിരിയെ പറ്റി നടത്തിയ പഠനത്തില്‍ ഇവയില്‍ മിക്ക ചിമ്പാന്‍സികളും യഥാര്‍ത്ഥത്തില്‍ ഭയം മൂലമോ അല്ലെങ്കില്‍ അനുസരണയുടെയോ സൂചനയായാണ് ഇങ്ങനെ വാ തുറന്ന് ചിരിക്കുന്നത്.

ഈ ദുരവസ്ഥ കുരങ്ങു വര്‍ഗത്തിനു മാത്രമല്ല മനുഷ്യര്‍ പരിശീലിപ്പിക്കുന്ന ആനകള്‍ക്കും ഇതു തന്നെയാണ് അവസ്ഥ.

സോഷ്യല്‍ മീഡിയയില്‍ ചിമ്പാന്‍സികളുടെ ചിത്രങ്ങള്‍ പ്രചരിക്കുമ്പോള്‍ ഇവര്‍ സന്തോഷവാരാണെന്നും ഇവരുടെ ആവാസ വ്യവസ്ഥയ്ക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് ജനങ്ങള്‍ തെറ്റിദ്ധരിക്കുന്നു.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്വര്‍ നടത്തിയ പഠനത്തില്‍ 10 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയിലുണ്ടായിരുന്ന ചിമ്പാന്‍സികളുടെ എണ്ണം കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ മൂന്ന് ലക്ഷത്തിഅമ്പതിനായിരം ആയി കുറയുകയാണുണ്ടായത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മാത്രവുമല്ല ഇത്തരം മൃഗങ്ങളുടെ ചിത്രങ്ങള്‍ കാണുന്നവര്‍ക്ക് ഇവയെ അരുമയായി വളര്‍ത്താന്‍ താല്‍പര്യപ്പെടുകയും ചെയ്യുന്നു. ഉദാഹരണത്തിന് സോഷ്യല്‍ മീഡിയയുടെ അതി പ്രസരത്തോടെ ജപ്പാനില്‍ നീര്‍നായകളെ വളര്‍ത്താനഗ്രഹിക്കുന്നവരുടെ എണ്ണം കൂടി വരുകയാണെന്നാണ് ഇത് സംബന്ധിച്ച് നടത്തിയ സര്‍വ്വേ വ്യക്തമാക്കുന്നത്. ഇത് ഈ ജീവികളുടെ നിലനില്‍പ്പിനെ തന്നെ കാര്യമായി ബാധിക്കുന്നു.

ഓണ്‍ലൈന്‍ മുഖേന ഇത്തരം മൃഗങ്ങളുടെ അനധികൃത വില്‍പ്പനയും നടക്കുന്നുണ്ട്.

ഉദാഹരണത്തിന് 2017 ല്‍ ഫ്രാന്‍സ്, ജര്‍മ്മനി, റഷ്യ, യു.കെ എന്നീ രാജ്യങ്ങളില്‍ നീര്‍നായ, ആമ, തത്ത, മൂങ്ങ, കാട്ടു പൂച്ച, കുരങ്ങുകള്‍ എന്നിങ്ങനെ സംരക്ഷിത വിഭാഗത്തിലുള്ള 11000 ജീവികളുടെ അനധികൃത വില്‍പ്പന വെറും ഒരാഴ്ചയ്യക്കുള്ളില്‍ നടന്നിട്ടുണ്ടെന്നാണ് ഓണ്‍ലൈന്‍ മുഖേന വന്ന 5000 പരസ്യങ്ങളിലൂടെയാണ് ഈ വില്‍പ്പന നടന്നത്.

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉള്‍പ്പെടുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ സംരക്ഷിത മൃഗങ്ങളുടെ വില്‍പ്പന 2017 ല്‍ നിരോധിച്ചതാണെങ്കിലും ഈ നിയമങ്ങളൊന്നും കൃത്യമായി പ്രാബല്യത്തില്‍ നടപ്പിലാവുന്നില്ല എന്നാണ് വാസ്തവം.