സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കഴിഞ്ഞ ദിവസം നടന്ന ദല്‍ഹി – മണിപ്പൂര്‍ ഗ്രൂപ്പ് സി മത്സരത്തില്‍ ദല്‍ഹി വിജയിച്ചിരുന്നു. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് ദല്‍ഹി നേടിയത്.
സെഞ്ച്വറിയോ അഞ്ച് വിക്കറ്റ് നേട്ടങ്ങളോ പറയത്തക്ക മറ്റ് റെക്കോഡുകളോ ഒന്നും പിറക്കാതിരുന്ന ഈ മത്സരം എന്നാല്‍ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്നിങ്‌സില്‍ 11 ബൗളര്‍മാര്‍ പന്തെറിഞ്ഞു എന്ന അത്യപൂര്‍വ സംഭവത്താലാണ് ഈ മത്സരം ചരിത്രത്തിന്റെ ഭാഗമായത്. മുഷ്താഖ് അലി ട്രോഫിയുടെ മാത്രമല്ല, ടി-20 ചരിത്രത്തില്‍ തന്നെ ഇത് ആദ്യമാണ്!
മണിപ്പൂരിനെതിരെ ദല്‍ഹി നായകന്‍ ആയുഷ് ബദോണിയാണ് തന്റെ എല്ലാ കളിക്കാരെ കൊണ്ടും പന്തെറിയിപ്പിച്ചത്.
ദല്‍ഹി വിക്കറ്റ് കീപ്പര്‍ അനുജ് റാവത്തിനെക്കൊണ്ടും ബദോണി പന്തെറിയിച്ചിരുന്നു.
നേരത്തെ, മത്സരത്തില്‍ ടോസ് നേടിയ മണിപ്പൂര്‍ ബാറ്റിങ് തെരഞ്ഞെടുത്തു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സാണ് മണിപ്പൂര്‍ നേടിയത്.
30 പന്തില്‍ 32 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ അഹമ്മദ് ഷായാണ് ടീമിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ റെക്‌സ് രജികുമാര്‍ (18 പന്തില്‍ 23), ഉലേന്യായ് ഖൈ്വരക്പാം (28 പന്തില്‍ 19), കിഷന്‍ സിംഗ (11 പന്തില്‍ 14) എന്നിവരാണ് മണിപ്പൂരിന്റെ മറ്റ് റണ്‍ ഗെറ്റര്‍മാര്‍.
ദല്‍ഹിക്കായി ദിഗ്വേഷ് രാതീ, ഹര്‍ഷ് ത്യാഗി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ പ്രിയാന്‍ഷ് ആര്യ, ആയുഷ് സിങ്, ക്യാപ്റ്റന്‍ ആയുഷ് ബദോണി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ യാഷ് ധുള്ളിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു. 51 പന്തില്‍ 59 റണ്‍സാണ് ധുള്‍ സ്വന്തമാക്കിയത്.
ഒടുവില്‍ 18.3 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ദല്‍ഹി വിജയലക്ഷ്യം മറികടന്നു.
ഈ വിജയത്തിന് പിന്നാലെ ഗ്രൂപ്പ് സി-യില്‍ ഒന്നാം സ്ഥാനത്ത് തുടരാനും ദല്‍ഹിക്കായി. കളിച്ച നാല് മത്സരത്തില്‍ നാലിലും വിജയിച്ച് 16 പോയിന്റാണ് ദല്‍ഹിക്കുള്ളത്.
ഡിസംബര്‍ ഒന്നിനാണ് ദല്‍ഹിയുടെ അടുത്ത മത്സരം. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹിമാചല്‍ പ്രദേശാണ് എതിരാളികള്‍.
Content Highlight: SMAT: Delhi created history by becoming the first team to use 11 bowlers in a match