വരാനിരിക്കുന്ന യൂറോ കപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ പോര്‍ച്ചുഗലിന് തോല്‍വി. സ്ലൊവേനിയ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പറങ്കിപ്പടയെ പരാജയപ്പെടുത്തിയത്.
പോര്‍ച്ചുഗലിനായി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളത്തില്‍ ഇറങ്ങിയിട്ടും ടീം പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ റൊണാള്‍ഡോക്ക് പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസ് വിശ്രമം അനുവദിച്ചതിനാല്‍ താരം ഇറങ്ങിയിരുന്നില്ല.
മത്സരത്തില്‍ 4-4-2 എന്ന ഫോര്‍മേഷനിലാണ് സ്ലൊവേനിയ അണിനിരന്നത്. 3-4-2-1 എന്ന ശൈലിയായിരുന്നു പോര്‍ച്ചുഗല്‍ പിന്തുടര്‍ന്നത്.
മത്സരത്തിന്റെ ആദ്യപകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയില്‍ സ്ലൊവേനിയ ശക്തമായി തിരിച്ചുവരുകയായിരുന്നു.
72ാം മിനിട്ടില്‍ ആദം നെസ്ഡ സെറിന്‍ ആണ് സ്ലോവേനിയക്കായി ഗോള്‍ നേടിയത്. എട്ട് മിനിട്ടുകള്‍ക്ക് ശേഷം ടിമി മാക്‌സി എല്‍സിനിക് സ്ലോവേനിയക്കായി രണ്ടാം ഗോള്‍ നേടി.
മറുപടി ഗോളിനായി പോര്‍ച്ചുഗല്‍ മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. മത്സരത്തില്‍ 65 ശതമാനം ബോള്‍ പൊസഷനും പോര്‍ച്ചുഗലിന്റെ അടുത്ത് ആയിരുന്നു. ഷോട്ടുകളിലും പോര്‍ച്ചുഗല്‍ ആയിരുന്നു മുന്നോട്ടുനിന്നിരുന്നത്. എന്നാല്‍ സ്‌കോര്‍ ലൈന്‍ ചലിപ്പിക്കാന്‍ പോര്‍ച്ചുഗലിന് സാധിച്ചില്ല.
ജൂണ്‍ അഞ്ചിനും ജൂണ്‍ എട്ടിനും ആണ് പോര്‍ച്ചുഗലിന്റെ ഇനിയുള്ള സൗഹൃദ മത്സരങ്ങള്‍. യൂറോകപ്പിനു മുന്നോടിയായി ഫിന്‍ലാന്‍ഡിനെതിരെയും ക്രൊയേഷ്യയ്‌ക്കെതിരെയുമാണ് പോര്‍ച്ചുഗല്‍ കളിക്കുക.
Content Highlight: Slovenia beat Portugal in Friendly Match