| Monday, 10th December 2018, 1:14 pm

ഓസീസിനെതിരെ ഇന്ത്യയുടെ സ്ലെഡ്ജിങ് തന്ത്രം; സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ക്രിക്കറ്റില്‍ എതിര്‍ടീമിനെ വാക്കുകള്‍ കൊണ്ട് പ്രകോപിപ്പിക്കുന്ന രീതിയാണ് സ്ലെഡ്ജിങ്. എതിര്‍ ടീമിനെ ഇത്തരത്തില്‍ പ്രകോപിപ്പിക്കുന്നവരില്‍ ആശാന്‍മാരാണ് ഓസ്‌ട്രേലിയന്‍ ടീം. എന്നാല്‍ ഇന്നത്തെ മത്സരത്തില്‍ നേരെ തിരിച്ചായിരുന്നു. വിജയത്തിനായി പൊരുതുന്ന ഓസ്‌ട്രേലിയന്‍ ടീമിനെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു ഇന്ത്യന്‍ ടീം. ഇതില്‍ പുതിയ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തായിരുന്നു മുമ്പില്‍.

വാലറ്റത്തില്‍ കുമ്മിന്‍സും സ്റ്റാര്‍ക്കും ലിയോണും പ്രതിരോധക്കോട്ട തീര്‍ത്തപ്പോഴാണ് സ്ലെഡ്ജിങ് തന്ത്രവുമായി ഇന്ത്യന്‍ താരങ്ങളെത്തിയത്. ഇതില്‍ പാറ്റ് കുമ്മിന്‍സിനെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്ന പന്തിന്റെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ അതിവേഗം വൈറലാകുന്നത്.

കുമ്മിന്‍സിന്റേയും ടിം പെയിനിന്റേയും കൂട്ടുകെട്ട് പൊളിക്കാനായിരുന്നു ഈ നീക്കം. ക്ഷമയോടെ ബാറ്റ് വീശുന്ന കുമ്മിന്‍സിനെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയാണ് പന്ത്.

പന്തിന്റെ നീക്കത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്തെത്തിയത്. മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരം സിമണ്‍ ഹ്യൂഫ്‌സ് പന്തിനെ പരിഹസിച്ചുകൊണ്ടാണ് രംഗത്തെത്തിയത്. സ്വന്തം കളിക്കാരെ പ്രകോപിക്കുന്ന ആദ്യ കളിക്കാരനാണ് പന്ത് എന്നായിരുന്നു ഹ്യൂഫ്‌സിന്റെ വിമര്‍ശനം.

ഒരു വിക്കറ്റ് കീപ്പറെന്ന നിലയ്ക്ക് പന്ത് ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ക്യാപ്റ്റന്‍ ടിം പെയിനെ കണ്ടുപഠിക്കണമെന്ന് ഇ.എസ്.പി.എന്‍.ക്രിക്ക്ഇന്‍ഫോ ട്വീറ്റ് ചെയ്തു.

ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും മോശമായ സ്ലോഡ്ജിങായിരുന്നു പന്തിന്റേതെന്ന് ഫോക്‌സ് ക്രിക്കറ്റ് ട്വീറ്റ് ചെയ്തു. സ്റ്റംപ് മൈക്ക് ഓണ്‍ ആയതിനാല്‍ ഒരു ഓവര്‍ മുഴുവന്‍ വിക്കറ്റ് കീപ്പര്‍ കമന്ററി മാത്രമായിരുന്നു ഉണ്ടായതെന്നും ഫോക്‌സ് പറയുന്നു.

പന്തിന്റെ ഈ പ്രവൃത്തിക്കെതിരെ കമന്ററേറ്റര്‍ സുനില്‍ ഗവാസ്‌കര്‍ രംഗത്തെത്തി. എന്നാല്‍ മൈക്കല്‍ ക്ലാര്‍ക്ക് പന്തിന് പിന്തുണ അറിയിച്ചു. നേരത്തെ ടിം പെയ്‌നെ പുറത്താക്കാന്‍ കോഹ്‌ലിയും സ്ലെഡ്ജിങ് നടത്തിയിരുന്നു.

അതേസമയം സ്സെഡ്ജിങിനെ എതിര്‍ത്ത് ഹര്‍ഷാ ഭോഗ്ലയും രംഗത്തെത്തി. ഒരു മികച്ച ടെസ്റ്റിന്റെ ആവേശം കളയുന്ന മാന്യമല്ലാത്ത രീതിയാണ് സ്ലെഡ്ജിങെന്ന് ഹര്‍ഷ അഭിപ്രായപ്പെട്ടു.

We use cookies to give you the best possible experience. Learn more