ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സ്മാരകത്തില്‍ എത്തിയ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എടപ്പടി പളനിസ്വാമിയുടെ കാറിന് നേരെ ചെരുപ്പേറ്.
ജയലളിതയുടെ അഞ്ചാം ചരമവാര്‍ഷികത്തില്‍ ജയ സ്മാരകത്തില്‍ എത്തിയതായിരുന്നു പളനി സ്വാമി. ചെരിപ്പേറിന് പിന്നില്‍ വി.കെ. ശശികലയും ടി.ടി.വി ദിനകരനും അനുയായികളുമാണെന്ന് എടപ്പടി പളനി സ്വാമിയുടെയും ഒ.പനീര്‍സെല്‍വത്തിന്റെയും അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഇ.പി.എസും എ.ഐ.എ.ഡി.എം.കെ കോ-ഓര്‍ഡിനേറ്ററും മുന്‍ ഉപമുഖ്യമന്ത്രിയുമായ ഒ.പനീര്‍ശെല്‍വം (ഒ.പി.എസ്) സ്മാരകത്തില്‍ എത്തിയ ഉടനെ ചില പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് കാറിന് അടുത്ത് എത്തുകയും ചെരിപ്പ് എറിയുകയുമായിരുന്നു.
സംഭവത്തില്‍ ടി.ടി.വി ദിനകരനെതിരെയും എ.എം.എം.കെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയും അണ്ണാ ഡി.എം.കെ പൊലീസില്‍ പരാതി നല്‍കി.
അതേസമയം സജീവ രാഷ്ട്രീയം നിര്‍ത്തുന്നെന്ന് പ്രഖ്യാപിച്ച വി.കെ.ശശികല അണ്ണാ ഡി.എം.കെയില്‍ തിരികെ വരാനും അധികാരം തിരികെ പിടിക്കാനും ശ്രമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ പെട്ട് ശശികല അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ എടപ്പാടി പളനിസ്വാമി ശശികലയുടെ വിശ്വസ്തനായിരുന്നു. പളനിസ്വാമിയെ അധികാരമേല്‍പ്പിച്ചാണ് ശശികല ജയിലിലേക്ക് പോയിരുന്നത്.
എന്നാല്‍ വിമതനും ജയലളിതയുടെ വിശ്വസ്ഥനുമായ ഒ.പി.എസ്സുമായി പളനിസ്വാമി കൈകോര്‍ക്കുകയും ശശികല ചിത്രത്തില്‍ നിന്നും തന്നെ പുറത്താവുകയുമായിരുന്നു. ഇരുപക്ഷവും പാര്‍ട്ടിയൂടെ അധികാര സിരാകേന്ദ്രങ്ങളിലെത്തുകയും ശശികല പക്ഷത്തെ പൂര്‍ണമായും തഴയുകയുമായിരുന്നു.
ഇതോടെ 2018ല്‍, ശശികല പക്ഷത്തെ പ്രധാനിയും ശശികലയുടെ അനന്തരവനുമായ ദിനകരന്‍ ‘അമ്മ മക്കള്‍ മുന്നേറ്റ കഴകം’ (എ.എം.എം.കെ) എന്ന പുതിയ പാര്‍ട്ടി രൂപികരിക്കുകയും, എ.ഐ.എ.ഡി.എം.കെയുടെ പുനരുദ്ധാരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ജയില്‍മോചിതയായ ശേഷം, മാര്‍ച്ചില്‍, താനിനി രാഷ്ട്രീയത്തിലേക്കില്ലെന്നും, ജയലളിതയുടെ സുവര്‍ണകാലം തിരിച്ചു വരാനായി പ്രാര്‍ത്ഥിക്കുമെന്നുമാണ് ശശികല പറഞ്ഞിരുന്നത്.
2021 ഫെബ്രുവരിയില്‍ നാല് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം, നിയമസഭാ തെരഞ്ഞടുപ്പിന് മുന്നോടിയായാണ് ശശികല തമിഴ്നാട്ടില്‍ തിരിച്ചെത്തുന്നത്. ഏറെ രാഷ്ട്രീയ ചലനങ്ങള്‍ക്ക് കാരണമാവുമെന്ന് കരുതിയെങ്കിലും, തെരഞ്ഞെടുപ്പില്‍ നിന്നും മാറി നില്‍ക്കുകയാണ് ശശികല ചെയ്തത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Slipper flung at Tamilnadu Former Chief Minister EPS’s car in front Jayalalithaa memorial