| Sunday, 3rd March 2019, 10:03 pm

അവര്‍ കസേര സംരക്ഷിക്കാനുള്ള തിരക്കില്‍; സി.ആര്‍.പി.എഫ് ജവാന്റെ മൃതദേഹത്തെ അവഗണിച്ച് മോദിയുടെ റാലിയില്‍ പങ്കെടുത്ത മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനവുമായി സഹോദരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: കുപ്‌വാരയില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ഇന്‍സ്‌പെക്ടര്‍ പിന്റു കുമാറിന്റെ മൃതദേഹം ജയ് പ്രകാശ് നാരായണ്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഏറ്റു വാങ്ങാന്‍ എത്താതിരുന്ന മന്ത്രിമാരെ രൂക്ഷമായി വിമര്‍ശിച്ച് സഹോദരന്‍ രംഗത്ത്. ബിഹാറിലെ പാട്‌നയില്‍ നടന്ന മോദിയുടെ തെരഞ്ഞെടുപ്പ് റാലിയിയുടെ തിരക്കിലായിരുന്നു മന്ത്രിമാര്‍.

“സര്‍ക്കാര്‍ ഒരു വ്യക്തിക്ക് മാത്രമാണ് പ്രാധാന്യം നല്‍കുന്നത് (മോദി). രക്തസാക്ഷികള്‍ കാത്തുനില്‍ക്കണം. അവന്‍ മരിച്ചു. ഇനി എങ്ങനെയാണ്ത് മന്ത്രിമാരെ ബാധിക്കുക. അവര്‍ തങ്ങളുടെ കസേര സുരക്ഷിതമാക്കാനുള്ള തിരക്കിലാണ്”- പിന്റു കുമാറിന്റെ സഹോദരന്‍ മിഥിലേഷ് കുമാര്‍ പറഞ്ഞതായി ജനതാ കാ റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജവാന്മാരെ കുറിച്ച് പുകഴ്ത്തി സംസാരിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ ഇരട്ടത്താപ്പും മിഥിലേഷ് തുറന്നു കാട്ടുന്നു. “നമ്മുടെ ജവാന്മാരെ ഇവര്‍ എത്രത്തോളം പരിഗണിക്കുന്ന എന്നതിന്റെയും അവരെ സഹായിക്കാനായി എന്തൊക്കെ ചെയ്യും എന്നുമാണ് നമുക്കിത് കാണിച്ച് തരുന്നത്”- അദ്ദേഹം പറഞ്ഞു.

Also Read ഡിസ്ലെക്‌സിയ രോഗികളെ പരിഹസിച്ച് പ്രധാനമന്ത്രി; സ്വന്തം “തമാശയ്ക്ക്” ചിരിനിര്‍ത്താനാകാതെ മോദി: പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

ജമ്മു കാശ്മീരിലെ കുപ് വാരയില്‍ വെള്ളിയാഴ്ച തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിലാണ് പിന്റു കുമാര്‍ കൊല്ലപ്പെട്ടത്. സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട വാര്‍ത്തകള്‍ വരുന്ന സമയത്ത് കേന്ദ്ര ആന്തരിക സുരക്ഷാ മന്ത്രി കിരണ്‍ റിജിജു ബോളിവുഡ് താരം രവീണ ഡണ്‍ഡോണിന്റെ ട്രാവല്‍ ഏജന്റ് ആയി അഭിനയിക്കുന്ന തിരക്കിലായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

ബിഹാറിലെ കോണ്‍ഗ്രസ് പ്രസിഡന്റ് മദന്‍ മോഹന്‍ ജാ, ലോക് ജനശക്തി പാര്‍ട്ടി എം.പി ചൗധരി മഹ്ബൂബ് അലി കൈസര്‍, ജില്ലാ മജിസ്‌ട്രേറ്റ് കുമാര്‍ രവി, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പിന്റോ കുമാറിന്റെ മൃതദേഹം ഏറ്റു വാങ്ങാന്‍ ജയ് പ്രകാശ് നാരായണ്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

അതേസമയം, വിമാനത്താവളത്തില്‍ നിന്നും കിലോമീറ്ററുകള്‍ മാത്രം അകലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാട്‌നയില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുകയായിരുന്നു. സൈനികരുടെ ത്യാഗങ്ങളെക്കുറിച്ച് ഇന്ത്യ ഇനി നിശബ്ദത പാലിക്കില്ലെന്ന് പാട്‌നയില്‍ നടന്ന റാലിക്കിടെ മോദി പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more