ന്യൂദല്‍ഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുന്നെന്ന് പരോക്ഷമായി സമ്മതിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര്‍. രണ്ടാം മോദിസര്‍ക്കാര്‍
100 ദിനം പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇപ്പോഴത്തെ പ്രശ്നം താല്‍ക്കാലികം മാത്രമാണ്. തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നത് എല്ലാ രാജ്യങ്ങളിലും ഇടയ്ക്ക് നടക്കുന്ന സംഭവമാണ്. ഇന്ത്യയില്‍ യു.പി.എ ഭരണകാലത്തും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആശങ്കപ്പെടേണ്ട കാര്യമില്ല.’
അതേസമയം കശ്മീരിന്റെ പദവി എടുത്തു കളഞ്ഞതിനുപിന്നാലെ പാകിസ്താന്‍ ഇന്ത്യയെ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുത്താന്‍ നോക്കിയെങ്കിലും എല്ലാവരും ഇന്ത്യക്കൊപ്പമാണ് നിലകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.
‘ഭരണത്തിന്റെ തുടക്കത്തിലേ ചരിത്രത്തില്‍ ഒരു ഗവണ്‍മെന്റും ഇത്ര ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കിയിട്ടില്ല. ഇത്രയും ദിവസങ്ങളിലെ ഏറ്റവും മികച്ച നടപടിയാണ് കശ്മീരിനെയും ലഡാക്കിനെയും കേന്ദ്ര ഭരണപ്രദേശങ്ങളായി പ്രഖ്യാപിച്ചത്.’
കശ്മീര്‍ സാധാരണനിലയിലേക്ക് മടങ്ങുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.