സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ നാലാം വിജയവുമായി കേരളം. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് ഇ മത്സരത്തില്‍ ഗോവയെയാണ് കേരളം പരാജയപ്പെടുത്തിയത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് വി.ജെ.ഡി മെത്തേഡിലൂടെയാണ് വിജയികളെ നിര്‍ണയിച്ചത്.
മത്സരത്തില്‍ ടോസ് നേടിയ കേരളം ബാറ്റിങ് തെരഞ്ഞെടുത്തു. ആദ്യ വിക്കറ്റില്‍ നായകന്‍ സഞ്ജു മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. 15 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സറും അടക്കം 206.67 സ്‌ട്രൈക്ക് റേറ്റില്‍ 31 റണ്‍സാണ് താരം കണ്ടെത്തിയത്. വണ്‍ ഡൗണായെത്തിയ സല്‍മാന്‍ നിസാര്‍ 30 പന്തില്‍ 34 റണ്‍സും അബ്ദുല്‍ ബാസിത് 13 പന്തില്‍ 23 റണ്‍സും സ്വന്തമാക്കി.
മോശം കാലാവസ്ഥയെ തുടര്‍ന്ന് ഓവറുകള്‍ വെട്ടിച്ചുരുക്കിയ മത്സരത്തില്‍ 13 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സാണ് കേരളം സ്വന്തമാക്കിയത്.
ഗോവയ്ക്കായി മോഹിത് രെഡാകറും ഫെലിക്‌സ് അലെമാവോയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ക്യാപ്റ്റന്‍ ദീപ് രാജ് ഗാവോന്‍കറും ശുഭം താരിയും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗോവയ്ക്കായി ഓപ്പണര്‍ ഇഷാന്‍ ഗഡേകര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. 22 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സറും അടക്കം പുറത്താകാതെ 42 റണ്‍സ് നേടി.
അസം തോത (11 പന്തില്‍ അഞ്ച്), കശ്യപ് ഭകാലെ (നാല് പന്തില്‍ അഞ്ച്) എന്നിവരുടെ വിക്കറ്റുകള്‍ ഗോവയ്ക്ക് നഷ്ടമായി.
7.5 ഓവറില്‍ 69/2 എന്ന നിലയില്‍ നില്‍ക്കവെ മത്സരം പൂര്‍ണമായും തടസ്സപ്പെട്ടതോടെ വിജയലക്ഷ്യം പുനര്‍നിര്‍ണയിക്കുകയായിരുന്നു. വി.ജെ.ഡി നിയമത്തിലൂടെ വിജയലക്ഷ്യം 81 ആയി പുനര്‍നിര്‍ണയിക്കുകയും കേരളം 11 റണ്‍സിന് വിജയിക്കുകയുമായിരുന്നു.
ഈ വിജയത്തോടെ അഞ്ച് മത്സരത്തില്‍ നിന്നും നാല് ജയവുമായി 16 പോയിന്റോടെ ഗ്രൂപ്പ് ഇ-യില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ് കേരളം.
ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ മോശം കാലാവസ്ഥ മൂലം മത്സരം തടസ്സപ്പെടുമ്പോള്‍ വിജയലക്ഷ്യം പുനര്‍നിര്‍ണയിക്കുന്നതിനുള്ള സ്‌കോറിങ് സിസ്റ്റമാണ് വി.ജെ.ഡി മെത്തേഡ്. മലയാളിയായ വി. ജയദേവനാണ് ഈ രീതിയുടെ ഉപജ്ഞാതാവ്. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഡക്ക് വര്‍ത്ത്-ലൂയീസ്-സ്റ്റേണ്‍ നിയമത്തിന് സമാനമാണ് വി.ജെ.ഡി നിയമവും.
കേരളത്തിന്റെ വിജയത്തിനൊപ്പം മലയാളി ആരാധകര്‍ക്ക് സന്തോഷിക്കാനുള്ള മറ്റൊരു വകയും മത്സരത്തിലുണ്ടായിരുന്നു. ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ സഞ്ജു സാംസണ്‍ സൂര്യകുമാര്‍ യാദവിനൊപ്പമെത്തിയിരിക്കുകയാണ്.
334 സിക്‌സറുമായി ഇരുവരും നാലാം സ്ഥാനം പങ്കിടുകയാണ്. സൂര്യയെക്കാള്‍ കുറവ് മത്സരം കളിച്ചാണ് സഞ്ജു ഈ നേട്ടത്തിലെത്തിയത് എന്നതും ശ്രദ്ധേയമാണ്.
(താരം – ഇന്നിങ്സ് – സിക്സര്‍ എന്നീ ക്രമത്തില്‍)
രോഹിത് ശര്‍മ – 435 – 525
വിരാട് കോഹ്‌ലി – 382 – 416
എം.എസ്. ധോണി – 342 – 338
സഞ്ജു സാംസണ്‍ – 276 – 334*
സൂര്യകുമാര്‍ യാദവ് – 299 – 334
സുരേഷ് റെയ്ന – 336 – 325
കെ.എല്‍. രാഹുല്‍ – 213 – 311
കരിയറില്‍ ഇന്ത്യക്കും കേരളത്തിനും പുറമെ രാജസ്ഥാന്‍ റോയല്‍സ്, ദല്‍ഹി ഡെയര്‍ഡെവിള്‍സ് (ദല്‍ഹി ക്യാപ്പറ്റല്‍സ്) എന്നിവര്‍ക്ക് വേണ്ടിയാണ് താരം കളത്തിലിറങ്ങിയത്.
ആഭ്യന്തര തലത്തല്‍ മുംബൈയുടെ താരമായ സൂര്യ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് പുറമെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയും ബാറ്റെടുത്തിട്ടുണ്ട്.
ഡിസംബര്‍ മൂന്നിനാണ് കേരളത്തിന്റെ അടുത്ത മത്സരം. നിലവില്‍ ഗ്രൂപ്പ് ഇ-യില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ആന്ധ്ര പ്രദേശാണ് എതിരാളികള്‍. ഹൈദരാബാദിലെ ജിംഖാന ഗ്രൗണ്ടാണ് വേദി.
ടൂര്‍ണമെന്റില്‍ കളിച്ച മത്സരങ്ങളില്‍ ഒന്നില്‍ പോലും പരാജയമറിയാതെയാണ് ആന്ധ്ര ഒന്നാം സ്ഥാനത്ത് തുടരുന്നത്.
Content highlight: SMAT: Kerala defeated Goa, Sanju Samson equals Suryakumar Yadav’s record