| Thursday, 10th October 2024, 6:55 pm

ടാറ്റയുടെ വിജയചരിത്രം അടിസ്ഥാന മനുഷ്യരുടെ കണ്ണീരും ചോരയും വിയര്‍പ്പും: കുറിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: രത്തന്‍ ടാറ്റയുടെ വിജയ ചരിത്രങ്ങള്‍ അടിസ്ഥാന മനുഷ്യരുടെ കണ്ണീരും ചോരയും വിയര്‍പ്പുമാണെന്ന് ഓര്‍മിപ്പിച്ച് എഴുത്തുകാരി അനു പാപ്പച്ചന്‍. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് അനു പാപ്പച്ചന്‍ ഇക്കാര്യം പറയുന്നത്. രത്തന്‍ ടാറ്റയുടെ നിര്യാണത്തെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലടക്കം നിരവധിയായി പ്രചരിക്കുന്ന പുകഴ്ത്തലുകളുടെ പശ്ചാത്തലത്തിലാണ് അനുപാപ്പച്ചന്റെ പ്രതികരണം.

ടാറ്റയുടെ ഉടമസ്ഥയിലുള്ള വ്യവസായ സ്ഥാപനങ്ങളില്‍ നടന്നിട്ടുള്ള തൊഴിലാളി ചൂഷണങ്ങള്‍ ചൂണ്ടിക്കാട്ടിയും ടാറ്റയുടെ വ്യവസായ സ്ഥാപനങ്ങളില്‍ നടന്നിട്ടുള്ള സമരങ്ങളില്‍ തൊഴിലാളികള്‍ കൊല്ലപ്പെട്ടതുമെല്ലാം ചൂണ്ടിക്കാട്ടിയാണ് അനുപാപ്പച്ചന്റെ കുറിപ്പ്.

അപ്രിയ സത്യങ്ങളാണെന്നും ട്രെന്റിന് യോജിക്കാന്‍ കഴിയാത്തുമാണ് എന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. താരകയെ കണ്ടാല്‍ രാവ് മറക്കുന്ന മനസ്സാണ് നമുക്കെന്നും അനുപാപ്പച്ചന്‍ പറയുന്നു. കുറിപ്പില്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ ടാറ്റയുടെ നിയന്ത്രണത്തിലുള്ള വ്യവസായ സ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ നേരിട്ട ചൂഷണങ്ങളെ കുറിച്ചുള്ള വാര്‍ത്തകളുടെ ലിങ്കും അനു പാപ്പച്ചന്‍ പങ്കുവെച്ചിട്ടുണ്ട്.

ടാറ്റയോട് ഏതെങ്കിലും തരത്തിലുള്ള വിരോധമുള്ളത് കൊണ്ടല്ല, മറിച്ച് അടിസ്ഥാനപരമായി ചെയ്യേണ്ട വലിയ ചില ശരികള്‍ ഇപ്പുറത്തുണ്ട് എന്ന് സ്വയം ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് തന്റെ പോസ്‌റ്റെന്നും അനു പാപ്പച്ചന്‍ പറയുന്നു. പ്രണവ് മോഹന്‍ലാലിന്റെ ലാളിത്യത്തെ പോലെ കോര്‍പറേറ്റുകളുടെ സഹജസ്‌നേഹത്തെ കുറിച്ചുള്ള കഥകള്‍ വല്ലാതെ വാഴ്ത്തപ്പെടുമെന്നും അനുപാപ്പച്ചന്‍ പറയുന്നു.

രത്തന്‍ ടാറ്റ

പശ്ചിമബംഗാളിലും ഒഡീഷയിലും അസമിലും ഉള്‍പ്പടെ രാജ്യത്തെ വിവിധ ഇടങ്ങളിലുള്ള ടാറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാന്റേഷനുകളിലും വ്യവസായ സ്ഥാപനങ്ങളിലുമുണ്ടായിട്ടുള്ള തൊഴില്‍ പീഡനങ്ങളെ കുറിച്ച് പോസ്റ്റില്‍ പറയുന്നുണ്ട്. കേരളത്തിലെ മൂന്നാറില്‍ നടന്ന പെമ്പിളൈ ഒരുമയുടെ സമരത്തില്‍ പോലും ടാറ്റക്ക് തൊഴിലാളി സൗഹൃദമായ അന്തരീക്ഷത്തിന് വേണ്ടി ഇടപെടാവുന്ന സാഹചര്യമുണ്ടായിരുന്നു എന്നും അവര്‍ ഓര്‍മപ്പെടുത്തുന്നു.

അസമിലെ ടാറ്റയുടെ പ്ലാന്റേഷനില്‍ പാര്‍പ്പിടമില്ലായ്മയുടെ കുറഞ്ഞ വേതനവുമടക്കമുള്ള തീര്‍ത്തും തൊഴിലാളി വിരുദ്ധ സാഹചര്യമാണുണ്ടായിരുന്നതെന്നും അനുപാപ്പച്ചന്‍ പറയുന്നു. ക്ഷേമനിധി ആനുകൂല്യങ്ങളോ സ്ത്രീതൊഴിലാളികള്‍ക്ക് ശുചിമുറി സൗകര്യങ്ങളോ ടാറ്റയുടെ അസമിലെ പ്ലാന്റേഷനില്‍ ഉണ്ടായിരുന്നില്ല എന്നും അവര്‍ പറയുന്നു.

അസമിലെ പ്ലാന്റേഷനില്‍ മാനേജ്‌മെന്റ് തൊഴിലാളികളെ ചൂഷണം ചെയ്യുകയായിരുന്നു എന്നും കീടനാശിനി പ്രയോഗിക്കുന്നതിനിടെ മരണപ്പെട്ട തൊഴിലാളിയോട് പോലും അനാദരവ് കാണിച്ചവരാണ് ടാറ്റയുടെ മാനേജ്‌മെന്റെന്നും അന്നത്തെ വാര്‍ത്ത സഹിതം അനുപാപ്പച്ചന്‍ തുറന്നുകാട്ടുന്നു.

അനു പാപ്പച്ചന്‍

പശ്ചിമബംഗാളിലെ ടാറ്റയുടെ തൊഴിലിടത്തില്‍ നിര്‍ബന്ധിത തൊഴിലിനെ തുടര്‍ന്ന് 8 മാസം ഗര്‍ഭിണിയായ സ്ത്രീ കുഴഞ്ഞുവീണതിനെ കുറിച്ചും അവര്‍ക്ക് കൃത്യമായ മെഡിക്കല്‍ സൗകര്യങ്ങള്‍ ലഭിക്കാത്തതിനെ കുറിച്ചും അനുപാപ്പച്ചന്റെ കുറിപ്പില്‍ പറയുന്നുണ്ട്.

ഒഡീഷയിലെ ടാറ്റ സ്റ്റീല്‍ കമ്പനിക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളെ കുറിച്ചും അനുപാപ്പച്ചന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഒഡീഷയില്‍ ആദിവാസികളെ അവരുടെ ഭൂമിയില്‍ നിന്നും വിഭവങ്ങളില്‍ നിന്നും കുടിറക്കിയെന്നും അവര്‍ക്ക് മതിയായ പുനരധിവാസം നല്‍കിയില്ലെന്നുമുള്ള ആരോപണങ്ങളെയും അവര്‍ ഓര്‍മിപ്പിക്കുണ്ട്.

അനു പാപ്പച്ചന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇവിടെ വായിക്കാം

content highlights: slain labourer, displaced tribals; Tata’s Success Story Tears, Blood and Sweat of Basic Humans: Note

We use cookies to give you the best possible experience. Learn more