രക്തസമ്മര്‍ദ്ദം അളക്കാന്‍ ഇനി സ്മാര്‍ട്ട് ഫോണിന്റെ കെയ്‌സ് മതിയാകും; 3 ഡി പ്രിന്റിങ്ങിലൂടെ നിര്‍മ്മിച്ച സ്മാര്‍ട്ട് ഫോണ്‍ കെയ്‌സിന്റെ വിശേഷങ്ങള്‍
Blood Pressure
രക്തസമ്മര്‍ദ്ദം അളക്കാന്‍ ഇനി സ്മാര്‍ട്ട് ഫോണിന്റെ കെയ്‌സ് മതിയാകും; 3 ഡി പ്രിന്റിങ്ങിലൂടെ നിര്‍മ്മിച്ച സ്മാര്‍ട്ട് ഫോണ്‍ കെയ്‌സിന്റെ വിശേഷങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th March 2018, 4:36 pm

സ്മാര്‍ട്ട് ഫോണുകളുടെ “ആരോഗ്യം” സംരക്ഷിക്കാനാണ് നമ്മള്‍ അതിനെ കെയ്‌സുകള്‍ ധരിപ്പിച്ച് കൊണ്ടുനടക്കാറ്. വീഴ്ചകളില്‍ നിന്നുള്‍പ്പെടെയുള്ള പരുക്കുകളില്‍ നിന്ന് ഫോണിനെ സംരക്ഷിക്കാന്‍ ഈ കെയ്‌സുകള്‍ സഹായിക്കും. എന്നാല്‍ ഇപ്പോഴിതാ ഫോണിന്റെ മാത്രമല്ല, ഫോണ്‍ ഉടമയുടെ ആരോഗ്യത്തിന്റെ കാര്യത്തിലും തങ്ങള്‍ക്ക് ചിലതു ചെയ്യാനുണ്ടെന്നാണ് ഗവേഷകലോകത്തു നിന്നുള്ള പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.


Also Read: അത് പലരെയും അസ്വസ്ഥരാക്കിയേക്കും, എങ്കിലും ഞങ്ങള്‍ക്ക് ഖേദമില്ല: നിലപാട് വ്യക്തമാക്കി പാര്‍വ്വതി


സ്മാര്‍ട്ട് ഫോണ്‍ ഉടമയുടെ രക്തസമ്മര്‍ദ്ദം അളക്കാന്‍ കഴിയുന്ന തരം ഫോണ്‍ കെയ്‌സുകളാണ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. അമേരിക്കയില്‍ നിന്നും ദക്ഷിണ കൊറിയയില്‍ നിന്നുമുള്ള ഗവേഷകരാണ് 3 ഡി പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇത്തരമൊരു കെയ്‌സ് നിര്‍മ്മിച്ചിരിക്കുന്നത്. ചികിത്സാ രംഗത്ത് -പ്രത്യേകിച്ച് വികസിത രാജ്യങ്ങളില്‍- ഈ കെയ്‌സ് ഏറെ ഉപകാരപ്പെടുമെന്നാണ് വിലയിരുത്തല്‍. രക്തസമ്മര്‍ദ്ദം അളക്കാനുള്ള പരമ്പരാഗത ഉപകരണത്തിന് ക്ഷാമമുള്ളതിനാലാണ് വികസിതരാജ്യങ്ങളില്‍ ഈ കെയ്‌സിന് പ്രാധാന്യമേറുന്നത്.

ഈ സ്മാര്‍ടട് ഫോണ്‍ കെയ്‌സിന്‍മേലുള്ള പ്രഷര്‍ സെന്‍സറില്‍ ഉപഭോക്താക്കള്‍ വിരല്‍ വെക്കുക മാത്രമേ വേണ്ടൂ എന്ന് 3ഡി പ്രിന്റ് ഡോട്ട് കോം എന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്മാര്‍ട്ട് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത പ്രത്യേക ആപ്ലിക്കേഷനിലാണ് രക്തസമ്മര്‍ദ്ദം ഗ്രാഫ് രൂപത്തില്‍ രേഖപ്പെടുത്തുക. വിരലില്‍ ഉണ്ടാകുന്ന രക്തസമ്മര്‍ദ്ദമാണ് ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തുക. വെളിച്ചത്തിന്റെ ആഗിരണം അളക്കാനുള്ള മറ്റൊരു സെന്‍സറും കെയ്‌സില്‍ ഉണ്ട്.


Don”t Miss: #MeToo ഹാഷ്ടാഗിന്റെ യുഗത്തില്‍ ‘കാര്‍ ഗേള്‍സി’നു വേണ്ടിയും ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്


സെന്‍സറില്‍ നിന്നുള്ള വിവരങ്ങള്‍ അപഗ്രഥിച്ചാണ് ആപ്ലിക്കേഷന്‍ രക്തസമ്മര്‍ദ്ദം പ്രദര്‍ശിപ്പിക്കുക. അമേരിക്കയിലെ മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് മെറിലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരുടേയും ദക്ഷിണ കൊറിയയിലെ ചോന്നാം യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടേയും സംയുക്തസംഘമാണ് 3 ഡി പ്രിന്റിങ്ങിലൂടെ വികസിപ്പിച്ചെടുത്ത രക്തസമ്മര്‍ദ്ദം അളക്കാന്‍ കഴിയുന്ന തരം സ്മാര്‍ട്ട് ഫോണ്‍ കെയ്‌സിന്റെ ആദ്യരൂപം 30 പേരില്‍ വിജയകരമായി പരീക്ഷിച്ചത്.

അവരില്‍ ഭൂരിഭാഗം പേരും കെയ്‌സ് ഉപയോഗിക്കാന്‍ വളരെ എളുപ്പം പഠിച്ചു. 90 ശതമാനം ആളുകളും മൂന്നു ശ്രമങ്ങള്‍ക്കുള്ളില്‍ തന്നെ കെയ്‌സിലെ സെന്‍സറില്‍ ശരിയായി വിരല്‍ വെക്കാന്‍ പഠിച്ചു. ഫലങ്ങള്‍ കൂടുതല്‍ കൃത്യമാക്കാന്‍ വേണ്ടി പലതവണ കെയ്‌സ് പരീക്ഷിച്ചു. 3 ഡി പ്രിന്റിങ്ങിന്റെ ആധുനിക വൈദ്യശാസ്ത്രരംഗത്തെ സാധ്യതകള്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.