ദിനംപ്രതി മാറുന്നതാണ് സ്മാര്‍ട്ട് ഫോണ്‍ വിപണി. ഓരോ ആഴ്ചയും നിരവധി പുതിയ മോഡലുകളാണ് വിപണിയിലെത്തുന്നത്. ഇഷ്ടപ്പെട്ട പല മോഡലുകളും വിപണിയിലുണ്ടെങ്കിലും പണം മിക്കവര്‍ക്കും ഒരു പ്രശ്‌നമാണ്. എന്നാല്‍ പുതിയ മോഡലുകള്‍ വിപണിയിലെത്തുമ്പോഴും ടാര്‍ജറ്റ് പൂര്‍ത്തിയാവുമ്പോഴും സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ ഫോണ്‍ വില കുറയ്ക്കാറുണ്ട്. മികച്ച ഫോണുകള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാനാഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരമാണത്. ഈയിടെ വില കുറച്ച പ്രമുഖ കമ്പനികളുടെ ഫോണുകള്‍ പരിചയപ്പെടാം.
കൂള്‍പാഡ് 1, കൂള്‍പാഡ് നോട്ട് 5, കൂള്‍പാഡ് നോട്ട് 5 ലൈറ്റ്
ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ കൂള്‍പ്പാഡ് വന്‍വിലക്കുറവാണ് തങ്ങളുടെ ജനപ്രിയ മോഡലുകളായ കൂള്‍പാഡ് 1, കൂള്‍പാഡ് നോട്ട് 5, കൂള്‍പാഡ് നോട്ട് 5 ലൈറ്റ് എന്നിവയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കൂള്‍പാഡ് 1 ഡ്യുവലിന് 6000 രൂപയാണ് കുറച്ചിരിക്കുന്നത്. 11,999 വിലയുണ്ടായിരുന്ന 3ജിബി റാം 32 ജിബി സ്റ്റോറെജ് മോഡല്‍ ഇപ്പോള്‍ 7,999 രൂപയ്ക്ക് ലഭിക്കും. 14,999 രൂപയ്ക്ക് പുറത്തിറങ്ങിയ 4ജിബി മോഡലിന്റെ വില 8,999 രൂപയാക്കി കുറച്ചു.
കൂള്‍പാഡ് നോട്ട് 5ന് 4,000 രൂപയുടെ കുറവുണ്ട്. 7,999 രൂപയാണ് ഇപ്പോഴത്തെ വില. കൂള്‍പാഡ് 5 ലൈറ്റിന് 3,000 രൂപയുടെ വിലക്കുറവുണ്ട്. 8,999 വിലയുണ്ടായിരുന്ന മോഡല്‍ ഇപ്പോള്‍ 5,999 രൂപയ്ക്ക് ലഭിക്കും.
മോട്ടോ ജി5 എസ് പ്ലസ്, മോട്ടോ ജി5 എസ്, മോട്ടോ ജി 5
മോട്ടോറോള മൊബിലിറ്റിയുടെ മോഡലുകളായ മോട്ടോ ജി5 എസ് പ്ലസ്, മോട്ടോ ജി5 എസ്, മോട്ടോ ജി 5 എന്നിവയുടെ വില ഫെബ്രുവരിയിലാണ് കമ്പനി കുറച്ചത്. 11,999 രൂപ വിലയുണ്ടായിരുന്ന ജി5 8,499 രൂപയ്ക്ക് ഇപ്പോള്‍ ലഭ്യമാവും. ജി5 എസിനും ജി5 എസ് പ്ലസിനും 11,999 – 13,999 എന്നിവയാണ് പുതിയ വില.
നോക്കിയ 8, നോക്കിയ 5
ഒരു കാലത്ത് മൊബൈല്‍ ഫോണ്‍ എന്ന വാക്കിന്റെ പര്യായമായിരുന്നു നോക്കിയ. ആന്‍ഡ്രോയിഡിന്റെ കടന്നു കയറ്റത്തോടെ വിപണി വിടേണ്ടി വന്ന നോക്കിയ വീണ്ടും കേരള വിപണിയില്‍ കാലുറപ്പിച്ച മോഡലുകളാണ് 8 ഉം 5 ഉം. 36,999 രൂപ വിലയുണ്ടായിരുന്ന നോക്കിയ 8ന് 8,000 രൂപ വില കുറച്ച് 28,999 ലെത്തിയിട്ടുണ്ട്. നോക്കിയയുടെ ബഡ്ജറ്റ് മോഡലായ നോക്കിയ 5 1000 രൂപ വിലകുറച്ച് 12,499 രൂപയ്ക്ക് ലഭ്യമാണ്.
സാംസങ്ങ് ഗാലക്‌സി ജെ 7 നെക്സ്റ്റ്, സാംസങ്ങ് ജെ 7 പ്രൈം, ഗാലക്‌സി ജെ2 പ്രൊ, ഗാലക്‌സി ജെ2
1000 രൂപയുടെ വിലക്കുറവോടെയാണ് സാംസങ്ങിന്റെ ഹിറ്റ് മോഡലായ ഗാലക്‌സി ജെ7 മാര്‍ക്കറ്റിലുള്ളത്. 13,900 രൂപയാണ് ഇപ്പോഴത്തെ വില. ഗാലക്‌സി ജെ7 നെക്‌സ്റ്റിന് 10,490 രൂപയാണ് പുതിയ വില.
2016ല്‍ പുറത്തിറങ്ങിയ ഗാലക്‌സി ജെ2 പ്രൊ 2,200 രൂപ വിലകുറഞ്ഞ് 7,690 രൂപയ്ക്ക് ലഭ്യമാണ്. ഗാലക്‌സി ജെ2 വിന്റെ 2017 മോഡല്‍ 800 രൂപയുടെ വിലക്കുറവില്‍ 6,590 രൂപയ്ക്ക് ലഭ്യമാണ്.
വിവോ വി7, വൈ69, വൈ55
സ്‌ക്രീന്‍ ബോര്‍ഡറില്ലാത്ത വിവോ മോഡലായ വി7ന് 2000 രൂപ വില കുറഞ്ഞിട്ടുണ്ട്. 18,990 രൂപ വിലയുണ്ടായിരുന്ന ഫോണിന് 16,990 രൂപയാണ് പുതിയ വില. 24 എം.പി സെല്‍ഫി ക്യാമറ അവതരിപ്പിച്ച് യുവാക്കളെ വിസ്മയിപ്പിച്ച മോഡലാണ് വി7.
വിവോയുടെ ബഡ്ജറ്റ് മോഡലായ വൈ69 ഇപ്പോള്‍ 13,990 രൂപയ്ക്ക് ലഭ്യമാണ്. വൈ55 10,490 നാണ് വിപണിയിലുള്ളത്.
ഹോണര്‍ 8 പ്രൊ
ചൈനീസ് കമ്പനിയായ “വാവേയ്” യുടെ ജനപ്രിയ മോഡലുകളാണ് ഹോണര്‍ ശ്രേണിയിലുള്ളത്. മികച്ച ബാറ്ററി ബാക്കപ്പും പ്രൊസസറും ഹോണറിനെ ഇഷ്ടഫോണാക്കുന്നു. 6ജബി റാം ശേഷിയുള്ള ഹോണര്‍ 8 ന് 4,000 രൂപയുടെ വിലക്കുറവുണ്ട്. 29,999 രൂപയ്ക്ക് വിപണിയിലെത്തിയ ഹോണര്‍ 8ന് 25,999 രൂപയാണ് പുതിയ വില.
ഒപ്പോ എ71
സെല്‍ഫി പ്രേമികള്‍ക്കിടയില്‍ പ്രിയങ്കരനായ ഒപ്പോയും തങ്ങളുടെ ജനപ്രിയ മോഡലായ എ71ന് വില കുറച്ച് രംഗത്തുണ്ട്. 12,990 രൂപ വിലയുണ്ടായിരുന്ന എ71ന് 9,990 രൂപയാണ് പുതിയ വില.
എച്ച്.ടി.സി യു11
തായ്വാന്‍ കമ്പനിയായ എച്ച്.ടി.സി തങ്ങളുടെ ഹൈ എന്‍ഡ് മോഡലായ യു11 ന്റെ വില ഇന്ത്യയില്‍ കുറച്ചിട്ടുണ്ട്. 51,990 രൂപ വിലയുണ്ടായിരുന്ന യു11ന് 45,999 രൂപയാണ് ഇപ്പോള്‍ വില. ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ യു11 ഓര്‍ഡര്‍ ചെയ്യാം.
ആസൂസ് സെന്‍ ഫോണ്‍3, സെന്‍ ഫോണ്‍ മാക്‌സ്
സെന്‍ ഫോണ്‍3, സെന്‍ ഫോണ്‍ മാക്‌സ് ഉള്‍പ്പെടെ 7 മോഡലിന്റെ വില അസൂസ് കുറച്ചിട്ടുണ്ട്. 2000 രൂപ കുറഞ്ഞ സെന്‍ ഫോണ്‍ 3യുടെ ഇപ്പോഴത്തെ വില 11,999 രൂപയാണ്. സെന്‍ഫോണ്‍ 3 മാക്‌സ് 8,499 രൂപയ്ക്ക് കിട്ടും. സെന്‍ഫോണ്‍ ഗോ സീരീസിലുള്ള ഫോണുകള്‍ക്കും വില കുറഞ്ഞിട്ടുണ്ട്.
ബ്ലാക്ക്‌ബെറി കീ വണ്‍
ബ്ലാക്ക് ബെറിയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായ കീവണിനും വില കുറച്ചിട്ടുണ്ട്. ആഗസ്റ്റില്‍ റിലീസ് ചെയ്ത ഫോണിന് 4,000 രൂപയുടെ വിലക്കുറവുണ്ട്. 39,999 രൂപയ്ക്ക് വിപണിയിലെത്തിയ ഫോണിന് 35,999 രൂപയാണ് ഇപ്പോള്‍ വില. 4.5 ഇഞ്ച് സ്‌ക്രാച്ച് റെസിസ്റ്റ് സ്‌ക്രീനാണ് കീവണിന്. 4ജിബി റാമും 64 ജിബി സ്‌റ്റോറേജുമുണ്ട്. സ്‌നാപ് ഡ്രോഗണ്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന കീവണില്‍ ആന്‍ഡ്രോയിഡ് നോഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്.