| Saturday, 7th May 2022, 8:05 pm

സന്തോഷ് ട്രോഫിയിലെ സന്തോഷം തരാത്ത ചില കാര്യങ്ങള്‍

സമീര്‍ പിലാക്കല്‍

എല്ലാവരും വലിയ സന്തോഷാരവങ്ങളോടുകൂടി സന്തോഷ് ട്രോഫിയിലൂടെ കടന്നുപോയപ്പോള്‍ ആ സമയത്ത് പറയാതെ പിന്നീട് പറയുന്നതാവും ഉചിതമെന്ന് കരുതി മാറ്റി വെച്ച ചില കാര്യങ്ങളുണ്ട്. അതിവിടെ ഇപ്പോള്‍ കുറിക്കാമെന്ന് കരുതി.

ആദ്യമൊരു ചോദ്യമാവാം..

വിരലിലെണ്ണിയാലൊതുങ്ങാത്ത ദേശീയ താരങ്ങളെയും സന്തോഷ് ട്രോഫി താരങ്ങളെയും ഫുട്‌ബോളിന് സമ്മാനിച്ച, ഫുട്‌ബോളെന്നാല്‍ ജീവന്‍ തന്നെയായി കാണുന്ന മലപ്പുറത്ത് ഒരു സന്തോഷ് ട്രോഫി ടൂര്‍ണമെന്റ് വരാന്‍ എന്തേ എഴുപത്തിയഞ്ച് വര്‍ഷം കാത്തിരിക്കേണ്ടി വന്നു?
എന്നിട്ടും പരിഭവമോ പരാതികളോ ഇല്ലാതെ കൊടും വേനലിലെ നീണ്ട വ്രതവുമെടുത്തെത്തിയ കാണികളോട് ശരാശരി നീതി പുലര്‍ത്താന്‍ ബന്ധപെട്ടവര്‍ക്ക് കഴിഞ്ഞോ?

പലതും ആഘോഷിക്കപ്പെടുമ്പോഴും അതിലേക്ക് നയിക്കുന്ന അല്ലെങ്കില്‍ അതിന് പിന്നിലുള്ള ദുരവസ്ഥ ചര്‍ച്ച ചെയ്യപ്പെടാതെ പോവുന്നുണ്ട്.ഇരുപത്തിയയ്യായിരത്തോളം മാത്രം കപ്പാസിറ്റിയുള്ള സ്റ്റേഡിയത്തിലേക്ക് പതിനായിരക്കണക്കിന് അധിക ടിക്കറ്റുകള്‍ വില്‍പനയ്ക്ക് വെച്ച് മലപ്പുറത്തിന്റെ ഫുട്ബാള്‍ കമ്പത്തെയും ആവേശത്തെയും ഹൈജാക്ക് ചെയ്‌തോ എന്നൊരു ന്യായമായ സംശയമുണ്ട്.

എട്ട് മണിക്കുള്ള മത്സരത്തിന് രണ്ട് മണിക്ക് തന്നെ സ്റ്റേഡിയത്തിന് പുറത്ത് വരി നില്‍ക്കുന്നത്, അഞ്ചു മണിക്ക് ഗേറ്റ് അടക്കേണ്ടി വരുന്നത്, ക്യാഷ് കൊടുത്ത് ടിക്കറ്റ് വാങ്ങിയിട്ടും ഉള്ളിലേക്ക് കയറാന്‍ കഴിയാതെ ഗേറ്റില്‍ തിക്കും തിരക്കും കൂട്ടുന്നത്, നമ്മളടക്കമുള്ളവര്‍ അതിനെ വലിയ വായയില്‍ ഗ്ലോറിഫൈ ചെയ്ത് ഇതാണ് മലപ്പുറം ഇതാണ് ഫുട്ബാള്‍ ആവേശം എന്ന് എത്ര പറഞ്ഞാലും കളി കാണാന്‍ കയ്യില്‍ ടിക്കറ്റുണ്ടായിട്ടും അവകാശമുണ്ടായിട്ടും പുറത്ത് നിര്‍ത്തപ്പെട്ടവരുടെ മാനസികാവസ്ഥയൊന്ന് ആലോചിച്ചു നോക്കൂ.

ഇരുപത്തിയാറായിരം അറ്റന്‍ഡന്‍സാണ് കേരളം – ബംഗാള്‍ ഫൈനല്‍ മത്സരത്തില്‍ ഒഫിഷ്യലായി അനൗണ്‍സ് ചെയ്തത്. എന്നാല്‍ മിനിമം മുപ്പത്തിരണ്ടായിരം പേരെങ്കിലും ഉള്ളില്‍ കയറിയിട്ടുണ്ട് എന്നതാണ് വസ്തുത. അപ്പോഴും പുറത്ത് നില്‍ക്കുന്നത് ആയിരങ്ങള്‍. അതില്‍ ഭൂരിഭാഗവും ടിക്കറ്റ് എടുത്തവര്‍.

ഫൈനല്‍ മത്സരം കാണാന്‍ എഴുപതോ എണ്‍പതോ പ്രായമുള്ള ഒരു വന്ദ്യവയോധികന്‍ വളരെ കഷ്ടപ്പെട്ട് മതിലെടുത്ത് ചാടുന്നതും ചുറ്റുമുള്ളവര്‍ കയറാന്‍ സഹായിക്കുന്നതും ബി.ജി.എമ്മും കൊടുത്ത് റീല്‍സായി സമൂഹമാധ്യമങ്ങളില്‍ വൈറലായത് നിങ്ങള്‍ കണ്ടിട്ടുണ്ടാവും.
പ്രായം തളര്‍ത്താത്ത മലപ്പുറത്തെ കാക്കയായി അതിനെ വര്‍ണിച്ചാലും ടിക്കെറ്റെടുത്ത് കളി കാണാന്‍ വന്നിട്ടും സൗകര്യപൂര്‍വം കളി കാണാന്‍ കഴിയാത്ത അയാളുടെ അവസ്ഥ സിസ്റ്റത്തിന്റെ പോരായ്മ തന്നെ അല്ലെ?

അവസാന ദിവസം ടിക്കറ്റുമായി ഒരു ബസ് നിറയെ എവിടെ നിന്നോ അക്കാദമി കുട്ടികള്‍ വന്നിരുന്നു. ആറ് മണിക്കെത്തിയിട്ടും ഗാലറിയില്‍ സീറ്റ് ഫുള്ളായതിനാല്‍ അവര്‍ക്ക് മടങ്ങേണ്ടി വന്നു. കളി കാണാന്‍ വരുമ്പോള്‍ ആ കുട്ടികള്‍ എത്രമാത്രം മനകോട്ട കെട്ടിയിട്ടുണ്ടാവും. ആരതിന് ഉത്തരവാദികളാവും?

ടൂര്‍ണമെന്റ് മുഴുവനും ഓള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന്റെ മീഡിയ പ്രതിനിധിയുടെ റോളില്‍ ഗ്രൗണ്ടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. ടിക്കറ്റെടുത്തിട്ടും കയറാന്‍ പറ്റാത്തവര്‍ എന്തെങ്കിലും വഴിയുണ്ടോ എന്ന് ചോദിച്ചു വിളിക്കുമ്പോള്‍ എന്ത് ചെയ്യാന്‍ പറ്റും? പരിമിതിയില്‍ നിന്ന് ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യാന്‍ ശ്രമിച്ചിട്ടും പലപ്പോഴും നിസ്സാഹയവസ്തയായിരുന്നു. പൂട്ടിയിട്ട വാതിലിന് പുറത്ത് ടിക്കറ്റുമായി കയ്യില്‍ ആറോ ഏഴോ വയസ്സുള്ള കുട്ടിയേയും പിടിച്ച് ഒരു ഉപ്പൂപ്പ സെക്ക്യൂരിറ്റിക്കാരോട് അപേക്ഷിക്കുന്നുണ്ടായിരുന്നു. മോനെ ഒന്ന് ഗ്രൗണ്ട് കാണിച്ചു പുറത്തിറങ്ങാമെന്ന്.

ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ലാത്തതിനാല്‍ എങ്ങനെ ഇതിനെയെല്ലാം നേരിടുമെന്നറിയാതെ സെക്യൂരിറ്റിക്കാരും പോലീസുകാരും. ഒരു പരിധിക്കപ്പുറം അവരും നിസ്സഹായരാണ്.

ഇവിടെ സര്‍ക്കാരിനെയോ അസോസിയേഷനെയോ ആരെയും പഴിചാരുകയല്ല.

ടൂര്‍ണമെന്റ് ഭംഗിയായി നടന്നു. ചില അഭംഗികള്‍ കൂടി തീര്‍ത്ത് ഭാവിയില്‍ ഇതിലും ഭംഗിയായി ടൂര്‍ണമെന്റുകള്‍ മാറാന്‍ വേണ്ടിയാണ്. കഷ്ടപ്പെട്ട് ക്യാഷ് മുടക്കി ടിക്കറ്റെടുത്ത് കളി കാണാന്‍ വന്നവരെ ലാത്തി വെച്ച് ഓടിക്കുന്ന സിസ്റ്റം സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റല്ല. കളിയെ ഇത്രമാത്രം ആളുകളിലെത്തിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കും അനിഷ്ട സംഭവങ്ങളുണ്ടായിട്ടുണ്ട്.

ഇത് ഫുട്‌ബോളാണ്. കളിയിലെന്ന പോലെ നടത്തിപ്പിലും അതിന്റെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റും ജനാധിപത്യവും പുലര്‍ത്തേണ്ടതുണ്ട്. ഗാലറിക്കനുസരിച്ച് ടിക്കറ്റ് കൊടുക്കുക എന്നത് ഒരു പരിധി വരെ മലപ്പുറത്തെ സെവന്‍സ് ടൂര്‍ണമെന്റ് വരെ പുലര്‍ത്തുന്ന മര്യാദയാണ്.

ടിക്കറ്റെടുത്ത് പുറത്ത് നിന്നവര്‍ക്കും ടിക്കറ്റ് കിട്ടാതെ പുറത്ത് നിരാശരായി നിന്നവര്‍ക്കും ഒരു ബിഗ് സ്‌ക്രീന്‍ വെച്ചെങ്കിലും ഗ്യാലറിക്ക് പുറത്ത് കളി കാണാന്‍ അവസരമൊരുക്കാമായിരുന്നു.

പത്ത് വര്‍ഷം മുമ്പ് ഇതേ മൈതാനത്ത് തന്നെയാണ് ഫെഡറേഷന്‍ കപ്പ് നടക്കുന്നത്. അന്നും ഇത് പോലെ തിക്കും തിരക്കുമുണ്ടായിരുന്നു. അത്യാധുനിക മൈതാനമായിട്ടും വികസിപ്പിക്കാന്‍ വേണ്ടതിലേറെ സ്ഥലവും റിസോഴ്‌സസുമണ്ടായിട്ടും ഇപ്പോഴും ഇങ്ങനെ തന്നെ കിടക്കുന്നത് വേഗതയോടെ കുതിക്കുന്ന കായികമേഖലക്ക് ശരിയായ പ്രവണതയല്ല.

മുക്കാല്‍ ലക്ഷമെങ്കിലും സീറ്റ് കപ്പാസിറ്റി ഉയര്‍ത്തി സ്‌റ്റേഡിയത്തിലേക്കുള്ള വഴികളും സൗകര്യങ്ങളും മെച്ചപ്പെടുത്തി ഒരു അപ്‌ഡേഷന്‍ തീര്‍ച്ചയായും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിന് ഉടന്‍ അത്യാവശ്യമാണ്. അത് ഫുട്‌ബോളിനെയും സ്‌പോര്‍ട്‌സിനെയും ഇത്രയധികം നെഞ്ചിലേറ്റുന്ന ഒരു നാടിന്റെയും ജനങ്ങളുടെയും തീര്‍ത്തും ന്യായമായ ആവശ്യമാണ്.

ഏകദേശം ഇരുപത്തിയയ്യാരം പേര്‍ ഒഫീഷ്യല്‍ കണക്ക് പ്രകാരം കേരളത്തിന്റെ ഓരൊ മത്സരത്തിനും കളി കാണാന്‍ ഈ കഴിഞ്ഞ സന്തോഷ് ട്രോഫിക്ക് പയ്യനാട് എത്തിയിട്ടുണ്ട്.

സാധാരണ ഗാലറി ടിക്കറ്റ് പ്രകാരം കൂട്ടിയാല്‍ തന്നെ കേരളത്തിന്റെ കളിയില്‍ നിന്ന് മാത്രമായി ഫെഡറേഷന്‍ സ്വരൂപിച്ചത് മൂന്ന് കോടിയോളം രൂപയാണ്. 500 രൂപ 1000 രൂപ ടിക്കറ്റുകളുടേയും സീസണ്‍ ടിക്കറ്റുകളുടെയും കേരളത്തിന്റേതല്ലാത്ത ഇതര മത്സരങ്ങളുടെയും കണക്കുകള്‍ വേറെയും.

ഒരുപക്ഷെ ഈ ടൂര്‍ണമെന്റില്‍ നിന്നുള്ള വരുമാനം മാത്രം മതിയാവും ഗ്യാലറി നവീകരിക്കാന്‍. അങ്ങനെയാവുമ്പോ നമ്മള്‍ ജനങ്ങള്‍ക്ക് നീണ്ട പതിനഞ്ചു മണിക്കൂറിന്റെ വ്രതം തുറക്കാന്‍ മണിക്കൂറുകള്‍ക്ക് മുമ്പ് പലഹാരങ്ങളും പാനീയങ്ങളും കൊണ്ട് ഗ്യാലറിയില്‍ കാത്തിരിക്കേണ്ടി വരില്ല.

വൃദ്ധന്മാരും സ്ത്രീകളും കുട്ടികളുമടങ്ങിയ കാണികള്‍ക്ക് തിക്കും തിരക്കും കൂട്ടാതെ കളി കാണാന്‍ വരികയും സന്തോഷാനന്ദത്തോടെ കളി കണ്ടു മടങ്ങുകയും ചെയ്യാം. ഫെഡറേഷനും നാടിനും കായിക ലോകത്തിനും വലിയ വിജയം ടൂര്‍ണമെന്റില്‍ കൊണ്ട് വരികയും ചെയ്യാം.

ഒരിക്കലും കാണികളുടെ എണ്ണം കൊണ്ടും സ്വന്തം നാട്ടിലെ കേരളത്തിന്റെ കിരീടാധാരണം കൊണ്ടും മറ്റും കൊണ്ടും ശ്രദ്ധയും വിജയവും നേടിയ ഒരു ടൂര്‍ണമെന്റിന്റെ ഇങ്ങനെയൊരു വശം പറയണമെന്ന് കരുതിയതല്ല. കുറച്ച് വൈകിയിട്ടാണെങ്കിലും ഇത് സൂചിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് കരുതി.

അല്ലെങ്കില്‍ ടിക്കറ്റെടുത്തിട്ടും കളി കാണാന്‍ പറ്റാതെ പോയ ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും വൃദ്ധന്മാരുമടങ്ങിയ ഫുട്ബാള്‍ സ്‌നേഹികള്‍, ശക്തമായ തിരക്ക് കാരണം ഗ്രൗണ്ടിന്റെ ഏഴലത്ത് പോലുമെത്താന്‍ കഴിയാതെ വഴിയില്‍ വെച്ച് മടങ്ങി പോയ നൂറു കണക്കിനാളുകള്‍, ഉള്ള പഴുതില്‍ പറ്റി കയറി തിങ്ങി തിരക്കി ബുന്ധിമുട്ടി കളി കണ്ട പതിനായിരങ്ങള്‍, കുഞ്ഞു കുട്ടികളെ തലയിലും തോളത്തും കയറ്റി കഷ്ടപ്പെട്ട് കളി കാണിച്ചു കൊടുത്ത അച്ചനമ്മമാര്‍, നേരിട്ട് കളി കാണാന്‍ പറ്റാഞ്ഞിട്ട് ലിങ്കിലൂടെ കളി കണ്ട ലക്ഷക്കണക്കിനാളുകള്‍.

ഇവരൊന്നും ഈ സന്തോഷ് ട്രോഫിയുടെ ഭാഗമല്ലാതാവും, അവരുടെ ത്യാഗങ്ങളും ഫുട്ബാളിനോടുള്ള സ്‌നേഹവും അര്‍ത്ഥമില്ലാത്തതാവും. അവരുടെ ആഗ്രഹങ്ങളുടേതും ആവേശങ്ങളുടെതും സമര്‍പ്പണങ്ങളുടേത് കൂടിയായിരുന്നു സന്തോഷ് ട്രോഫി.

അവര്‍ക്ക് നേരിട്ട ബുദ്ധിമുട്ടുകളില്‍ ക്ഷമ നേര്‍ന്ന് സര്‍ക്കാറും ജനങ്ങളും ഫെഡറേഷനും മറ്റെല്ലാ സംവിധാങ്ങളെയും കൂട്ടിപ്പിടിച്ച്, വേണ്ട പ്രശ്‌നങ്ങളും പരിമിതികളും പരിഹരിച്ച് ഒരു വലിയ സാധ്യതകളിലേക്കും വിജയങ്ങളിലേക്കും കുതിക്കാന്‍ നമുക്ക് സാധിക്കട്ടെ. ബന്ധപ്പെട്ടവര്‍ അതിനുള്ള ശ്രമങ്ങള്‍ തുടങ്ങട്ടെ. അങ്ങനെയാകുമ്പോള്‍ നമ്മുടെ കളിയിടങ്ങള്‍ കുറേക്കൂടി ജനാധിപത്യപരവും സന്തോഷകരവുമാവുമെന്ന് തീര്‍ച്ച

Content Highlight: Smeer Pilakkal about Santhosh Trophy Football

സമീര്‍ പിലാക്കല്‍

എഴുത്തുകാരനും ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനും

We use cookies to give you the best possible experience. Learn more