പാഠഭാഗങ്ങള്‍ ഓണ്‍ ലൈനായി പഠിക്കാന്‍ സ്മാര്‍ട്ട് ഇന്ത്യ പദ്ധതി
India
പാഠഭാഗങ്ങള്‍ ഓണ്‍ ലൈനായി പഠിക്കാന്‍ സ്മാര്‍ട്ട് ഇന്ത്യ പദ്ധതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st September 2012, 9:52 am

മലപ്പുറം: എല്‍.കെ.ജി മുതല്‍ 12 ാംതരം വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പാഠഭാഗങ്ങള്‍ ഓണ്‍ ലൈനായി പഠിക്കാന്‍ സൗകര്യമൊരുക്കുന്ന സ്മാര്‍ട്ട് ഇന്ത്യ പദ്ധതി വരുന്നു. കേന്ദ്രസര്‍ക്കാര്‍ അംഗീകാരമുള്ള ഭാരത് സേവക് സമാജത്തിന്റെ കീഴില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലാണ് പദ്ധതി വരുന്നത്.[]

വിവിധ പരീക്ഷകളുമായി ബന്ധപ്പെട്ട 10 ലക്ഷത്തിലധികം ചോദ്യങ്ങളാണ് സ്മാര്‍ട്ട് ഇന്ത്യ പദ്ധതിയിലൂടെ പരിശീലനത്തിന് ലഭിക്കുന്നത്. ജില്ലാതലത്തില്‍ ഏരിയ ഡവലപ്‌മെന്റ് മാനേജര്‍മാര്‍ക്കും നിയോജക മണ്ഡലതലത്തില്‍ സെന്റര്‍ ഡവലപ്‌മെന്റ് മാനേജര്‍മാര്‍ക്കുമായിരിക്കും പദ്ധതിയുടെ ചുമതല.

കേരളത്തില്‍ പലയിടങ്ങളിലായി 250ലധികം സെന്ററുകള്‍ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. മൂന്നുവര്‍ഷംകൊണ്ട് കേരളത്തിലെ എല്ലാ വാര്‍ഡുകളിലും ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സെന്ററുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.

കേരളം, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് സ്മാര്‍ട്ട് ഇന്ത്യ പദ്ധതിയുടെ ആദ്യഘട്ടം തുടങ്ങുന്നത്. ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കാന്‍ വേണ്ട എല്ലാ സൗകര്യവും ചെയ്യുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.