കൊല്ലം: കൊല്ലം ജില്ലയിലെ പതാരം എസ്.എം.എച്ച്.എസ് സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്ത് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ വിവാദമാകുന്നു. വിളച്ചിലെടുത്താല്‍ നെഞ്ചിന്‍കൂട് ചവിട്ടി പൊളിക്കും എന്ന് പറയുന്ന പോസ്റ്ററിന്റെ ഒപ്പം തേച്ചിട്ടുപോകുന്ന പെണ്‍കുട്ടികള്‍ക്ക് മുന്നറിയിപ്പ് കൊടുക്കുന്നത് പോണ്‍ നായകന്റെ പടം ചേര്‍ത്തുവെച്ചാണ്.
സിനിമ താരങ്ങളുടെ പഞ്ച് ഡയലോഗുകളും ചിത്രങ്ങളുമായിട്ടാണ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം താക്കീതുകളുമായുള്ള രണ്ട് ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ സ്‌കൂളിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അപകടകരമായ പ്രവണതയാണിതെന്നും പെട്ടന്നുതന്നെ സ്‌കൂള്‍ അധികൃതര്‍ നടപടിയെടുക്കണമെന്നും നിരവധി പേര്‍ സോഷ്യല്‍ മീഡിയ വഴി ആവശ്യപ്പെട്ടിട്ടുണ്ട്.
സയന്‍സ് കിങ്‌സ് എന്ന ഗ്രൂപ്പ് വെച്ച ഫ്‌ളെക്‌സില്‍ “Welcome to സെന്‍ട്രല്‍ ജയില്‍” എന്ന പേരാണ് തുടക്കത്തില്‍ തന്നെ കൊടുത്തിരിക്കുന്നത്. 2nd Commerce ചേട്ടന്മാര്‍ എന്ന ഗ്രൂപ്പിന്റെ ബോര്‍ഡിലാണെങ്കില്‍ “അനിയന്മാര്‍ക്കും നിങ്ങടെ പെങ്ങന്മാര്‍ക്കും സ്വാഗതം” എന്നും.
തേപ്പുകാരികളുടെ ശ്രദ്ധക്ക് എന്നു പറഞ്ഞു തുടങ്ങുന്ന രണ്ടു പോസ്റ്ററുകളിലെയും വാചകങ്ങളാണ് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. “അണിഞ്ഞൊരുങ്ങി വരുന്ന പെണ്‍കുട്ടികളുടെ ശ്രദ്ധയ്ക്ക്, പണിയറിയാവുന്ന മേശരിമാര്‍ ഞങ്ങള്‍ക്കിടയിലുണ്ട്” എന്നാണ് ഫ്‌ളക്‌സിലെ വാചകം. പോണ്‍ വീഡിയോ താരം ജോണി സിന്‍സിന്റെ ചിത്രത്തിനൊപ്പമാണ് ഈ വാചകങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കടുത്ത സ്ത്രീവിരുദ്ധമാണ് അതിലെ വാചകങ്ങള്‍ എന്നും സെക്‌സ് എഡ്യുകേഷന്റെ അഭാവമാണ് ഇതിലെല്ലാം നിറഞ്ഞുനില്‍ക്കുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്. പെണ്‍കുട്ടികളോടുള്ള പ്രതികാരത്തിനും പക പോക്കലിനുമുള്ള ആയുധമായും അവരെ “നിലയ്ക്കു നിര്‍ത്തുന്നതിനുള്ള”മാര്‍ഗമായും സെക്‌സിനെ പതിനാറുകാര്‍ കാണുന്നത് അത്യന്തം ഖേദകരവും ആശങ്കാജനകവുമാണെന്നും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ആട് തോമയും അങ്കമാലി ഡയറീസിലെ പെപ്പെയും കൂട്ടരും പ്രേമത്തിലെ ജോര്‍ജുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന രണ്ട് ബോര്‍ഡിലും സിനിമ ഡയലോഗുകളായും അല്ലാതെയുമുള്ള താക്കീതുകളാണ് മുഴുവന്‍.
“പഠിക്കാന്‍ വന്നാല്‍ പഠിച്ചിട്ട് പോണം, ഇങ്ങോട്ട് ചൊറിയാന്‍ വന്നാല്‍ നീയല്ല, നിന്റെ തന്ത വന്നാലും ഞങ്ങള്‍ക്ക് ഒരേ മൈന്റാ” “മൊട വേണ്ട കേട്ടാ, തടി കേടാകും” “നിയമപരമായ മുന്നറിയിപ്പ്, വിളച്ചില്‍ is injurious to health” തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററില്‍ നിറയെ.
സമൂഹം സൃഷ്ടിച്ചെടുത്ത ആണിന്റെയും പെണ്ണിന്റെയും വാര്‍പ്പ് മാതൃകകളെ ഊട്ടിയുറപ്പിക്കുന്നവയാണ് ഇത്തരം പ്രവണതകള്‍. ഇക്കാര്യങ്ങള്‍ വിദ്യാര്‍ത്ഥികളെ പറഞ്ഞു ബോധ്യപ്പെടുത്തണമെന്നും അല്ലാതെ പോണ്‍ സ്റ്റാറിന്റെ പടം വന്നെന്നും പറഞ്ഞ് പിന്നെയും കുട്ടികള്‍ക്ക് സെക്‌സിനെയും ജെന്‍ഡറിനെയും കുറിച്ച് വൃത്തികെട്ട കെട്ടുകഥകള്‍ പറഞ്ഞുകൊടുക്കരുതെന്നും അരുതായ്മ മാത്രമായി സെക്‌സിനെ കാണിക്കരുതെന്നും സോഷ്യല്‍ മീഡിയില്‍ പറയുന്നു.