Sports News
28 ബോള്‍ സെഞ്ച്വറിക്ക് ശേഷം 36 ബോള്‍ സെഞ്ച്വറിയും; ഐ.പി.എല്ലില്‍ ആര്‍ക്കും വേണ്ടാത്തവന്റെ ജയഭേരി
സ്പോര്‍ട്സ് ഡെസ്‌ക്
2024 Dec 03, 07:57 am
Tuesday, 3rd December 2024, 1:27 pm

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ വീണ്ടും സെഞ്ച്വറിയുമായി തിളങ്ങി ഗുജറാത്തിന്റെ ഉര്‍വില്‍ പട്ടേല്‍. ഇന്‍ഡോറിലെ എമറാള്‍ഡ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഉത്തരാഖണ്ഡിനെതിരെയാണ് താരം വെടിക്കെട്ട് സെഞ്ച്വറി പുറത്തെടുത്തത്.

ഉത്തരാഖണ്ഡ് ഉയര്‍ത്തിയ 183 റണ്‍സിന്റെ വിജയലക്ഷ്യം പട്ടേലിന്റെ കരുത്തില്‍ വെറും 13.1 ഓവറില്‍ ഗുജറാത്ത് മറികടന്നു. 41 പന്തില്‍ പുറത്താകാതെ 115 റണ്‍സ് നേടിയാണ് താരം ടീമിന്റെ വിജയശില്‍പിയായത്.

മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് എതിരാളികളെ ബാറ്റിങ്ങിനയച്ചു. രവികുമാര്‍ സമര്‍ത്ഥ്, വിക്കറ്റ് കീപ്പര്‍ ആദിത്യ താരെ എന്നിവരുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഉത്തരാഖണ്ഡ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ആദിത്യ താരെ 26 പന്തില്‍ 54 റണ്‍സ് നേടിയപ്പോള്‍ 39 പന്തില്‍ 54 റണ്‍സ് നേടിയാണ് സമര്‍ത്ഥ് മടങ്ങിയത്. 27 പന്തില്‍ 43 റണ്‍സ് നേടിയ കുനാല്‍ ചന്ദേരയുടെ പ്രകടനവും ടീമിന് തുണയായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഉത്തരാഖണ്ഡ് 182ലെത്തി.

ഗുജറാത്തിനായി വിശാല്‍ ജെയ്‌സ്വാള്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ അര്‍സന്‍ നഗര്‍സ്വാല രണ്ട് വിക്കറ്റും സ്വന്തമാക്കി. ഹേമാംഗ് പട്ടേലാണ് ശേഷിച്ച വിക്കറ്റ് സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനായി പട്ടേല്‍ തുടക്കത്തിലേ റണ്ണടിച്ചുകൂട്ടി. ആര്യ ദേശായിക്കൊപ്പം 72 റണ്‍സാണ് താരം ആദ്യ വിക്കറ്റില്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തത്. 13 പന്തില്‍ 23 റണ്‍സുമായി ആര്യ ദേശായി മടങ്ങി. രാജന്‍ കുമാറാണ് വിക്കറ്റ് നേടിയത്.

വണ്‍ ഡൗണായെത്തിയ അഭിഷേക് ദേശായി ഏഴ് പന്തില്‍ 14 റണ്‍സ് നേടി മടങ്ങി. പിന്നാലെയെത്തിയ ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലിനെ ഒപ്പം കൂട്ടിയായി പട്ടേലിന്റെ വെടിക്കെട്ട്.

ഇതിനിടെ താരം സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു. നേരിട്ട 36ാം പന്തിലാണ് പട്ടേല്‍ സെഞ്ച്വറി നേടിയത്.

ഒടുവില്‍ 14ാം ഓവറിലെ ആദ്യ പന്തില്‍ ഗുജറാത്ത് വിജയലക്ഷ്യം മറികടന്നു.

11 സിക്‌സറും എട്ട് ഫോറും അടക്കം 41 പന്തില്‍ പുറത്താകാതെ 115 റണ്‍സാണ് താരത്തിന്റെ പേരിലുണ്ടായിരുന്നത്. 18 പന്തില്‍ 28 റണ്‍സുമായി ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലും പുറത്താകാതെ നിന്നു.

ടൂര്‍ണമെന്റില്‍ നേരത്തെയും താരം സെഞ്ച്വറി നേടിയിരുന്നു. ത്രിപുരയ്‌ക്കെതിരെ 35 പന്തില്‍ പുറത്താകാതെ 113 റണ്‍സാണ് താരം സ്വന്തമാക്കിയത്. മത്സരത്തില്‍ നേരിട്ട 28ാം പന്തിലാണ് താരം നൂറ് തികച്ചത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയാണിത്.

എന്നാല്‍ മികച്ച പ്രകടനം പുറത്തെടുത്ത താരത്തിന് ഐ.പി.എല്‍ മെഗാ താരലേലത്തില്‍ ഒരു ടീമിലും ഇടം നേടാന്‍ സാധിച്ചിരുന്നില്ല. ഐ.പില്‍ താരലേലത്തിന്റെ സമയത്ത് നടന്ന രണ്ട് മത്സരത്തിലും താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ശേഷം നടന്ന മത്സരത്തിലെല്ലാം തന്നെ വെടിക്കെട്ട് പുറത്തെടുക്കാനും താരത്തിനായി.

ടൂര്‍ണമെന്റിലെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് പട്ടേല്‍. അഞ്ച് മത്സരത്തില്‍ നിന്നും 94.00 ശരാശരിയിലും 229.26 ശരാശരിയിലും 282 റണ്‍സാണ് താരം സ്വന്തമാക്കിയത്.

അതേസമയം, ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച ആറില്‍ അഞ്ച് മത്സരത്തിലും വിജയിച്ച ഗുജറാത്ത് നിലിവില്‍ ഗ്രൂപ്പ് ബി സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതാണ്. 20 പോയിന്റാണ് ടീമിനുള്ളത്.

 

Content Highlight: SMAT: Urvil Patel smashed brilliant century against Uttarakhand