ചാമ്പ്യന്‍മാര്‍ അടിയറവ് പറഞ്ഞത് സഞ്ജുവിന് മുമ്പില്‍ മാത്രം; പക്ഷേ സഞ്ജു ചാമ്പ്യനാകുന്നത് ഇനിയെന്ന്?
Sports News
ചാമ്പ്യന്‍മാര്‍ അടിയറവ് പറഞ്ഞത് സഞ്ജുവിന് മുമ്പില്‍ മാത്രം; പക്ഷേ സഞ്ജു ചാമ്പ്യനാകുന്നത് ഇനിയെന്ന്?
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 16th December 2024, 6:20 pm

കഴിഞ്ഞ ദിവസം നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ഫൈനല്‍ മത്സരത്തില്‍ മധ്യപ്രദേശിനെ പരാജയപ്പെടുത്തി മുംബൈ ചാമ്പ്യന്‍മാരായിരുന്നു. എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് മുംബൈ വിജയിച്ചുകയറിയത്. മധ്യപ്രദേശ് ഉയര്‍ത്തിയ 179 റണ്‍സിന്റെ വിജയലക്ഷ്യം 13 പന്ത് ബാക്കി നില്‍ക്കെ മുംബൈ മറികടക്കുകയായിരുന്നു.

ടൂര്‍ണമെന്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ചാണ് മുംബൈ കിരീടത്തില്‍ മുത്തമിട്ടത്.

ഗ്രൂപ്പ് ചാമ്പ്യന്‍മാരായി മുമ്പോട്ട് കുതിച്ച മുംബൈ നോക്ക് ഔട്ട് ഘട്ടത്തിലെല്ലാം തന്നെ സമഗ്രാധിപത്യം പുലര്‍ത്തിയാണ് കിരീടം ചൂടിയത്.

ഗ്രൂപ്പ് ഡി-യില്‍ കളിച്ച ആറ് മത്സരത്തില്‍ അഞ്ചിലും വിജയിച്ച് 20 പോയിന്റോടെയാണ് മുംബൈ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയത്. 20 പോയിന്റുമായി ആന്ധ്രാ പ്രദേശാണ് ഗ്രൂപ്പില്‍ നിന്നും മുമ്പോട്ട് കുതിച്ച മറ്റൊരു ടീം.

ടൂര്‍ണമെന്റില്‍ മുംബൈക്ക് ആകെ ഏറ്റുവാങ്ങേണ്ടി വന്നത് ഒരേയൊരു തോല്‍വിയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ കേരളത്തിനെതിരെ. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 43 റണ്‍സിനാണ് കേരളം മുംബൈയെ പരാജയപ്പെടുത്തിയത്.

സല്‍മാന്‍ നിസാറിന്റെയും രോഹന്‍ കുന്നുമ്മലിന്റെയും വെടിക്കെട്ടില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സാണ് കേരളം സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ അജിന്‍ക്യ രഹാനെയുടെ അര്‍ധ സെഞ്ച്വറി കരുത്തില്‍ പൊരുതിയെങ്കിലും വിജയം സ്വന്തമാക്കാന്‍ സാധിച്ചില്ല.

ഒരുപക്ഷേ ഗ്രൂപ്പ് ഘട്ടത്തില്‍ കേരളത്തെയും പരാജയപപെടുത്തിയിരുന്നെങ്കില്‍ ഒറ്റ മത്സരം പോയലും പരാജയപ്പെടാതെ ഇന്ത്യന്‍ ആഭ്യന്തര ടി-20 ക്രിക്കറ്റിന്റെ രാജാക്കന്‍മാരാകാനും മുംബൈക്ക് സാധിക്കുമായിരുന്നു.

അതേസമയം, ആഭ്യന്തര ക്രിക്കറ്റ് ട്രോഫിക്കായുള്ള കേരളത്തിന്റെ കാത്തിരിപ്പ് തുടരുകയാണ്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കേരളം ഗ്രൂപ്പ് ഡി-യില്‍ ഒന്ന്, രണ്ട് സ്ഥാനങ്ങളില്‍ തന്നെ നിലയുറപ്പിച്ചിരുന്നു.

എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മഹാരാഷ്ട്രയോടും ആന്ധ്രാ പ്രദേശിനോടും പരാജയപ്പെട്ടതും, അപരാജിതരായി കുതിച്ച ആന്ധ്രയെ അവസാന മത്സരത്തില്‍ മുംബൈ പരാജയപ്പെടുത്തിയതും കേരളത്തിന്റെ സാധ്യതകള്‍ പൂര്‍ണമായും അവസാനിപ്പിച്ചു.

വിജയ് ഹസാരെ ട്രോഫിയും രഞ്ജി ട്രോഫിയിലെ ശേഷിക്കുന്ന മത്സരങ്ങളുമാണ് ഇനി കേരളത്തിന് മുമ്പിലുള്ളത്.

ഡിസംബര്‍ 23നാണ് വിജയ് ഹസാരെയില്‍ കേരളം ആദ്യ മത്സരത്തിനിറങ്ങുന്നത്. കരുത്തരായ ബറോഡയാണ് ആദ്യ എതിരാളികള്‍. ബറോഡക്ക് പുറമെ ബീഹാര്‍, ബംഗാള്‍, ദല്‍ഹി, മധ്യപ്രദേശ്, ത്രിപുര എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ഇ-യിലാണ് കേരളം ഇടം പിടിച്ചിരിക്കുന്നത്.

വിജയ് ഹസാരെ ട്രോഫിക്ക് ശേഷം 2025 ജനുവരി മൂന്നാം വാരം മുതല്‍ രഞ്ജി ട്രോഫി മത്സരം പുനരാരംഭിക്കും.

നിലവില്‍ എലീറ്റ് ഗ്രൂപ്പ് സി-യില്‍ രണ്ടാം സ്ഥാനത്താണ് കേരളം. അഞ്ച് മത്സരത്തില്‍ നിന്നും രണ്ട് ജയത്തോടെ 18 പോയിന്റാണ് കേരളത്തിനുള്ളത്. 20 പോയിന്റുമായി ഹരിയാനയാണ് ഒന്നാമത്. ഗ്രൂപ്പ് ഘട്ടത്തില്‍ മധ്യപ്രദേശിനും ബീഹാറിനുമെതിരെയാണ് കേരളത്തിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍.

 

Content Highlight: SMAT 2024: Mumbai only lost to Kerala