national news
മധ്യപ്രദേശ് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിനും ബി.ജെ.പിയ്ക്കും തലവേദനയായി ചെറുപാര്‍ട്ടികളും വിമതരും
ഭോപ്പാല്‍: മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ ഛത്തര്‍പൂരില്‍ കോണ്‍ഗ്രസിനും ബി.ജെ.പിയ്ക്കും തലവേദനയായി ചെറുപാര്‍ട്ടികളും വിമതരും. 2018 തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മോശം പ്രകടനം കാഴ്ചവെച്ച ഒരേ ഒരു ജില്ല ഛത്തര്‍പ്പൂര്‍ ആയിരുന്നു.
അന്ന് ആറ് മണ്ഡലങ്ങളില്‍ നാല്ലെണ്ണത്തില്‍ കോണ്‍ഗ്രസ് ജയിച്ചപ്പോള്‍ സമാജ്‌വാദി പാര്‍ട്ടിയും ബി.ജെ.പിയും ഒരോ സീറ്റായിരുന്നു നേടിയത്. 2020 ല്‍ മലേഹ്റ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ പ്രദ്യുമ്‌നന്‍ സിങ് ലോധിയും, ബിജാവറിലെ എസ്.പി എം.എല്‍.എ രാജേഷ് ശുക്ലയും ബി.ജെ.പി യില്‍ ചേര്‍ന്നു. ഇതോടെ ഛത്തര്‍പൂരില്‍ ഇരുകക്ഷികള്‍ക്കും മൂന്ന് വീതം അംഗങ്ങളായി.
തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നിലവിലെ സാഹചര്യം നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്. എന്നാല്‍ വിമതരുടെയും ചെറുപാര്‍ട്ടികളുടെയും സാന്നിധ്യം ഇരുമുന്നണികള്‍ക്കും പ്രതിസന്ധിയാകുന്നുണ്ട്.
ബിജവാറില്‍ ബി.ജെ.പിയുടെ രാജേഷ് ശുക്ലക്കെതിരായി ചരണ്‍ സിങ് യാദവാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. യാദവര്‍ക്ക് മുന്‍തൂക്കമുള്ള ഈ മേഖലയില്‍ 38000 ത്തോളം യാദവ വോട്ടുകളാണുള്ളത്.
2018ല്‍ എസ്.പിയുടെ രാജേഷ് ശുക്ലയ്ക്കാണ് കൂടുതല്‍ വോട്ട് ലഭിച്ചത് എന്നാല്‍ അദ്ദേഹം ബി.ജെ.പിക്കൊപ്പമായതിനാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചരണ്‍ സിംഗിന് കൂടുതല്‍ വോട്ട് ലഭിക്കുമെന്നാണ് പൊതുവായ വിലയിരുത്തല്‍.
എന്നാല്‍ ഇതേ മണ്ഡലത്തില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും പ്രതിസന്ധി സൃഷ്ടിക്കാന്‍ മുന്‍ ബി.ജെ.പി എം.എല്‍.എ രേഖ യാദവ് എസ്.പി ടിക്കറ്റില്‍ മത്സരിക്കുന്നുണ്ട്. കൂടാതെ ഈ മണ്ഡലത്തില്‍ മുന്‍ എം.എല്‍.എ ഭയ്യാരാജയുടെ മകനും കോണ്‍ഗ്രസ് നേതാവുമായ കേശുരാജ സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്.
‘കേശു രാജ കോണ്‍ഗ്രസില്‍ നിന്നാണ് മത്സരിച്ചിരുന്നതെങ്കില്‍ ഞങ്ങള്‍ അദ്ദേഹത്തിന് വോട്ട് ചെയ്യുമായിരുന്നു.എന്നാല്‍ താക്കൂര്‍ വോട്ടുകള്‍ കുറവായതിനാല്‍ അദ്ദേഹത്തിന് കോണ്‍ഗ്രസില്‍ നിന്ന് അവസരം ലഭിച്ചില്ല. അത് കൊണ്ട് ഞങ്ങള്‍ ബി.ജെ.പിക്ക് വോട്ടു ചെയ്യും,’ 26 കാരനായ കുനവാര്‍ ജി രാജ പറഞ്ഞു.
മഹാരാജ് പൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിമതനായ ദൗലത് തിവാരി സ്വതന്ത്രനായി മത്സരിക്കുന്നു. കോണ്‍ഗ്രസ് ഇവിടെ എം.എല്‍.എ നീരജ് ദീക്ഷിതിനെയും ബി.ജെ.പി കാമക്യാ പ്രതാപ് സിങ്ങിനെയുമാണ് സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചിരിക്കുന്നത്.
‘എല്ലാ സ്ഥാനാര്‍ത്ഥികളും ഞങ്ങളുടെ അടുത്തേക്ക് വരുന്നു. കഴിഞ്ഞതവണ ഞാന്‍ നീരജ് ഭയ്യക്ക് വോട്ട് ചെയ്തു. ഇത്തവണ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല,’ 32 കാരനായ രാജേഷ് കുശ്വാഹ പറഞ്ഞു.
2018ല്‍ രാജ്‌നഗര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി അരവിന്ദ് പട്ടരിയെ 732 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് എം.എല്‍.എ വിക്രം സിങ് നടിരാജ തോല്‍പ്പിച്ചത്. ഇത്തവണ ഇവിടെ ജയിക്കാമെന്നുള്ള ബി.ജെ.പിയുടെ മോഹത്തിന് വിലങ്ങു തടിയാകുന്നത് സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍ ജില്ലാ പ്രസിഡന്റ് ഘാസി റാം പട്ടേലാണ്.
content highlight: Smaller parties, rebels trouble BJP, Congress in Madhya pradesh’s Chhatarpur