ന്യൂയോര്‍ക്ക്: എസ്.എം.എസുകളിലും ഇ-മെയിലിലുമൂടെ ലോകത്തെ മുഴുവന്‍ ചിരിപ്പിക്കുകയും കളിയാക്കുകയും ചെയ്ത സ്‌മൈലിയ്ക്ക് മുപ്പത് വയസ്സ്. 1982 സെപ്റ്റംബര്‍ 19 നാണ് പീറ്റ്‌സ് ബെര്‍ഗിലെ കാര്‍ണഗി മെലന്‍ സര്‍വകലാശാല അധ്യാപകന്‍ സ്‌കോട് ഫാല്‍മാന്‍ ആദ്യമായി സ്‌മൈലിയെ ലോകത്തിന് പരിചയപ്പെടുത്തിയത്. സ്‌കോട് സര്‍വകലാശാല ഓണ്‍ലൈന്‍ ബുള്ളറ്റിന്‍ ബോര്‍ഡിലേക്കയച്ച ഇ-മെയിലിലാണ് ആദ്യമായി സ്‌മൈലി എത്തുന്നത്.[]
ബുള്ളറ്റിനിലെ ചില തമാശകള്‍ മനസ്സിലാക്കാതെ ആളുകള്‍ പ്രകോപിതരാകുന്നത് ഒഴിവാക്കാനാണ് സ്‌കോട് ആദ്യമായി :-) ചിഹ്നം ഉപയോഗിച്ചത്. താന്‍ പറയുന്നത് ഗൗരവമുള്ള കാര്യമല്ലെന്ന് കാണിക്കാനായിരുന്നു സ്‌കോട് ഈ ചിഹ്നം ഉപയോഗിച്ചത്.
ഒരു ചെറിയ ചിരിയില്‍ തുടങ്ങിയ സ്‌മൈലി ഇന്ന് കിടിലന്‍ വേഷത്തിലാണ് വെബ്‌ലോകത്തെ താരമായി നില്‍ക്കുന്നത്. കോട്ടും സ്യൂട്ടും തൊപ്പിയും കണ്ണടയും ധരിച്ച സ്‌മൈലി വരെ ഇന്ന് എല്ലാവര്‍ക്കും സുപരിചിതമാണ്.
അതേസമയം, ലോകം മുഴുവന്‍ കൊണ്ടുനടക്കുന്ന സ്‌മൈലിയുടെ പിതാവായ തനിക്ക് അതില്‍ നിന്നും യാതൊരു വരുമാനവും ലഭിച്ചിട്ടില്ലെന്നാണ് സ്‌കോട് പറയുന്നത്.