| Thursday, 21st September 2023, 8:23 am

ആദിവാസി യുവതിക്ക് മൂന്നര പതിറ്റാണ്ട് കോഴിക്കോട്ട് അടിമവേല; ഇടപെട്ട് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മൂന്നര പതിറ്റാണ്ട് കാലം അട്ടപ്പാടിയില്‍ നിന്നുള്ള യുവതിയെ അടിമവേലക്ക് ഉപയോഗിച്ച സംഭവത്തില്‍ വിശദീകരണം തേടി ഹൈക്കോടതി. അട്ടപ്പാടി സ്വദേശിയായ ശിവ എന്ന യുവതിയാണ് വര്‍ഷങ്ങളോളം കോഴിക്കോട് പന്നിയങ്കരയിലെ പി.കെ. ഗിരീഷ് എന്നയാളുടെ ഗീത ഹൗസില്‍ കുട്ടിക്കാലം മുതല്‍ അടിമവേല ചെയ്തു വന്നിരുന്നത്.

മകളെ കാണാനില്ലെന്ന് കാണിച്ച് ശിവയുടെ പിതാവ് അട്ടപ്പാടി കോട്ടത്തറ സ്വദേശി പളനിസ്വാമി സമര്‍പ്പിച്ച ഹരജിയിലാണ് ഇപ്പോള്‍ ഹൈക്കോടതി വിശദീകരണം തേടിയിരിക്കുന്നത്. കുട്ടിക്കാലം മുതല്‍ ഗിരീഷിന്റെ വീട്ടില്‍ ജോലി ചെയ്ത് വരുന്ന ശിവയെ വിട്ടുകിട്ടണമെന്ന് കാണിച്ചാണ് പളനിസ്വാമിയുടെ ഹരജി. ഗിരീഷ് ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.

നേരത്തെ, 2019ല്‍ കോഴിക്കോട് നഗരത്തില്‍ ആദിവാസി യുവതി വര്‍ഷങ്ങളായി അടിമ വേല ചെയ്യുന്ന എന്ന വാര്‍ത്ത പുറത്ത് വന്നതോടെ സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. പിന്നീട് ശിവയെ അടിമവേലയില്‍ നിന്ന് മോചിപ്പിക്കണമെന്നും ശമ്പളകുടിശ്ശികയായി 8.86 ലക്ഷം രൂപ നല്‍കണമെന്നും കോഴിക്കോട് ജില്ല കളക്ടര്‍ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ ഉന്നത രാഷ്ട്രീയ സ്വാധീനം കാരണം ഈ ഉത്തരവ് നടപ്പിലായില്ല എന്ന് കാണിച്ച് ശിവയുടെ പിതാവ് കഴിഞ്ഞ മാസം 25ന് ഡി.ജി.പിക്കും പൊലീസിനും പരാതി നല്‍കുകയായിരുന്നു.

ശിവക്ക് 11 വയസ്സുള്ളപ്പോഴാണ് പ്രാദേശിക രാഷ്ട്രീയ നേതാവ് ഇടനിലക്കാരനായി നിന്നുകൊണ്ട് ശിവയെ അട്ടപ്പാടിയില്‍ നിന്നും കോഴിക്കോടെത്തിക്കുന്നത്. കോഴിക്കോട്ടെ വ്യാപാരിയും സി.പി.ഐ.എം അനുകൂല വ്യാപാര സംഘടനയുടെ നേതാവുമായിരുന്ന വീട്ടുടമയായിരുന്ന ഗിരീഷ്. രണ്ട് തവണ വനിത കമ്മീഷന്‍ അംഗമായ ഇദ്ദേഹത്തിന്റെ ഒരു ബന്ധുവഴിയും നേരത്തെയുണ്ടായിരുന്ന ഉത്തരവുകള്‍ അട്ടിമറിക്കപ്പെട്ടു എന്നും ആരോപണങ്ങളുണ്ടായിരുന്നു.

2019ലാണ് അട്ടപ്പാടിയില്‍ നിന്നുള്ള ആദിവാസി യുവതി കോഴിക്കോട്ടെ വീട്ടില്‍ പതിറ്റാണ്ടുകളോളം അടിമ വേല ചെയ്യുന്നു എന്ന വാര്‍ത്ത പുറത്തു വന്നത്. ഡൂള്‍ന്യൂസ് അടക്കമുള്ള മാധ്യമങ്ങളില്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെ വനിത കമ്മീഷനും കോഴിക്കോട് ജില്ല കളക്ടറായിരുന്ന എസ്. സാംബശിവ റാവുവും വിഷയത്തില്‍ ഇടപെട്ട് ശിവക്ക് മാന്യമായ ജീവിതമുണ്ടാകുമെന്ന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ശിവക്ക് ഇതേ വീട്ടില്‍ തന്നെ തുടര്‍ന്ന് താമസിക്കാമെന്ന് കോഴിക്കോട് ജില്ല കളക്ടര്‍ തന്നെ പിന്നീട് ഉത്തരവിറക്കുകയും ചെയ്തു. ഈ ഉത്തരവ് ശിവയുടെ മോചനത്തിന് തടസ്സമാകുകയും ചെയ്തതോടെയാണ് ഇപ്പോള്‍ പിതാവ് ഹേബിയസ് കോര്‍പസ് നല്‍കിയിരിക്കുന്നത്.

content highlights: slave labor for tribal woman in Kozhikode; High Court intervened

We use cookies to give you the best possible experience. Learn more