| Sunday, 1st December 2024, 9:15 am

ധോണിയെയും സൂര്യകുമാറിനെയും ഒന്നിച്ച് മറികടക്കാന്‍ സഞ്ജു; വെടിക്കെട്ട് വീരന്‍മാരില്‍ പുതിയ നേട്ടത്തിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തങ്ങളുടെ അടുത്ത മത്സരത്തിനൊരുങ്ങുകയാണ് കേരളം. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഗോവയാണ് എതിരാളികള്‍.

ടൂര്‍ണമെന്റില്‍ കളിച്ച നാല് മത്സരത്തില്‍ മൂന്നിലും വിജയിച്ച കേരളത്തിന് നിലവില്‍ 12 പോയിന്റുണ്ട്. പോയിന്റ് പട്ടികയിലെ ആദ്യ സ്ഥാനങ്ങള്‍ കൈവിടാതെ കാത്ത് അടുത്ത റൗണ്ടിലേക്ക് മുന്നേറാനാണ് കേരളം ഒരുങ്ങുന്നത്.

ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ തിളങ്ങിയ നായകന്‍ സഞ്ജു സാംസണ് കളത്തിലിറങ്ങിയ അടുത്ത രണ്ട് മത്സരത്തിലും തിളങ്ങാന്‍ സാധിച്ചിരുന്നില്ല. മഹാരാഷ്ട്രക്കെതിരെ കേരളം പരാജയപ്പെട്ട മത്സരത്തില്‍ 15 പന്തില്‍ നിന്നും 19 റണ്‍സ് നേടിയ സഞ്ജു ടീം കരുത്തരായ മുംബൈക്കെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയപ്പോള്‍ നാല് പന്തില്‍ നാല് റണ്‍സിനും പുറത്തായിരുന്നു.

ഇപ്പോള്‍ ഗോവക്കെതിരെ നടക്കുന്ന മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത് ഒരു തിരിച്ചുവരവിനാണ് സഞ്ജു സാംസണ്‍ ശ്രമിക്കുന്നത്.

ഈ മത്സരത്തില്‍ സഞ്ജുവിന് ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാനുള്ള അവസരമാണ് കേരള ക്യാപ്റ്റന് മുമ്പിലുള്ളത്. ഇതിന് വേണ്ടതാകട്ടെ ഏഴ് സിക്‌സറുകളും.

ഈ പട്ടികയില്‍ നിലവില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന സഞ്ജുവിന് സൂര്യകുമാര്‍ യാദവിനെയും എം.എസ്. ധോണിയെയും ഒന്നിച്ച് മറികടക്കാനുള്ള അവസരം കൂടിയാണ് കൈവന്നിരിക്കുന്നത്.

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – ഇന്നിങ്‌സ് – സിക്‌സര്‍ എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – 435 – 525

വിരാട് കോഹ്‌ലി – 382 – 416

എം.എസ്. ധോണി – 342 – 338

സൂര്യകുമാര്‍ യാദവ് – 299 – 334

സഞ്ജു സാംസണ്‍ – 275 – 332

സുരേഷ് റെയ്‌ന – 336 – 325

കെ.എല്‍. രാഹുല്‍ – 213 – 311

കരിയറില്‍ ഇന്ത്യക്കും കേരളത്തിനും പുറമെ രാജസ്ഥാന്‍ റോയല്‍സ്, ദല്‍ഹി ഡെയര്‍ഡെവിള്‍സ് (ദല്‍ഹി ക്യാപ്പറ്റല്‍സ്) എന്നിവര്‍ക്ക് വേണ്ടിയാണ് താരം കളത്തിലിറങ്ങിയത്.

അതേസമയം, ഗോവക്കെതിരായ മത്സരത്തില്‍ കേരളത്തിന് വിജയിക്കാന്‍ കാര്യമായി പണിപ്പെടേണ്ടി വരില്ല എന്നാണ് വിലയിരുത്തുന്നത്. കളിച്ച മൂന്ന് മത്സരത്തില്‍ ഒന്നില്‍ പോലും വിജയിക്കാന്‍ സാധിക്കാത്ത ഗോവ ആദ്യ ജയത്തിനായി കാത്തിരിപ്പ് തുടരുകയാണ്.

അതേസമയം, കരുത്തരായ മുംബൈയെ തോല്‍പിച്ചതിന്റെ സകല ആത്മവിശ്വാസവും കേരളത്തിനുണ്ട്. മികച്ച ഫോമിലുള്ള ബാറ്റിങ് യൂണിറ്റും ബൗളിങ് യൂണിറ്റും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്നു എന്നതും കേരളത്തിന്റെ വിജയസാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.

Content highlight: SMAT: Sanju Samson has a chance to surpass MS Dhoni and Suryakumar Yadav.

We use cookies to give you the best possible experience. Learn more