സ്മാര്‍ട്ട്‌സിറ്റി പദ്ധതി: കേരളത്തിലെ അഞ്ച് നഗരങ്ങളിലെ കുടിവെള്ളം സ്വകാര്യവത്കരിക്കപ്പെടും
Daily News
സ്മാര്‍ട്ട്‌സിറ്റി പദ്ധതി: കേരളത്തിലെ അഞ്ച് നഗരങ്ങളിലെ കുടിവെള്ളം സ്വകാര്യവത്കരിക്കപ്പെടും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd September 2015, 8:33 am

water-01ന്യൂദല്‍ഹി: നഗരവികസനപദ്ധതികളുടെ മറവില്‍ കുടിവെള്ള വിതരണവും സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര നഗരവികസന മന്ത്രാലയം പദ്ധതി തയ്യറാക്കുന്നു. സ്മാര്‍ട്ട്‌സിറ്റി പദവി ലഭിക്കുന്ന രാജ്യത്തെ 100 നഗരങ്ങളില്‍ കുടിവെള്ള വിതരണം സ്വകാര്യവത്കരിക്കുന്നതിനുള്ള നീക്കങ്ങളാണു നടക്കുന്നത്.

കുടിവെള്ള വിതരണം പൊതു-സ്വകാര്യ പങ്കാളിത്ത മോഡലില്‍ കൊണ്ടുവരാനുള്ള പദ്ധതിയുടെ കരടു കരാറിന് കേന്ദ്ര നഗരവികസന മന്ത്രാലയം രൂപം നല്‍കി വരികയാണ്. കേരളത്തില്‍ സ്മാര്‍ട്ട് സിറ്റിയാവാനൊരുങ്ങുന്ന കൊച്ചിയിലും തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, തൃശൂര്‍ തുടങ്ങി 17 നഗരങ്ങളിലും കുടിവെള്ള വിതരണം സ്വകാര്യ കമ്പനികള്‍ നിയന്ത്രിക്കും.

ജലം പാഴാക്കുന്നതും പണം നല്‍കാതെ ഉപയോഗിക്കുന്നതും തടയാനാണ് പൊതുസ്വകാര്യ മേഖലക്ക് പദ്ധതി നടത്തിപ്പ് നല്‍കുന്നത് എന്നാണ് സര്‍ക്കാര്‍ വിശദീകരണം. പൊതു ഉടമസ്ഥതയിലുള്ള ജലവിതരണം ബഹുരാഷ്ട്ര കുത്തകകള്‍ക്കു നല്‍കുകവഴി ജലവിതരണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ ന്യായീകരണം.

എന്നാല്‍, സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുമായി സഹകരിക്കാം എന്നു പ്രഖ്യാപിച്ച ധനകാര്യ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും സമ്മര്‍ദമാണ് സ്വകാര്യവത്കരണ നീക്കത്തിനു പിന്നില്‍ എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

പദ്ധതിയുടെ ആദ്യ രൂപരേഖ തയാറായി. യൂസര്‍ ഫീസ്, നിരക്ക് നിര്‍ണയം തുടങ്ങിയ വിഷയങ്ങളില്‍ വ്യക്തത വന്ന ശേഷമേ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവൂ.

പൊതുസ്വകാര്യ പങ്കാളിത്തത്തില്‍ തന്നെ സ്വകാര്യ പങ്കാളിക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്ന റിഹാബിലിറ്റേറ്റ് ഓപറേറ്റ് ട്രാന്‍സ്ഫര്‍ മോഡല്‍ സ്മാര്‍ട്ട്‌സിറ്റികളില്‍ കൊണ്ടുവരാനുള്ള നീക്കമാണ് നടക്കുന്നത്. ഇതുപ്രകാരം ജലവിതരണത്തിന്റെ മുഴുവന്‍ ചുമതലയും സ്വകാര്യ പങ്കാളിക്ക് ആയിരിക്കും. ജലവിതരണത്തിന്റെ കാര്യക്ഷമത വര്‍ധിക്കുന്നതനുസരിച്ച് യൂസര്‍ഫീയില്‍ വര്‍ധനവ വരുത്താനും കമ്പനിക്ക് കഴിയുന്ന വ്യവസ്ഥകള്‍ കരാറിലുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

സ്മാര്‍ട്ട്‌സിറ്റി സംബന്ധിച്ച് നഗരസഭാ മേധാവികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ക്കും കേന്ദ്രം സംഘടിപ്പിച്ച ശില്‍പശാലകളില്‍ ഇതുസംബന്ധിച്ച സൂചന നല്‍കിയിരുന്നു. മുടങ്ങാത്ത ജലവിതരണവും മികച്ച ജലമാനേജ്‌മെന്റും സ്മാര്‍ട്ട്‌നഗരങ്ങളില്‍ നിര്‍ബന്ധമാണ്. സ്വകാര്യമേഖലയില്‍നിന്ന് ലഭിക്കുന്ന ധനസഹായം സ്മാര്‍ട്ട്‌സിറ്റി വികസനത്തിന് നിര്‍ണായകമാകയാല്‍ ജല മാനേജ്‌മെന്റ് രംഗത്തെ സ്വകാര്യ പങ്കാളിത്തം അവഗണിക്കാന്‍ കഴിയില്ല എന്നാണ് സര്‍ക്കാര്‍ വാദം.

ലോകബാങ്ക് നിര്‍ദേശ പ്രകാരം കുടിവെള്ള വിതരണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ പലകുറി നീക്കമുണ്ടായെങ്കിലും എതിര്‍പ്പിനെതുടര്‍ന്ന് സര്‍ക്കാറുകള്‍ പിന്‍വാങ്ങുകയായിരുന്നു. എ.ഡി.ബി വായ്പാ കരാറിന്റെ ഭാഗമായി കൊച്ചിയില്‍ പൊതുടാപ്പുകള്‍ മീറ്റര്‍ ചെയ്യാന്‍ നീക്കമുണ്ടായപ്പോള്‍ ശക്തമായ സമരത്തിലൂടെയാണ് പദ്ധതി പരാജയപ്പെടുത്തിയത്.

നേരത്തെ മുംബൈയിലും ദല്‍ഹിയിലും കുടിവെള്ള വിതരണം സ്വകാര്യവത്കരിക്കാന്‍ ശ്രമം നടന്നിരുന്നു. അതും പ്രതിഷേധങ്ങളെ തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു. അതുകൊണ്ടുതന്നെ വളരെ ശ്രദ്ധയോടെയാണ് നഗരവികസന മന്ത്രാലയം പുതിയ നീക്കം തുടങ്ങിയിരിക്കുന്നത്.

പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളുടെ പ്രതിനിധികളുമായും നഗരസഭാ പ്രതിനിധികളുമായും നഗരവികസന മന്ത്രാലയം ചര്‍ച്ച നടത്തിയിരുന്നു. മനില, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ ജലവിതരണം സ്വകാര്യ പങ്കാളിത്തത്തിലാക്കിയതിന്റെ മേന്മകള്‍ യോഗത്തില്‍ വിശദീകരിക്കുകയും ചെയ്തിരുന്നു.