സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഗ്രൂപ്പ് ഘട്ടത്തില്‍ കൊടുങ്കാറ്റായാണ് കേരളം നോക്ക് ഔട്ട് ഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നത്. ഇതുവരെ കളിച്ച അഞ്ച് മത്സരത്തില്‍ നാലിലും വിജയിച്ച സഞ്ജുവിന്റെ സ്പര്‍ട്ടാന്‍സ് പോയിന്റ് പട്ടികയുടെ ആദ്യ സ്ഥാനങ്ങളില്‍ തുടരുകയാണ്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഗോവയെ പരാജയപ്പെടുത്തിയാണ് കേരളം തങ്ങളുടെ ജയഭേരി വീണ്ടും ഉച്ചത്തില്‍ മുഴക്കിയത്. ഒന്നും നഷ്ടപ്പെടാനില്ലാത്ത ഗോവയ്ക്ക് പലതും നഷ്ടപ്പെടാനുള്ള കേരളത്തിന്റെ വഴിമുടക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ക്യാപ്റ്റന്റെ കരുത്തില്‍ ഗോവയെന്ന കടമ്പയും കേരളം മറികടന്നു.
മത്സരത്തില്‍ ടോസ് നേടിയ കേരളം ബാറ്റിങ് തെരഞ്ഞെടുത്തു. മത്സരത്തിന്റെ ആദ്യ നിമിഷങ്ങളില്‍ തന്നെ സഞ്ജുവും കേരളവും തങ്ങളുടെ നയം വ്യക്തമാക്കിയിരുന്നു. വേഗത്തില്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കുക എന്നത് മാത്രമായിരുന്നു കേരളത്തിന്റെ ലക്ഷ്യം.
ഗോവന്‍ ഇന്നിങ്‌സിലെ നാലാം ഓവറിലെ അവസാന പന്തിലാണ് സഞ്ജു പുറത്താകുന്നത്. ഫെലിക്‌സ് അലെമാവോയുടെ പന്തില്‍ കശ്യപ് ഭകാലേക്ക് ക്യാച്ച് നല്‍കിയായിരുന്നു കേരള നായകന്റെ മടക്കം.
സഞ്ജുവിന്റെ വിക്കറ്റ് നേടിയതില്‍ അലെമാവോ എത്രത്തോളം സന്തോഷിച്ചിട്ടുണ്ടാകും എന്ന കാര്യം സംശയമാണ്. കാരണം ഓവറിലെ ആദ്യ അഞ്ച് പന്തില്‍ തന്നെ സഞ്ജു ഗോവന്‍ താരത്തെ തല്ലിക്കരയിച്ചിരുന്നു.
ഓവറിലെ ആദ്യ പന്ത് മിഡ് ഓഫിന് മുകളിലൂടെ ഫോറിന് പറത്തിയ സഞ്ജു രണ്ടാം പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ ഗാലറിയിലെത്തിച്ചു. മൂന്നാം പന്ത് ഫൈന്‍ ലെഗിലൂടെ ബൗണ്ടറി ലൈന്‍ തൊട്ടപ്പോള്‍ നാലാം പന്തില്‍ റണ്ണൊന്നും പിറന്നില്ല.
അഞ്ചാം പന്ത് ലോങ് ഓണിലൂടെ ബൗണ്ടറി കടന്നു. ആദ്യ അഞ്ച് പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സറും അടക്കം 18 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ഒടുവില്‍ അലമാവോക്ക് തന്നെ വിക്കറ്റ് നല്‍കി കേരള ക്യാപ്റ്റന്‍ മടങ്ങി.
15 പന്തില്‍ 31 റണ്‍സുമായാണ് സഞ്ജു പുറത്തായത്. 206.67 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റാണ് താരത്തിനുണ്ടായിരുന്നത്.
സഞ്ജു പുറത്തായപ്പോള്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാനുള്ള ചുമതല സല്‍മാന്‍ നിസാര്‍ ഏറ്റെടുത്തു. സഞ്ജുവിനോളം വേഗമില്ലായിരുന്നെങ്കിലും നിസാറും ഒട്ടും മോശമാക്കിയില്ല. 20 പന്തില്‍ 34 റണ്‍സാണ് താരം സ്വന്തമാക്കിയത്. മൂന്ന് ഫോറും ഒരു സിക്‌സറും അടക്കം 170.00 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
മോശം കാലാവസ്ഥ മൂലം 13 ഓവറായി ചുരുക്കിയ മത്സരത്തില്‍ അബ്ദുല്‍ ബാസിത് (13 പന്തില്‍ 23), രോഹന്‍ കുന്നുമ്മല്‍ (14 പന്തില്‍ 19), ഷറഫുദീന്‍ എം. (ഏഴ് പന്തില്‍ പുറത്താകാതെ 11) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.
ഒടുവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 143 എന്ന നിലയില്‍ കേരളം ഇന്നിങ്‌സ് അവസാനിപ്പിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗോവയ്ക്കായി ഓപ്പണര്‍ ഇഷാന്‍ ഗഡേകര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. 22 പന്തില്‍ നാല് ഫോറും മൂന്ന് സിക്സറും അടക്കം പുറത്താകാതെ 42 റണ്‍സ് നേടി.
അസം തോത (11 പന്തില്‍ അഞ്ച്), കശ്യപ് ഭകാലെ (നാല് പന്തില്‍ അഞ്ച്) എന്നിവരുടെ വിക്കറ്റുകള്‍ ഗോവയ്ക്ക് നഷ്ടമായി.
7.5 ഓവറില്‍ 69/2 എന്ന നിലയില്‍ നില്‍ക്കവെ മത്സരം പൂര്‍ണമായും തടസ്സപ്പെട്ടതോടെ വിജയലക്ഷ്യം പുനര്‍നിര്‍ണയിക്കുകയായിരുന്നു. വി.ജെ.ഡി നിയമത്തിലൂടെ വിജയലക്ഷ്യം 81 ആയി പുനര്‍നിര്‍ണയിക്കുകയും കേരളം 11 റണ്‍സിന് വിജയിക്കുകയുമായിരുന്നു.
ഈ വിജയത്തിന് പിന്നാലെ അഞ്ച് മത്സരത്തില്‍ നിന്നും 16 പോയിന്റാണ് കേരളത്തിനുള്ളത്.
ഡിസംബര്‍ മൂന്നിനാണ് കേരളത്തിന്റെ അടുത്ത മത്സരം. നിലവില്‍ ഗ്രൂപ്പ് ഇ-യില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ആന്ധ്ര പ്രദേശാണ് എതിരാളികള്‍. ഹൈദരാബാദിലെ ജിംഖാന ഗ്രൗണ്ടാണ് വേദി. ടൂര്‍ണമെന്റില്‍ കളിച്ച മത്സരങ്ങളില്‍ ഒന്നില്‍ പോലും പരാജയമറിയാതെയാണ് 16 പോയിന്റുമായി ആന്ധ്ര ഒന്നാം സ്ഥാനത്ത് തുടരുന്നത്.
Content Highlight: SMAT: Sanju Samson’s explosive batting performance against Goa in Syed Mushtaq Ali Trophy