| Sunday, 2nd July 2023, 4:40 pm

തോല്‍ക്കാന്‍ മനസില്ലാത്തവരുടെ മത്സരത്തില്‍ വെന്നിക്കൊടി പാറിക്കാന്‍ ലങ്ക 🔥 🔥 എറിഞ്ഞിട്ടത് ഈ വര്‍ഷത്തെ മോശം സ്‌കോറില്‍ 🤯

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി വേള്‍ഡ് കപ്പ് ക്വാളിഫയറില്‍ സിംബാബ്‌വേയെ ചെറിയ സ്‌കോറിലൊതുക്കി ശ്രീലങ്ക. ക്യൂന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 165 റണ്‍സിനാണ് സിംഹളര്‍ ഷെവ്‌റോണ്‍സിനെ എറിഞ്ഞിട്ടത്.

ടോസ് നേടിയ ശ്രീലങ്ക എതിരാളികളെ ബാറ്റിങ്ങിനിയക്കുകയായിരുന്നു. ക്യാപ്റ്റന്‍ ദാസുന്‍ ഷണകയുടെ തീരുമാനം ശരിവെക്കുന്ന തരത്തില്‍ ലങ്കന്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞപ്പോള്‍ ഷെവ്‌റോണ്‍സിന് അടി തെറ്റി.

ടീം സ്‌കോര്‍ രണ്ടില്‍ നില്‍ക്കവെ ഓപ്പണര്‍ ജോയ്‌ലോര്‍ഡ് ഗുംബിയെ സില്‍വര്‍ ഡക്കായി നഷ്ടപ്പെട്ട സിംബാബ്‌വേക്ക് പിന്നാലെയെത്തിയ വെസ്‌ലി മധേവരെയെ ഒരു റണ്‍സിനും നഷ്ടമായി. 13 പന്തില്‍ നിന്നും 14 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ക്രെയ്ഗ് ഇര്‍വിനെ ദിശന്‍ മധുശങ്കയുടെ പന്തില്‍ ലങ്കന്‍ നായകന്‍ ദാസുന്‍ ഷണക ക്യാച്ചെടുത്ത് മടക്കിയതോടെ ലങ്ക 30ന് മൂന്ന് എന്ന നിലയിലേക്ക് വീണു.

നാലാമനായി ഇറങ്ങിയ സീന്‍ വില്യംസും അഞ്ചാം നമ്പറില്‍ ഇറങ്ങിയ സിക്കന്ദര്‍ റാസയും പടുത്തുയര്‍ത്തിയ കൂട്ടുകെട്ടാണ് സിംബാബ്‌വേക്ക് തുണയായത്. സീന്‍ വില്യംസ് 57 പന്തില്‍ 56 റണ്‍സ് നേടിയപ്പോള്‍ റാസ 51 പന്തില്‍ നിന്നും 31 റണ്‍സ് നേടി പുറത്തായി.

ടീം സ്‌കോര്‍ 98ല്‍ നില്‍ക്കവെ ദാസുന്‍ ഷണകയാണ് റാസയെ പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചത്. 127 റണ്‍സില്‍ നില്‍ക്കവെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ വില്യംസിനെ മഹീഷ് തീക്ഷണ മടക്കിയതോടെ സിംബാബ്‌വേ പരുങ്ങി.

തുടര്‍ന്ന് റണ്ണടിച്ചുകൂട്ടാനോ മികച്ച കൂട്ടുകെട്ട് പടുത്തയര്‍ത്താനോ ഷെവ്‌റോണ്‍സിന് സാധിക്കാതെ പോയതോടെ 32.2 ഓവറില്‍ 165 റണ്‍സിന് ടീം ഓള്‍ ഔട്ടായി.

ശ്രീലങ്കക്കായി മഹീഷ് തീക്ഷണ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ദിശന്‍ മധുശങ്ക മൂന്നും മതീശ പതിരാന രണ്ട് വിക്കറ്റും നേടി. ക്യാപ്റ്റന്‍ ദാസുന്‍ ഷണകയാണ് ശേഷിക്കുന്ന വിക്കറ്റ് വീഴ്ത്തിയത്.

സന്നാഹ മത്സരത്തിലും ക്വാളിഫയറിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച സിംബാബ്‌വേക്ക് ശ്രീലങ്കക്ക് മുമ്പില്‍ അത് ആവര്‍ത്തിക്കാന്‍ സാധിച്ചില്ല. 2023ലെ സിംബാബ്‌വേയുടെ ഏറ്റവും മോശം ടോട്ടലാണ് ക്യൂന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഗ്രൗണ്ടില്‍ പിറന്നത്.

ക്വാളിഫയറില്‍ ഇതുവരെ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് സിംബാബ്‌വേയും ശ്രീലങ്കയും ലോകകപ്പ് ലക്ഷ്യമിട്ട് കുതിച്ചത്. അപരാജിതരായ അഞ്ച് മത്സരങ്ങള്‍ക്ക് ശേഷം ഒരാള്‍ ഉറപ്പായും തോല്‍ക്കേണ്ട ഘട്ടത്തിലാണ് കാര്യങ്ങളെത്തിയിരിക്കുന്നത്.

അതേസമയം, സിംബാബ്‌വേ ഉയര്‍ത്തിയ 166 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലങ്ക നിലവില്‍ ആറ് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 20 റണ്‍സ് എന്ന നിലയിലാണ്. 22 പന്തില്‍ നിന്നും പത്ത് റണ്‍സ് നേടിയ ദിമുത് കരുണരത്‌നെയും 14 പന്തില്‍ നിന്നും അഞ്ച് റണ്‍സുമായി പാതും നിസങ്കയുമാണ് ക്രീസില്‍.

Content Highlight: SL vs ZIM, Zimbabwe all out for 165

We use cookies to give you the best possible experience. Learn more