‘നിങ്ങള്‍ എപ്പോഴെങ്കിലും മറ്റൊരാള്‍ക്ക് വേണ്ടി ഉറക്കം മാറ്റിവെച്ചിട്ടുണ്ടോ?
‘മറ്റൊരാളുടെ രാത്രി നിങ്ങളുടെയും രാത്രിയായിട്ടുണ്ടോ?
സ്ലീപ്ലെസ്സ്ലി യുവേഴ്സ് എന്ന ചിത്രം അങ്ങനെ ഉറക്കമില്ലാത്ത രാത്രികളുടെ കഥയാണ്.
2018 ഐ എഫ് എഫ് കെയില്‍ ശ്രദ്ധ നേടിയെടുത്ത ചിത്രമാണ് സ്ലീപ്ലെസ്സ്ലി യുവേഴ്സ്. ഗൗതം സൂര്യയും മലയാള സിനിമയിലെ യുവ ഛായാഗ്രാഹകന്‍ സുദീപ് ഇളമോനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ജെസ്സിയുടെയും മാനുവിന്റെയും അസ്വാഭാവികമായ പ്രണയരാത്രികളാണ് ചിത്രം പിന്തുടരുന്നത്. ജെസ്സി ഒരു മാധ്യമ പ്രവര്‍ത്തകനാണ്, മാനു എന്ന യോഗ പരിശീലകയുടെ ഒരു അഭിമുഖം എടുക്കുവാനായാണ് ജെസ്സി അവള്‍ക്കരിക്കലേക്ക് വരുന്നത്. ആദ്യത്തെ കണ്ട് മുട്ടലില്‍ തന്നെ രസകൂട്ടിലേക്ക് നയിക്കുന്ന അവരുടെ സംഭാഷണങ്ങള്‍ അവരെ കൂടുതല്‍ അടുപ്പിക്കുന്നു. മാനുവിന്റെ (ദേവകി രാജേന്ദ്രന്‍)ലോകത്തേക്ക് ജെസ്സി (സുദേവ് നായര്‍) ജീവിതം പറിച്ച് നടുകയാണ്. മാനുവിന്റെ ജീവിതം ഏറെ നിഗൂഢതകള്‍ നിറഞ്ഞതാണ്. അവളാരാണ്? എവിടുന്ന് വന്നു? അവളുടെ ഭൂതകാലമെന്താണ്? ഇതൊന്നും അറിയാന്‍ ജെസ്സിയ്‌ക്കോ പറയാന്‍ മാനുവിനോ താല്‍പര്യം തോന്നിയിട്ടില്ല.
ഭൂതകാലം മറന്ന് പ്രണയിച്ചും കലഹിച്ചും ഇരുവര്‍ ഭ്രാന്തമായി പ്രണയിച്ച രാത്രികളുടെ കഥ. തെരുവ് വിളക്കില്‍ പതിഞ്ഞു നീണ്ട് കിടക്കുന്ന റോഡിലൂടെ അവര്‍ സഞ്ചരിച്ച രാത്രികള്‍, തിരമാലകള്‍ നോക്കി മാനത്ത് വരച്ചിട്ട സ്വപ്നങ്ങള്‍. അവരവരെ കുറിച്ച് പരസ്പരം പറഞ്ഞും അറിഞ്ഞും ചിലവഴിച്, ഇരുട്ടിലും മനസ്സില്‍ വെട്ടം പ്രകാശിപ്പിച്ച രാത്രികള്‍. ഭൂതകാലം മറച്ചുപിടിക്കുന്ന സ്വപ്നങ്ങളെ മാനു പലപ്പോഴും ആശിക്കുന്നുണ്ട്. അതിന്റെ വെട്ടം മനസ്സിലാക്കുന്ന ജെസ്സി പലപ്പോഴും അതിലേക്ക് വലിച്ചിടുവാന്‍ നിര്‍ബന്ധിക്കുന്നുമുണ്ട്. പക്ഷെ അത്രമേല്‍ വേട്ടയാടുന്ന ഭൂതകാലത്തിന്റെ ഓര്‍മ്മകളില്‍ മാനുവും തളര്‍ന്ന് പോകുന്നുണ്ട്. ഉറക്കത്തെ അവള്‍ ഭയക്കുന്നത് അതായിരിക്കണം.
ഈ നിഗൂഢതകളെ എല്ലാം ഗൗതം സൂര്യ വേണ്ടുന്ന കാവ്യാത്മക ഭാവനയില്‍ തിരക്കഥയില്‍ നിര്‍മ്മിച്ചു. ഇന്‍ഡിപെന്‍ഡന്റ് സിനിമ, ഫെസ്റ്റിവല്‍ സിനിമ പൊതുവെ പിന്തുടരുന്ന ഒരു ഫേക്ക് ഇന്റലക്ട് സ്വഭാവത്തെയല്ലാം പൊളിച്ചെഴുതാന്‍ ശ്രമിക്കുകയും അത് ആവിഷ്‌ക്കരിക്കുകയും ചെയ്യുന്ന സിനിമയാണ് സ്ലീപ്ലെസ്സ്ലി യുവേഴ്സ് എന്ന ഈ കൊച്ചു വലിയ സിനിമയുടെ വിജയം. ജെസ്സിയുടെയും മാനുവിന്റെയും ലോകത്തിലെ പ്രണയ നിമിഷങ്ങളിലേക്ക് വലിയ ബഹളങ്ങളൊന്നുമില്ലാതെ വര്‍ക്കിയുടെ സംഗീതവും ചെന്നെത്തുന്നുണ്ട്.
പ്രണയവും, അടുപ്പവും, നഷ്ടങ്ങളുമെല്ലാമാണ് സ്ലീപ്ലെസ്സ്ലി യുവേഴ്സ് എന്ന ചിത്രത്തില്‍ കോര്‍ത്തിണക്കിയ കാര്യങ്ങള്‍.
സുദേവ് നായരും ദേവിക രാജേന്ദ്രനും ഇത്രയും ലൈവായി നിറഞ്ഞാടിയത് കൊണ്ടാണ് ഇത്തരമൊരു സിനിമാറ്റിക് ഫീല്‍ പ്രേക്ഷകന് ലഭിച്ചത്. കൈയ്യില്‍ നിന്ന് പാളി പോയേക്കാവുന്ന പല നിമിഷങ്ങളും ഇരുവരും സ്വാഭാവികത നിറഞ്ഞ കെമിസ്ട്രിയോട് കൂടി സ്‌ക്രീനില്‍ അവതരിപ്പിച്ചു. ആ രസതന്ത്രമാണ് പലപ്പോഴായി ഈ ചിത്രം മനസ്സിനോട് അടുപ്പിക്കുന്ന ഘടകം.
ഒക്ടോബര്‍ എന്ന ചിത്രം പലപ്പോഴായി സമ്മാനിക്കുന്ന ഒരു കാവ്യ ഭംഗിയുണ്ട്. അത്തരം ഫീലിലേക്ക് മനസ്സിനെ നയിക്കുന്നുണ്ട് ഈ ചിത്രവും. സുധീപ് ഇളമോന്റെ ക്യാമറ വര്‍ക്ക് പല ലേബലുകള്‍ പൊളിച്ചെഴുത്തുന്നതില്‍ സഹായകരമായിട്ടുണ്ട്. ചിത്രത്തിന്റെ ദൃശ്യ ഭാഷയുടെ നിലവാരത്തെ ഉയര്‍ത്തി പിടിക്കുന്നുണ്ട് ചിത്രത്തില്‍ വെച്ച പല ഫ്രെയ്മുകളും, ആംഗിളുകളുമെല്ലാം. രാത്രിയിലെ ലോ ലൈറ്റ് ഷോട്ടുകള്‍ ആഡംബരങ്ങളില്ലാത്ത അവരുടെ ചെറിയ ലോകത്തേക്ക് പലപ്പോഴും പ്രേക്ഷകനെ സഞ്ചരിപ്പിക്കുന്നുണ്ട്. അപ്പു എന്‍ ബട്ടതിരിയുടെ എഡിറ്റിംഗ് കഥപറച്ചിലിന്റെ നോണ്‍ ലീനിയര്‍ സ്വഭാവത്തെ നിലനിര്‍ത്തുന്ന രീതിയില്‍ തന്നെയാണ് അനുഭവപ്പെട്ടത്.
ഒരു മണിക്കൂര്‍ പന്ത്രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യത്തില്‍, അനാവശ്യമായ ഒരു സീന്‍ പോലും പ്രേക്ഷകന് തോന്നിക്കാത്ത വിധത്തില്‍ കോര്‍ത്തിണക്കുവാന്‍ അദ്ദേഹത്തിന് സാധ്യമായി.അതാണീ ചിത്രം കണ്ട് കഴിഞ്ഞതിനപ്പുറവും നിലനില്‍ക്കുന്ന ഒരു ഫീലിംഗ് ആയി മാറുന്നതും.