| Tuesday, 26th February 2019, 1:52 pm

പാക്കിസ്ഥാന്‍ പാര്‍ലമെന്റില്‍ ഇമ്രാന്‍ ഖാനെതിരെ മുദ്രാവാക്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ മുദ്രാവാക്യം വിളികള്‍. പാക് പാര്‍ലമെന്റിനകത്താണ് ഇമ്രാന്‍ ഖാനെതിരെ പ്രതിപക്ഷ കക്ഷികള്‍ മുദ്രാവാക്യം വിളിച്ചത്.

സഭാ നടപടികളുടെ ഭാഗായി ഇമ്രാന്‍ ഖാന്‍ പാര്‍ലമെന്റിനകത്ത് എത്തിയപ്പോഴായിരുന്നു പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പടെ എഴുന്നേറ്റ് നിന്ന് “ഷെയിം ഷെയിം” എന്ന മുദ്രാവാക്യം ഉയര്‍ത്തിയതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ വ്യോമസേന പാക് അധീന കാശ്മീരിലുള്ള ഭീകരതാവളങ്ങള്‍ക്ക് നേരെ ബോംബാക്രമണം നടത്തിയിരുന്നു.

പാക് അധീന കശ്മീരില്‍ ഇന്ത്യയുടെ വ്യോമാക്രമണമുണ്ടായ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചുചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഏത് തരത്തിലുള്ള തിരിച്ചടിക്കാണ് പാക്കിസ്ഥാന്‍ മുതിരുകയെന്ന കാര്യത്തില്‍ വ്യക്തതയില്ല.


ജമ്മുവില്‍ പാക് വെടിവെപ്പ്; തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം


ഇന്ത്യ ആക്രമിക്കുകയാണെങ്കില്‍ തിരിച്ചടിക്കാന്‍ പാക്കിസ്ഥാന്‍ രണ്ടാമതൊന്ന് ചിന്തിക്കില്ലെന്ന് ഇമ്രാന്‍ ഖാന്‍ അടുത്തിടെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

പാക്കിസ്ഥാന്‍ യുദ്ധത്തിന് ഒരുക്കമാണെങ്കില്‍ പിന്നെ ഞങ്ങള്‍ക്കാണോ മടിയെന്നായിരുന്നു ഇതിന് മറുപടിയായി കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പ്രതികരിച്ചത്.

പാക് അധീന കശ്മീരില്‍ ജെയ്ഷെ ഭീകരരുടെ താവളം ഇന്ത്യന്‍ വ്യോമസേന തകര്‍ത്തെന്ന റിപ്പോര്‍ട്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യ നിയന്ത്രണ രേഖ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി പാക് ആര്‍മി വക്താവും മേജര്‍ ജനറലുമായ ആസിഫ് ഗഫൂര്‍ ആണ് ആദ്യം രംഗത്തെത്തിയത്.

ഇതിന് പിന്നാലെ ഇന്ത്യന്‍ എയര്‍ഫോഴ്സ് നിയന്ത്രണ രേഖ മറികടന്നത് സ്ഥിരീകരിച്ച് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷിയും രംഗത്തെത്തിയിരുന്നു.

ഇന്ത്യയുടെ ഭാഗത്തുനിന്നും ഇത്തരം ആക്രമണമുണ്ടാകുമെന്ന സൂചനകള്‍ പാക്കിസ്ഥാന് ലഭിച്ചിരുന്നെന്നും ഖുറേഷി പറഞ്ഞു.

നിയന്ത്രണ രേഖ മറികടന്നുള്ള ഇന്ത്യയുടെ ആക്രമണം കടന്നുകയറ്റമാണെന്നാണ് പാക് വിദേശകാര്യ മന്ത്രി പറഞ്ഞത്. “യോജിച്ച മറുപടി നല്‍കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്. സ്വയം പ്രതിരോധിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more