| Tuesday, 15th January 2013, 3:16 pm

സ്മാര്‍ട് സിറ്റി ഓഫീസ് കൊച്ചിയില്‍ തുടങ്ങുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: സ്മാര്‍ട്‌സിറ്റിയുടെ ഓഫീസ് കൊച്ചിയില്‍ തുടങ്ങുന്നു. ദുബായില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. രണ്ട് മാസത്തിനുള്ളില്‍ ഓഫീസ് പ്രവര്‍ത്തനസജ്ജമാകുമെന്നും യോഗം അറിയിച്ചു.[]

ആറ് മാസത്തിനുള്ളില്‍ ഓഫീസില്‍ മുഴുവന്‍ സമയ സി.ഇ.ഒ യെ നിയമിക്കാനും ടി.കോം സി.ഇ.ഒ അബ്ദുല്‍ ലത്തീഫ് അല്‍ മുല്ലയെ സ്മാര്‍ട്‌സിറ്റിയുടെ പൂര്‍ണ ചുമതല ഏല്‍പ്പിക്കാനും യോഗത്തില്‍ തീരുമാനമായി.

അഞ്ചര വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട് സിറ്റി പദ്ധതി പൂര്‍ത്തിയാക്കാനാണ് പദ്ധതി. ഇതോടെ പദ്ധതിയുടെ എല്ലാ തടസ്സങ്ങളും പൂര്‍ണമായും പരിഹരിച്ചതായി യോഗത്തിന് ശേഷം സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പദ്ധതിക്ക് സെസ് പദവി ലഭിക്കുന്നത് മാത്രമാണ് ഇനി പരിഹരിക്കാനുള്ളത്. പൂര്‍ണപദ്ധതിക്ക് ഒറ്റ സെസ് പദവി വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.

പദ്ധതിപ്രദേശത്തിന് മധ്യത്തിലൂടെ പുഴ ഒഴുകുന്ന സാഹചര്യത്തില്‍ പദ്ധതിയെ ഒറ്റ സെസ് ആയി പരിഗണിക്കുന്നതിന് തടസമുയര്‍ന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ടീകോം അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

കുഞ്ഞാലിക്കുട്ടിക്ക് പുറമേ വ്യവസായ സെക്രട്ടറി പി.എച്ച് കുര്യന്‍, സ്മാര്‍ട് സിറ്റി മാനേജിങ് എഡിറ്റര്‍ ഡോ. ബൈജു ജോര്‍ജ്, എം.എം യൂസുഫലി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

We use cookies to give you the best possible experience. Learn more