| Wednesday, 1st March 2017, 10:49 am

മിഠായിത്തെരുവ് തീപിടുത്തം അട്ടിമറി; കെട്ടിടമുടമ തന്നെ തീ കത്തിക്കുകയായിരുന്നുവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസറുദ്ദീന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മിഠായിത്തെരുവ് തീപിടുത്തം അട്ടിമറിയാണെന്ന ആരോപണവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസറുദ്ദീന്‍ .

കെട്ടിട ഉടമ മനപൂര്‍വം തീ കത്തിച്ചതാണെന്നും പൊലീസ് അന്വേഷണത്തിലൂടെ അട്ടിമറി പുറത്തുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മിഠായിത്തെരുവിലെ തീപിടുത്തമുണ്ടായ കടയില്‍ തീ വെച്ച് ഒരാള്‍ ഓടിപ്പോകുന്നത് കണ്ടവരുണ്ട്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിക്കുകയാണെങ്കില്‍ യഥാര്‍ത്ഥ വസ്തുത പുറത്തുവരും.

മുന്‍പ് ഉണ്ടായ തീപിടുത്തങ്ങളും ഇത്തരത്തില്‍ അട്ടിമറിയാകാം. എന്നാല്‍ അന്വേഷണം പലപ്പോഴും ഒതുങ്ങിപ്പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ടി. നസുറുദ്ദീന്റെ ആരോപണം താന്‍ വിശ്വസിക്കുന്നില്ലെന്ന് കോഴിക്കോട് കളക്ടര്‍ യു.വി ജോസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുയാണെന്നും അദ്ദേഹം പറഞ്ഞു.

തീപിടുത്തതിന് ശേഷം നടന്ന യോഗങ്ങളില്‍ നസറുദ്ദീന്‍ ഇത്തരം ആരോപണങ്ങളൊന്നും ഉന്നയിച്ചിരുന്നില്ലെന്നും ഇപ്പോള്‍ ഇത്തരത്തില്‍ ആരപോണം ഉന്നയിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു.

അട്ടിമറിയാണെന്ന ആരോപണം ഇതുവരെ ആരും ഉന്നയിച്ചിട്ടില്ല. ആരോപണം ഉന്നയിക്കുമ്പോള്‍ അതിനുതക്ക തെളിവ് കയ്യില്‍ വേണം. എന്തുതന്നെയായാലും പൊലീസ് അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ടി. നസറുദ്ദീന്റെ ആരോപണം വാര്‍ത്ത സൃഷ്ടിക്കാന്‍ വേണ്ടി മാത്രം പറഞ്ഞതാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അംഗം സുനില്‍കുമാര്‍ പറഞ്ഞു.

വാട്‌സ് ആപ്പില്‍ പ്രചരിക്കുന്ന ഒരു ദൃശ്യം അടിസ്ഥാനമാക്കിയാണ് അദ്ദേഹം ഇത് പറഞ്ഞത്. തീപിടുത്തമുണ്ടായ കടയില്‍ നിന്നും വെള്ള ഷര്‍ട്ടും മുണ്ടും ഉടുത്ത ഒരാള്‍ ഇറങ്ങിയോടുന്ന ദൃശ്യമാണ് ഇപ്പോള്‍ വാട്‌സ് ആപ്പില്‍ പ്രചരിക്കുന്നത്.

എന്നാല്‍ അത് ആ കടയുടെ മാനേജര്‍ തന്നെയായിരുന്നു. തീ കെടുത്താന്‍ വേണ്ടി അദ്ദേഹം ശ്രമിക്കുമ്പോള്‍ തീ പടര്‍ന്നതോടെ രക്ഷപ്പെടാന്‍ ചുമട്ടുതൊഴിലാളികള്‍ അദ്ദേഹത്തോട് പറയുന്നതോടെ അദ്ദേഹം കടയില്‍ നിന്നും ഇറങ്ങിയോടുന്നതാണ് ദൃശ്യം.

ആരോ പകര്‍ത്തിയ ഈ ദൃശ്യമാണ് വാട്‌സ് ആപ്പില്‍ പ്രചരിക്കുന്നത്. ഇനി അങ്ങനെ ഒരു ആരോപണമുണ്ടെങ്കില്‍ അയാളെ വിളിച്ച് പൊലീസിന് ചോദ്യം ചെയ്താല്‍ കാര്യങ്ങള്‍ വ്യക്തമാകുമല്ലോയെന്നും സുനില്‍ കുമാര്‍ ചോദിക്കുന്നു

We use cookies to give you the best possible experience. Learn more