ന്യൂദല്‍ഹി: മകനെ മതത്തിന്റെ പേരില്‍ ലക്ഷ്യമിട്ടതാണെന്ന് 2020 ദല്‍ഹി കലാപത്തിനിടെ കൊല്ലപ്പെട്ട ഫൈസാന്റെ മാതാവ്. 2022 ദല്‍ഹി കലാപത്തിനിടെ പൊലീസ് ഉദ്യോഗസ്ഥരുടെ മര്‍ദ്ദനത്തിനിരയായാണ് ഫൈസാന്‍ കൊല്ലപ്പെടുന്നത്. വന്ദേമാതരവും ദേശീയ ഗാനവും ആലപിക്കാന്‍ നിര്‍ബന്ധിച്ചാണ് ഫൈസാനെ പൊലീസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഫൈസാന്റെ മരണം കറുത്ത വംശജനായതിന്റെ പേരില്‍ കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയിഡിന്റേതിന് സമാനമാണെന്നും മാതാവ് ഹൈക്കോടതിയെ അറിയിച്ചു.
നിലവിലെ സാഹചര്യത്തില്‍ രാജ്യത്തെ ഏതൊരു പൗരനും ഒരുപോലെ കരുതിയിരിക്കേണ്ടതാണ് ഇത്തരം അക്രമങ്ങളെന്നും ദല്‍ഹി പൊലീസിന്റെ പ്രവര്‍ത്തികള്‍ ഭീതിപ്പെടുത്തുന്നതാണെന്നും ഫൈസാന്റെ മാതാവിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവര്‍ പറഞ്ഞു. ഇത് മനപ്പൂര്‍വം ലക്ഷ്യം വെച്ച് നടത്തിയ കുറ്റകൃത്യമാണെന്നും അഭിഭാഷക കോടതിയില്‍ വ്യക്തമാക്കി.
ഫൈസാന്റെ മാതാവ് കിസ്മാതുന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് അനൂപ് ജയ്‌റാം ബാംബാനിയായിരുന്നു ഹരജി പരിഗണിച്ചത്.
ഫൈസാന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് കിസ്മാതുന്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഫൈസാനും മറ്റ് നാല് മുസ്‌ലിം യുവാക്കളും ആക്രമിക്കപ്പെടുന്ന വീഡിയോ നേരത്തെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
വീഡിയോയില്‍ ഫൈസാനെ പൊലീസ് ഉദ്യോഗസ്ഥന്‍ മര്‍ദ്ദിക്കുന്നത് കാണാം. ഫൈസാനോട് വന്ദേമാതരം പാടാന്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്.
പൊലീസ് തന്റെ മകന് ചികിത്സ നിഷേധിച്ചെന്നും കിസ്മാതുന്‍ കോടതിയോട് പറഞ്ഞു.
2020 ഫെബ്രുവരി 24 ന് മകനെ പൊലീസ് ആശുപത്രിയില്‍ നിന്നും ഫൈസാനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ കിസ്മാതുന്‍ പൊലീസില്‍ പരാതി നല്‍കാനെത്തിയെങ്കിലും അവരെ തടയുകയായിരുന്നുവെന്ന് വൃന്ദ്ര ഗ്രോവര്‍ കോടതിയോട് പറഞ്ഞു. പരിക്കേറ്റയാളെ ചികിത്സക്കിടെ കസ്റ്റഡിയിലെടുത്തത് ഏത് വകുപ്പ് പ്രകാരമാണെന്നും ഫൈസാന്റേത് കസ്റ്റഡി കൊലപാതകമാണെന്നും ഗ്രോവര്‍ കോടതിയെ അറിയിച്ചു.
പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ അന്വേഷണം പ്രഖ്യാപിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും അഭിഭാഷക ചോദ്യം ചെയ്തു.
ഫെബ്രുവരി 25ന് ഫൈസാനെ കൂട്ടിക്കൊണ്ടുപോകാന്‍ പൊലീസ് കിസ്മാതുനെ വിളിപ്പിച്ചിരുന്നു. മര്‍ദ്ദനമേറ്റ് അവശനായ നിലയിലായിരുന്നു ഫൈസാന്‍. വീട്ടിലെത്തിയ ശേഷം താന്‍ ഫൈസാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും എന്താണ് സംഭവിച്ചതെന്ന് ഫൈസാന്‍ കൃത്യമായി പറഞ്ഞിരുന്നുവെന്നും ഗ്രോവര്‍ കോടതിയെ ബോധിപ്പിച്ചു. പൊലീസ് വിട്ടയച്ച് 24 മണിക്കൂറിനുള്ളിലായിരുന്നു ഫൈസാന്റെ മരണം.
അതേസമയം കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്നും തെളിവുകള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും ഹാജരാക്കാന്‍ തയ്യാറാണെന്നും ദല്‍ഹി പൊലീസിന് വേണ്ടി ഹാജരായ കൗണ്‍സില്‍ കോടതിയെ അറിയിച്ചു.