| Saturday, 30th November 2024, 7:56 am

സഞ്ജുവിന്റെ വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ കേരളം സമ്മാനിച്ച നാണക്കേട്; തലകുനിച്ചു നില്‍ക്കാന്‍ വിധിക്കപ്പെട്ട് താക്കൂര്‍

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളം മുംബൈയെ പരാജയപ്പെടുത്തിയിരുന്നു. ഗ്രൂപ്പ് ഇ-യില്‍ നടന്ന മത്സരത്തില്‍ 43 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് കേരളം സ്വന്തമാക്കിയത്.

ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ കേരളം ഉയര്‍ത്തിയ 235 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

സൂപ്പര്‍ താരം സല്‍മാന്‍ നിസാറിന്റെയും ഓപ്പണര്‍ രോഹന്‍ എസ്. കുന്നുമ്മലിന്റെയും തകര്‍പ്പന്‍ പ്രകടനങ്ങളാണ് കേരളത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സല്‍മാന്‍ നിസാര്‍ 49 പന്തില്‍ പുറത്താകാതെ 99 റണ്‍സ് നേടിയപ്പോള്‍ 48 പന്തില്‍ 87 റണ്‍സാണ് രോഹന്‍ സ്വന്തമാക്കിയത്.

മറുവശത്ത് മുന്‍ ഇന്ത്യന്‍ നായകന്‍ അജിന്‍ക്യ രഹാനെയുടെ അര്‍ധ സെഞ്ച്വറി കരുത്തില്‍ മുംബൈ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

മത്സരത്തില്‍ കേരള നായകന്‍ സഞ്ജു സാംസണ് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ആദ്യ ഓവറിലെ നാലാം പന്തില്‍ താരം മടങ്ങി. നാല് റണ്‍സ് മാത്രം നേടി നില്‍ക്കവെ ഷര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ ബൗള്‍ഡായാണ് സഞ്ജു മടങ്ങിയത്.

അപകടകാരിയായ സഞ്ജുവിന്റെ വിക്കറ്റ് വീഴ്ത്തിയ മത്സരത്തില്‍ പോലും താക്കൂറിന് സന്തോഷിക്കാന്‍ വകയുണ്ടായിരുന്നില്ല. കേരളത്തിന്റെ ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ ഒരു മോശം നേട്ടവും താരത്തിന്റെ പേരില്‍ കുറിക്കപ്പെട്ടിരുന്നു.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ഒരു ഇന്നിങ്‌സില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങേണ്ടി വന്നതിന്റെ അനാവശ്യ റെക്കോഡാണ് താക്കൂറിന്റെ പേരില്‍ കുറിക്കപ്പെട്ടത്. രോഹനും നിസാറും ചേര്‍ന്ന് താക്കൂറിന്റെ നാല് ഓവറില്‍ നിന്നും 17.25 എക്കോണമിയില്‍ 69 റണ്‍സാണ് അടിച്ചെടുത്തത്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ചരിത്രത്തില്‍ ഒരു മത്സരത്തില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയ ബൗളറെന്ന നാണക്കേടും താക്കൂറിനെ തേടിയെത്തി.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ഒരു ഇന്നിങ്‌സില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയ ബൗളര്‍

(താരം – ടീം – എതിരാളികള്‍ – എറിഞ്ഞ ഓവര്‍ – വഴങ്ങിയ റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)

ഷര്‍ദുല്‍ താക്കൂര്‍ – മുംബൈ – കേരളം – 4.0 – 69 – 2024*

രമേഷ് രാഹുല്‍ – അരുണാചല്‍ പ്രദേശ് – ഹരിയാന – 4.0 – 69 – 2024

പഗദാല നായിഡു – ഹൈദരാബാദ് – മുംബൈ – 4.0 – 67 – 2010

ബാലചന്ദ്ര അഖില്‍ – കര്‍ണാടക – തമിഴ്‌നാട് – 4.0 – 67 – 2010

ലിച്ച തേഹി – അരുണാചല്‍ പ്രദേശ് – ബംഗാള്‍ – 4.0 – 67 – 2019

ഹരിശങ്കര്‍ റെഡ്ഡി – ആന്ധ്ര പ്രദേശ് – പഞ്ചാബ് – 4.0 – 66 – 2023

മുംബൈക്കെതിരായ വിജയത്തിന് പിന്നാലെ ഗ്രൂപ്പ് ഇ-യില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ് കേരളം. നാല് മത്സരത്തില്‍ നിന്നും മൂന്ന് വിജയത്തോടെ 12 പോയിന്റാണ് കേരളത്തിനുള്ളത്. കളിച്ച മൂന്ന് മത്സരത്തിലും വിജയിച്ച് 12 പോയിന്റുമായി ആന്ധ്ര പ്രദേശാണ് ഒന്നാമത്.

ഡിസംബര്‍ ഒന്നിനാണ് കേരളം തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഗോവയാണ് എതിരാളികള്‍. ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച മൂന്ന് മത്സരത്തില്‍ ഒന്നില്‍ പോലും വിജയിക്കാതെ ഗ്രൂപ്പ് ഇ സ്റ്റാന്‍ഡിങ്‌സില്‍ ആറാം സ്ഥാനത്താണ് ഗോവ.

Content Highlight: SMAT: Shardul Thakur becomes created an unwanted record of nost runs conceded in an innings

We use cookies to give you the best possible experience. Learn more