സ്മാര്‍ട്ട് സിറ്റി: ഒന്നാം ഘട്ടം രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി
Kerala
സ്മാര്‍ട്ട് സിറ്റി: ഒന്നാം ഘട്ടം രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st January 2013, 10:24 am

കൊച്ചി: സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഒന്നാം ഘട്ടം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിഷയത്തില്‍ ടീകോമുമായി ധാരണയിലെത്തിയതായും അദ്ദേഹം പറഞ്ഞു.

സ്മാര്‍ട് സിറ്റി പദ്ധതി നിലവില്‍ തന്നെ ഏഴ് വര്‍ഷമായി പദ്ധതി മുടങ്ങിയിരിക്കുകയാണ്. ഇതിന്റെ ഉത്തരവാദികള്‍ നമ്മള്‍ ഓരോരുത്തരുമാണ്. കാര്യങ്ങളില്‍ ഇപ്പോള്‍ കൂടുതല്‍ വ്യക്തത വന്നതായും ഇനി പദ്ധതി എത്രയും വേഗം നടപ്പില്‍ വരുത്തുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.[]

പദ്ധതി പൂര്‍ത്തിയാക്കുന്നതിന് ടീകോമിന് പൂര്‍ണപിന്തുണ വാഗ്ദാനം ചെയ്യുകയാണ്. അപേക്ഷ നല്‍കി 45 ദിവസത്തിനകം പാരിസ്ഥിതിക അനുമതി നല്‍കും.

അടിസ്ഥാനസൗകര്യ വികസനത്തിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. കൊച്ചിയില്‍ ഈ വര്‍ഷം തന്നെ കൂടുതല്‍ റോഡുകളുടെ പണിപൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നെടുമ്പാശ്ശേരി മാരിയറ്റ് ഹോട്ടലില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ അന്തിമ പ്ലാനിന് രൂപം നല്‍കാനുള്ള ശില്‍പശാലയില്‍ പങ്കെടുത്ത ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പുതിയ സി.ഇ.ഒയെ നിയമിക്കുന്ന കാര്യത്തില്‍ കമ്പനിക്ക് അതിന്റേതായ രീതിയുണ്ടെന്നും ഇക്കാര്യത്തില്‍ ടീകോം കമ്പനിയെടുക്കുന്ന ഏത് തീരുമാനവും സര്‍ക്കാരിന് സ്വാഗതാര്‍ഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുബായ് ഹോള്‍ഡിംഗ്‌സിന്റെ ചീഫ് ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് അല്‍ മുല്ലയുമൊത്തായിരുന്നു മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം.

സ്മാര്‍ട് സിറ്റിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും പദ്ധതിയുടെ പുരോഗതിയിലും പൂര്‍ണ സംതൃപ്തിയുണ്ടെന്ന് അബ്ദുള്‍ ലത്തീഫ് അല്‍ മുല്ലയും പിന്നീട് അറിയിച്ചു.

സ്മാര്‍ട്ടി സിറ്റിയുടെ ആദ്യ കെട്ടിടം ആറ് മാസത്തിനകം പൂര്‍ത്തിയാവുമെന്ന് എം.ഡി ബാജു ജോര്‍ജ് പറഞ്ഞു. നാല് ഘട്ടമായി പദ്ധതി പൂര്‍ത്തിയാക്കും. പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് അബ്ദുള്‍ ലത്തീഫ് മുല്ലയും വ്യക്തമാക്കി.

എം.എ യൂസഫലി, മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, കെ ബാബു, എംഎല്‍എമാരായ ഹൈബി ഈഡന്‍, ബെന്നി ബെഹനാന്‍ തുടങ്ങിയവരും ശില്‍പശാലയില്‍ പങ്കെടുത്തു.