കോഴിക്കോട്: കേരള പൊലീസിനെതിരെ മുഖപ്രസംഗവുമായി സമസ്ത മുഖപത്രം. സുപ്രഭാതം ദിനപത്രമാണ് ‘പൊലീസില്‍ നടപ്പാക്കുന്നത് ആരുടെ അജണ്ട’ എന്ന തലക്കെട്ടോടെ മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കേരള പൊലീസിനെതിരെ വ്യാപക വിമര്‍ശനങ്ങളുണ്ടായി ദിവസങ്ങളായിട്ടും പൊലീസ് മന്ത്രി പിണറായി വിജയന് അതിനുള്ള വ്യക്തമായ മറുപടി നല്‍കാന്‍ സാധിക്കുന്നില്ലെന്ന് സുപ്രഭാതം മുഖപ്രസംഗത്തില്‍ പറയുന്നു. സി.പി.ഐ.എം നേതാക്കളായ കോടിയേരി ബാലകൃഷ്ണനും മന്ത്രി പി.എ. മുഹമ്മദ് റിയാസും, ഇപ്പോള്‍ നടക്കുന്ന സി.പി.ഐ.എം സമ്മേളനങ്ങളിലും ഇതേ ആരോപണം ഉന്നയിക്കുന്നുണ്ടെന്നും സുപ്രഭാതം പറയുന്നു.
‘കെ റെയില്‍ പദ്ധതിയില്‍ ഉറച്ച നിലപാടുമായി മുമ്പോട്ടുപോകുന്ന മുഖ്യമന്ത്രിക്ക് എന്തുകൊണ്ടാണ് പൊലിസിന്റെ ഇരട്ടത്താപ്പുകള്‍ക്കെതിരേ ഉറച്ച നിലപാട് എടുക്കാന്‍ കഴിയാതെ പോകുന്നത്? ഏറ്റവുമൊടുവില്‍ സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിലും പൊലിസിനെതിരേ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. സമ്മേളനത്തില്‍ പങ്കെടുത്ത കോടിയേരി ബാലകൃഷ്ണന്‍ ജില്ലാ പ്രതിനിധികളുടെ വിമര്‍ശനങ്ങള്‍ ശരിവയ്ക്കുന്ന പ്രസ്താവന നടത്തുകയും ചെയ്തു,’ മുഖപ്രസംഗത്തില്‍ പറയുന്നു.
അതിന് ശേഷവും പൊലീസിന്റെ ഇരട്ടത്താപ്പിന് യാതൊരു വിധത്തിലുള്ള മാറ്റവും സംഭവിച്ചിട്ടില്ലെന്നും മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു.
മലപ്പുറം ജില്ലയിലെ വെന്നിയൂര്‍ പൂക്കിപ്പറമ്പില്‍ തെന്നല മുസ്‌ലിം കോ ഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ന്യൂനപക്ഷാവകാശ സംരക്ഷണ സമ്മേളനത്തില്‍ പ്രസംഗിച്ചതിന് സമസ്തയുടെ സമുന്നത നേതാവ് അബ്ദുസമദ് പൂക്കോട്ടൂരിേെനതിരെ പൊലീസ് കേസെടുത്തത് ഇതിനുള്ള ഉദാഹരണമാണെന്നും സുപ്രഭാതം ചൂണ്ടിക്കാട്ടുന്നു.
കൊവിഡ് പ്രോട്ടോക്കാള്‍ ലംഘിച്ചതിനാണ് അബ്ദുസമദ് പൂക്കോട്ടൂരിനെതിരെ കേസെടുത്തിരിക്കുന്നതെന്നും എന്നാല്‍ പൊലീസിന്റെ തന്നെ അനുമതിയോടെയാണ് സമ്മേളനം നടത്തിയതെന്നും എഡിറ്റോറിയലില്‍ പറയുന്നു.
സമൂഹമാധ്യമങ്ങളില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നിരന്തരമായി വര്‍ഗീയ പരാമര്‍ശവും മതവിദ്വേഷം പടര്‍ത്തുന്ന പോസ്റ്റുകള്‍ ദിനം പ്രതി വന്നിട്ടും പൊലീസ് അവര്‍ക്കെതിരെ കേസെടുക്കാന്‍ മടിക്കുന്നെന്നും, ഇതിനെതിരെ പ്രതികരിക്കുന്നവര്‍ക്കെതിരെ മുറയ്ക്ക് കേസെടുത്തുകൊണ്ടിരിക്കുകയാണെന്നും വിമര്‍ശിക്കുന്നു.
‘പ്രതീഷ് വിശ്വനാഥ് ഉള്‍പ്പെടെയുള്ള സംഘ്പരിവാറുകാര്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നിത്യേന പ്രകോപനപരമായ കുറിപ്പുകളാണ് ഫേസ്ബുക്കില്‍ ഇട്ടുകൊണ്ടിരിക്കുന്നത്. ഇത്തരക്കാര്‍ക്കെതിരെ പൊലിസ് ഒരു പെറ്റി കേസുപോലും ചാര്‍ജ് ചെയ്തതായി അറിവില്ല. സംഘ്പരിവാരിന്റെ വംശീയ വിദ്വേഷ നയങ്ങള്‍ക്കെതിരേ ഫേസ്ബുക്കില്‍ വിമര്‍ശനം നടത്തിയ, ബംഗളൂരുവില്‍ ജോലി ചെയ്യുന്ന മലയാളിയുടെ ഫോണടക്കമുള്ള സാധനങ്ങള്‍ കേരള പൊലിസ് ശുഷ്‌ക്കാന്തിയോടെ പിടിച്ചെടുക്കുകയും ചെയ്തത് ദിവസങ്ങള്‍ക്കു മുമ്പാണ്.
സമാന അനുഭവങ്ങള്‍ ദിനംപ്രതി നിരവധി പേര്‍ക്കാണുണ്ടാവുന്നത്. ആര്‍.എസ്.എസിനെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശിച്ചതിനാല്‍ പലരെയും അറസ്റ്റ് ചെയ്ത സംഭവവും കേരളത്തിലുണ്ടായത് സംസ്ഥാന പൊലിസിന്റെ പോക്കിലെ ഭീതിപ്പെടുത്തുന്ന സഞ്ചാരത്തെയാണ് അറിയിക്കുന്നത്,’ മുഖപ്രസംഗത്തില്‍ പറയുന്നു.
പൊലീസ് അക്കാദമിയില്‍ ബീഫ് വിളമ്പുന്നത് നിര്‍ത്തിയതിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഐ.ജി സുരേഷ് രാജ് പുരോഹിത് അന്ന് പരസ്യമായി പറഞ്ഞത് മറക്കാറായിട്ടില്ലെന്നും എഡിറ്റോറിയലില്‍ പറയുന്നു.
പൊലിസ് ആസ്ഥാനത്ത് താന്‍ ആര്‍.എസ്.എസ് അജണ്ട നടപ്പിലാക്കുമെന്നും ആരാണ് തടയാന്‍ വരുന്നതെന്നു കാണട്ടെയെന്നുമായിരുന്നു അദ്ദേഹം പറഞ്ഞതെന്നും, അത്തരം വെല്ലുവിളികളുടെ തുടര്‍ച്ചകളാണ് കേരള പൊലിസില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും എഡിറ്റോറിയലില്‍ കൂട്ടിച്ചേര്‍ക്കുന്നു.
ജനകീയ സമരങ്ങളെ അടിച്ചൊതുക്കുന്ന പൊലീസ് നയം ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചതാണെന്നും നിരവധി കസ്റ്റഡി മരണങ്ങള്‍ ഇക്കാലയളവില്‍ നടന്നതായും എഡിറ്റോറിയല്‍ പറയുന്നു. യു.എ.പി.എ കരിനിയമങ്ങള്‍ പൊലീസ് ദുരുപയോഗിച്ചുവെന്നും മുഖപ്രസംഗത്തില്‍ ആക്ഷേപമുന്നയിക്കുന്നു.
ജനാധിപത്യപരമായി അധികാരത്തിലെത്തില്ല എന്ന ബോധ്യമുള്ളതുകൊണ്ട് ഭരണ സിരാ കേന്ദ്രങ്ങളിലും വിദ്യാഭ്യാസ, സാമൂഹിക, കലാ സാംസ്‌കാരിക രംഗങ്ങളിലും സര്‍ക്കാരുകളുടെ മര്‍മസ്ഥാനങ്ങളിലും പൊലിസിലും നുഴഞ്ഞ് കയറുക എന്ന ആര്‍.എസ്.എസ് അജണ്ട
യാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നതെന്നും സുപ്രഭാതം ആരോപിക്കുന്നു.
സുപ്രഭാതം മുഖപ്രസംഗത്തിന്റെ പൂര്‍ണരൂപം:
കേരളത്തിന്റെ ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണോ അതല്ല നിക്ഷിപ്ത താല്‍പര്യക്കാരാണോ എന്ന ചോദ്യം ഉയരാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. അതിന്റെ വ്യക്തമായ മറുപടി നടപടികളിലൂടെ നല്‍കാന്‍ പിണറായി വിജയന് സാധിക്കുന്നില്ലെന്നാണ് ദിനംപ്രതി പൊലിസിന്റെ ഭാഗത്തുനിന്നുണ്ടാവുന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി മുഹമ്മദ് റിയാസും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സി.പി.എം ജില്ലാ സമ്മേളനങ്ങളും പൊലിസിന്റെ വീഴ്ചകള്‍ സമ്മതിച്ചിട്ടും സേനയില്‍ നിന്നുണ്ടാകുന്ന അതിക്രമങ്ങള്‍ ശമനമില്ലാതെ തുടരുകയാണ്. കെ റെയില്‍ പദ്ധതിയില്‍ ഉറച്ച നിലപാടുമായി മുമ്പോട്ടുപോകുന്ന മുഖ്യമന്ത്രിക്ക് എന്തുകൊണ്ടാണ് പൊലിസിന്റെ ഇരട്ടത്താപ്പുകള്‍ക്കെതിരേ ഉറച്ച നിലപാട് എടുക്കാന്‍ കഴിയാതെ പോകുന്നത്? ഏറ്റവുമൊടുവില്‍ സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിലും പൊലിസിനെതിരേ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. സമ്മേളനത്തില്‍ പങ്കെടുത്ത കോടിയേരി ബാലകൃഷ്ണന്‍ ജില്ലാ പ്രതിനിധികളുടെ വിമര്‍ശനങ്ങള്‍ ശരിവയ്ക്കുന്ന പ്രസ്താവന നടത്തുകയും ചെയ്തു.
അതിന് ശേഷവും പൊലിസ് നടപടികളിലെ ഇരട്ടത്താപ്പിന് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സമസ്തയുടെ സമുന്നത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരേ തിരൂരങ്ങാടി പൊലിസ് എടുത്ത കള്ളക്കേസ്. മലപ്പുറം ജില്ലയിലെ വെന്നിയൂര്‍ പൂക്കിപ്പറമ്പില്‍ തെന്നല മുസ്‌ലിം കോ ഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ന്യൂനപക്ഷാവകാശ സംരക്ഷണ സമ്മേളനത്തില്‍ പ്രസംഗിച്ചതിനാണ് കേസ്. കൊവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ചു എന്നാണ് കേസിനാധാരം. കൊവിഡ് സംബന്ധമായ എല്ലാ പ്രോട്ടോക്കോളും പാലിച്ചുകൊണ്ടാണ് സമ്മേളനം നടത്തിയത്. സമ്മേളനം നടത്താന്‍ പൊലിസ് അനുമതി ലഭിച്ചിട്ടുണ്ട്. മൈക്ക് പെര്‍മിറ്റും അനുവദിച്ചതാണ്. എന്നിട്ടും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു എന്ന പേരില്‍ തിരൂരങ്ങാടി പൊലിസ് കേസെടുത്തത് ആരുടെ നിര്‍ദേശ പ്രകാരമാണ്?
സമൂഹമാധ്യമങ്ങളില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ വര്‍ഗീയ വിദ്വേഷം പരത്തുന്ന പരാമര്‍ശങ്ങള്‍ നിത്യേനയെന്നോണം തുരുതുരാ വന്നുകൊണ്ടിരുന്നിട്ടും പൊലിസ് ഒരു നടപടിയും എടുക്കുന്നില്ല. ഇതിനെതിരേ പ്രതികരിക്കുന്നവര്‍ക്കെതിരേ മുറയ്ക്ക് കേസെടുത്തു കൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രതീഷ് വിശ്വനാഥ് ഉള്‍പ്പെടെയുള്ള സംഘ്പരിവാറുകാര്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നിത്യേന പ്രകോപനപരമായ കുറിപ്പുകളാണ് ഫേസ്ബുക്കില്‍ ഇട്ടുകൊണ്ടിരിക്കുന്നത്. ഇത്തരക്കാര്‍ക്കെതിരേ പൊലിസ് ഒരു പെറ്റി കേസുപോലും ചാര്‍ജ് ചെയ്തതായി അറിവില്ല. സംഘ്പരിവാരിന്റെ വംശീയ വിദ്വേഷ നയങ്ങള്‍ക്കെതിരേ ഫേസ്ബുക്കില്‍ വിമര്‍ശനം നടത്തിയ, ബംഗളൂരുവില്‍ ജോലി ചെയ്യുന്ന മലയാളിയുടെ ഫോണടക്കമുള്ള സാധനങ്ങള്‍ കേരള പൊലിസ് ശുഷ്‌ക്കാന്തിയോടെ പിടിച്ചെടുക്കുകയും ചെയ്തത് ദിവസങ്ങള്‍ക്കു മുമ്പാണ്. സമാന അനുഭവങ്ങള്‍ ദിനംപ്രതി നിരവധി പേര്‍ക്കാണുണ്ടാവുന്നത്. ആര്‍.എസ്.എസിനെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശിച്ചതിനാല്‍ പലരെയും അറസ്റ്റ് ചെയ്ത സംഭവവും കേരളത്തിലുണ്ടായത് സംസ്ഥാന പൊലിസിന്റെ പോക്കിലെ ഭീതിപ്പെടുത്തുന്ന സഞ്ചാരത്തെയാണ് അറിയിക്കുന്നത്.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണോ സംസ്ഥാനത്ത് ഇപ്പോള്‍ പൊതുപരിപാടികളും സി.പി.എം ജാഥകളും നടന്നുകൊണ്ടിരിക്കുന്നത്. സി.പി.എം ജില്ലാ സമ്മേളനങ്ങള്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ഇവര്‍ക്കൊന്നും കൊവിഡ് പ്രോട്ടോക്കോള്‍ ബാധകമല്ലേ! സാധാരണ പൗരന്‍ എന്താണ് ഇതില്‍ നിന്നെല്ലാം മനസിലാക്കേണ്ടത്. ആഭ്യന്തര വകുപ്പിന്റെ അറിവോടെ തന്നെയാണ് പൊലിസ് ഒരു വിഭാഗത്തിനെതിരേ മാത്രം കേസെടുത്തുകൊണ്ടിരിക്കുന്നത് എന്നല്ലേ? അതല്ല, മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിനും അപ്പുറമാണ് പൊലിസെന്നോ? തൃശൂരിലെ പൊലിസ് അക്കാദമിയില്‍ ബീഫ് വിളമ്പുന്നത് നിരോധിച്ചതിനെതിരേ പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോള്‍ നിരോധനത്തെ ന്യായീകരിച്ചു കൊണ്ട് ഐ.ജി സുരേഷ് രാജ് പുരോഹിത് അന്ന് പരസ്യമായി പറഞ്ഞത് മറക്കാറായിട്ടില്ല. പൊലിസ് ആസ്ഥാനത്ത് താന്‍ ആര്‍.എസ്.എസ് അജന്‍ഡ നടപ്പിലാക്കുമെന്നും ആരാണ് തടയാന്‍ വരുന്നതെന്നു കാണട്ടെയെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. അത്തരം വെല്ലുവിളികളുടെ തുടര്‍ച്ചകളാണ് കേരള പൊലിസില്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് വേണം കരുതാന്‍.
ജനകീയ സമരങ്ങളെ ക്രൂരമായി അടിച്ചൊതുക്കുന്ന പൊലിസ് നയം ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചതാണ്. കസ്റ്റഡി മരണങ്ങള്‍ ഏറെയും ഈ കാലത്താണ് നടന്നത്. യു.എ.പി.എ നിയമങ്ങളുടെ ദുരുപയോഗം രണ്ട് വിദ്യാര്‍ഥികള്‍ക്ക് നേരെ ഉണ്ടായി. അവര്‍ സി.പി.എം പ്രവര്‍ത്തകരായിരുന്നുവെങ്കിലും ആ പേരുകള്‍ അലന്‍ ശുഹൈബ്, ത്വാഹ ഫസല്‍ എന്നിങ്ങനെയായിരുന്നു. അധികാരത്തിന്റെ നിരന്തരമായ ദുരുപയോഗമാണ് രണ്ടാം പിണറായി സര്‍ക്കാരിലും ദൃശ്യമായിക്കൊണ്ടിരിക്കുന്നത്.
പൊലിസ് തലപ്പത്ത് എടുക്കുന്ന തീരുമാനങ്ങള്‍ എങ്ങനെ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുമെതിരേ പ്രയോഗിക്കാമെന്ന് ഗവേഷണം നടത്തി നടപ്പിലാക്കുന്ന ഒരു വിഭാഗം പൊലിസില്‍ തഴച്ചുവളരുന്നു. വരുന്ന അമ്പത് കൊല്ലത്തേക്കെങ്കിലും കേരളത്തില്‍ ബി.ജെ.പി അധികാരത്തില്‍ വരില്ലെന്ന് തീര്‍ത്ത് പറഞ്ഞത് ബി.ജെ.പി മുന്‍ എം.എല്‍.എ ഒ. രാജഗോപാലാണ്. ഒ. രാജഗോപാല്‍ ബി.ജെ.പിക്ക് നല്‍കിയ ഈ സന്ദേശം ഒരു തിരിച്ചറിവായി എടുത്ത്, അധികാരത്തില്‍ വരാന്‍ കഴിയില്ലെങ്കില്‍ ഭരണ സിരാ കേന്ദ്രങ്ങളിലും വിദ്യാഭ്യാസ, സാമൂഹിക, കലാ സാംസ്‌കാരിക രംഗങ്ങളിലും സര്‍ക്കാരുകളുടെ മര്‍മസ്ഥാനങ്ങളിലും പൊലിസിലും നുഴഞ്ഞ് കയറുക എന്ന ആര്‍.എസ്.എസ് അജന്‍ഡയല്ലേ സംസ്ഥാനത്ത് ഇപ്പോള്‍ പ്രാവര്‍ത്തികമായി കൊണ്ടിരിക്കുന്നത്. ഇതാകട്ടെ ദേശീയ തലത്തില്‍ ആര്‍.എസ്.എസ് അതിന്റെ ആവിര്‍ഭാവം മുതല്‍ എടുത്ത തീരുമാനവുമാണ്. ഉദാഹരണങ്ങള്‍ ഓരോന്നായി പൊലിസിലും വിദ്യാഭ്യാസ രംഗങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്നു.
രജീന്ദര്‍ സച്ചാര്‍ കമ്മിഷന്‍ നൂറ് ശതമാനം വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കായി മാത്രം ശുപാര്‍ശ ചെയ്തതാണ്. യു.പി.എ സര്‍ക്കാര്‍ അംഗീകരിച്ച് ഇന്ത്യയൊട്ടാകെ നടപ്പിലാക്കിയ പദ്ധതി കേരളത്തില്‍ മാത്രം ഇടത് മുന്നണി ഭരണത്തില്‍ നഗ്‌നമായി അട്ടിമറിക്കപ്പെട്ടു. വഖ്ഫ് നിയമനങ്ങള്‍ കേരളത്തില്‍ മാത്രം പി.എസ്.സിക്ക് വിട്ടു. ഈ പശ്ചാത്തലത്തില്‍ നിന്ന് വേണം പൊലിസിലും വിഭ്യാഭ്യാസ മേഖലയിലുമുള്ള ആര്‍.എസ്.എസ് സ്വാധീനം പരിശോധിക്കാന്‍. നിയമസഭാ തെരഞ്ഞെടുപ്പുകളിലൂടെ സംസ്ഥാനത്ത് അടുത്ത കാലത്തൊന്നും അധികാരത്തില്‍ എത്താന്‍ കഴിയില്ല എന്ന ബോധ്യത്തില്‍ നിന്നായിരിക്കണം എതിര്‍പ്പുകളുണ്ടായിട്ടും പൊലിസില്‍ ആര്‍.എസ്.എസ് അജണ്ട അതിവേഗത്തില്‍ നടപ്പിലായിക്കൊണ്ടിരിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Smasta Newspaper Suprabhatham, writes editorial lasjing Kerala Police