|

മുദ്രാവാക്യത്തിനും പ്രകടനങ്ങള്‍ക്കും വിലക്കില്ല; മജിസ്ട്രേറ്റ് കോടതിയുടെ നല്ലനടപ്പ് ഉത്തരവ് തള്ളി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ആയുധങ്ങളില്ലാതെ സമാധാനപരമായി സംഘടിക്കാനും സംഘടനകളുണ്ടാക്കാനുമുള്ള അവകാശം ഭരണഘടന ഉറപ്പ് നല്‍കുന്നതാണെന്ന് ഹൈക്കോടതി.

പ്രകടനങ്ങളില്‍ പങ്കെടുക്കുന്നതിനും മുദ്രാവാക്യം വിളിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തേണ്ടതില്ലെന്നും കോടതി പറഞ്ഞു. ഇക്കാര്യങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ ഗണത്തില്‍ വരില്ലെന്ന് കോടതി വ്യക്തമാക്കി.

പെരിന്തല്‍മണ്ണ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് കോടതി ഉത്തരവ്. നല്ല നടപ്പ് ജാമ്യം ചുമത്തുന്നതിനായി കൊളത്തൂര്‍ സ്വദേശിനി എ. ഷര്‍മിന നേരിട്ട് ഹാജരാകണമെന്ന കോടതി ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതിനെതിരെ ഷർമിന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

മാവോവാദി ബന്ധമുള്ള കവിതയുടെ ചരമവാര്‍ഷികാചരണത്തില്‍ പങ്കെടുത്തത്തിന് തളിപ്പറമ്പിലും ‘ബാബരി മണ്ണില്‍ നീതി മസ്ജിദ് മാത്രം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രകടനം നടത്തിയതിന് നിലമ്പൂരിലും എന്‍.ഐ.എ റെയ്ഡിനെതിരെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിന് പാണ്ടിക്കാട്ടും ഷര്‍മിനക്കെതിരെ കേസുകള്‍ നിലവിലുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

എന്നാൽ രാജ്യതാത്പര്യവും സുരക്ഷയും മുന്‍നിര്‍ത്തിയുള്ള ചില നിയന്ത്രണങ്ങളോടെ അഭിപ്രായം പറയാനും പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് വി.ജി. അരുണ്‍ ഉള്‍പ്പെട്ട സിംഗിള്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം.

ഷഷര്‍മിന സമാധാനത്തിനും ശാന്തതക്കും ഭീഷണിയാണെന്ന സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിന്റെ കണ്ടെത്തല്‍ പൊലീസ് റിപ്പോര്‍ട്ടിന്റെ മാത്രം അടിസ്ഥാനത്തിലുള്ളതാണെന്നും സ്വന്തമായ വിലയിരുത്തലുണ്ടായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രകടനം നടത്തിയെന്ന പേരില്‍ ഒരു പൗരന് ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം അലസമായ നടപടിക്രമത്തിലൂടെ തടഞ്ഞുവെക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ജുഡീഷ്യല്‍ സ്വഭാവം കൂടിയുള്ള ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ അതിന്റെ കാരണം വ്യക്തമായി രേഖപ്പെടുത്തേണ്ടതുണ്ടെന്നും ഇത് പ്രാവര്‍ത്തികമായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Content Highlight: Slogans and demonstrations are not prohibited; The High Court rejected the order of the Magistrate Court

Video Stories