| Wednesday, 1st August 2012, 12:37 pm

വൈദ്യുതി ചാര്‍ജ് വര്‍ധനയില്‍ നേരിയ ഇളവ്: 120 യൂണിറ്റ് വരെ വര്‍ധനയില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വൈദ്യുതി ചാര്‍ജ് വര്‍ധനവില്‍ നേരിയ ഇളവ് വരുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 120 യൂണിറ്റ് വരെ ചാര്‍ജ് വര്‍ധനയുണ്ടാകില്ല. 120 യൂണിറ്റ് വരെയുള്ള സിംഗിള്‍ ഫേസ് കണക്ഷന്റെ ഫിക്‌സഡ് ചാര്‍ജും ഒഴിവാക്കി.[]

120 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതി നിരക്ക് വര്‍ധനവും പൂര്‍ണമായി സര്‍ക്കാര്‍ വഹിക്കും.

വൈദ്യുതി ബോര്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കുവര്‍ധനവില്‍ പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്നാണ് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിരക്കുവര്‍ധിപ്പിച്ചതോടെ 1676.84 കോടി രൂപയുടെ അധിക വരുമാനമാണ് ബോര്‍ഡിന് ലഭിക്കുക.

റഗുലേറ്ററി കമ്മീഷന്റെ തീരുമാനം നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും അതിനാലാണ് കുറയ്ക്കുന്ന തുക ഗ്രാന്റായി നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

69 ലക്ഷം ഉപയോക്താക്കള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. നിരക്കില്‍ ഇളവ് നല്‍കുന്നതിനുവേണ്ടി വര്‍ഷം 294.66 കോടിരൂപ സര്‍ക്കാര്‍ വൈദ്യുതി ബോര്‍ഡിന് ഗ്രാന്റ് നല്‍കും. മൂന്നുമാസത്തിനുശേഷം സാഹചര്യം അവലോകനം ചെയ്യുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ വിശദമാക്കി.

We use cookies to give you the best possible experience. Learn more