| Sunday, 1st December 2024, 8:45 am

വമ്പന്‍ ട്വിസ്റ്റ്, അതിലേറെ സര്‍പ്രൈസ്; ഇന്ത്യയല്ല, ഓസ്‌ട്രേലിയയെ ഞെട്ടിച്ച് മറ്റൊരു സൂപ്പര്‍ ടീം

സ്പോര്‍ട്സ് ഡെസ്‌ക്

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ വമ്പന്‍ ട്വിസ്റ്റ്. ഓസ്‌ട്രേലിയയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയിട്ട് സൗത്ത് ആഫ്രിക്ക ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുകയാണ്. ശ്രീലങ്കക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ മികച്ച വിജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് പ്രോട്ടിയാസ് രണ്ടാം സ്ഥാനത്തേക്ക് കയറിയത്.

കങ്കാരുക്കളേക്കാള്‍ മികച്ച പി.സി.ടി സ്വന്തമാക്കിയാണ് പ്രോട്ടിയാസ് ഇന്ത്യക്ക് താഴെ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്. ഒമ്പത് മത്സരത്തില്‍ നിന്നും അഞ്ച് ജയവും ഒരു സമനിലയും മൂന്ന് തോല്‍വിയുമായി 64 പോയിന്റാണ് പ്രോട്ടിയാസിനുള്ളത്. ഒറ്റ പോയിന്റ് പോലും നഷ്ടപ്പെട്ടിട്ടുമില്ല. ഇന്ത്യക്ക് താഴെ 59.26 എന്ന വിന്നിങ് പേര്‍സെന്റേജുമായാണ് പ്രോട്ടിയാസ് രണ്ടാമതെത്തിയിരിക്കുന്നത്.

13 മത്സരത്തില്‍ നിന്നും എട്ട് ജയവും നാല് തോല്‍വിയും ഒരു സമനിലയുമാണ് മൂന്നാമതുള്ള ഓസ്‌ട്രേലിയക്കുള്ളത്. പത്ത് പോയിന്റ് നഷ്ടപ്പെടുകയും ചെയ്തു. 57.69 ആണ് ടീമിന്റെ ജയശതമാനം.

അതേസമയം, ശ്രീലങ്കക്കും തിരിച്ചടിയേറ്റിരിക്കുകയാണ്. പ്രോട്ടിയാസിനെതിരായ തോല്‍വിക്ക് പിന്നാലെ പി.സി.ടിയില്‍ ഇടിവ് സംഭവിച്ച് നാലാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ് ലങ്കന്‍ സിംഹങ്ങള്‍.

അതേസമയം, ഇംഗ്ലണ്ടിനോട് തോറ്റെങ്കിലും നാലാം സ്ഥാനം കൈവിടാതെ കാക്കാന്‍ ന്യൂസിലാന്‍ഡിനായി. ഇരു ടീമുകള്‍ക്കും 50.00 പി.സി.ടിയാണുള്ളത്.

ന്യൂസിലാന്‍ഡ് 12 മത്സരത്തില്‍ ആറ് ജയവും ആറ് തോല്‍വിയും നേരിട്ടപ്പോള്‍ പത്ത് മത്സരത്തില്‍ അഞ്ച് വീതം ജയവും തോല്‍വിയുമാണ് ശ്രീലങ്കയ്ക്കുള്ളത്.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ആര് കളിക്കും എന്ന കാര്യത്തില്‍ സസ്‌പെന്‍സുകള്‍ തുടരുകയാണ്. ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള ടീമിനും തുല്യസാധ്യത കല്‍പ്പിക്കപ്പെടുമ്പോള്‍ ആറാമതുള്ള ഇംഗ്ലണ്ടിനും സാധ്യതകളുണ്ട്.

(വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

ശ്രീലങ്കയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ തകര്‍പ്പന്‍ വിജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. കിങ്‌സ്മീഡില്‍ നടന്ന മത്സരത്തില്‍ 233 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് പ്രോട്ടിയാസിന്റെ പേരില്‍ കുറിക്കപ്പെട്ടത്.

സ്‌കോര്‍

സൗത്ത് ആഫ്രിക്ക – 191 & 366/5d

ശ്രീലങ്ക – 42 & 282 (T: 516)

ആദ്യ ഇന്നിങ്‌സില്‍ തെംബ ബാവുമയുടെ ഇന്നിങ്‌സിന്റെ കരുത്തില്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയ ആതിഥേയര്‍ ലങ്കയെ നാണംകെടുത്തിക്കൊണ്ടാണ് എറിഞ്ഞിട്ടത്. 6.5 ഓവറില്‍ ഏഴ് ലങ്കന്‍ വിക്കറ്റുകള്‍ വീഴ്ത്തിയ മാര്‍കോ യാന്‍സെനാണ് ലങ്കയെ തകര്‍ത്തത്. ആദ്യ ഇന്നിങ്‌സില്‍ തങ്ങളുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മോശം സ്‌കോറായ 42ന് ലങ്ക പുറത്തായി.

149 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച പ്രോട്ടിയാസ് ട്രിസ്റ്റണ്‍ സ്റ്റബ്‌സിന്റെയും തെംബ ബാവുമയുടെയും സെഞ്ച്വറി കരുത്തില്‍ മികച്ച സ്‌കോറിലെത്തി. 366ന് അഞ്ച് എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത പ്രോട്ടിയാസ് 516 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലും ലങ്കയ്ക്ക് മുമ്പില്‍ വെച്ചു.

ദിനേഷ് ചണ്ഡിമല്‍, ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വ എന്നിവരുടെ ബാറ്റിങ് പ്രകടനത്തില്‍ തിരിച്ചടിക്കാമെന്ന് ലങ്ക കണക്കുകൂട്ടിയെങ്കിലും പ്രോട്ടിയാസ് പടുത്തുയര്‍ത്തിയ റണ്‍മല അവര്‍ക്ക് കീഴടക്കാന്‍ സാധിക്കുന്നതിനേക്കാള്‍ ഉയരത്തിലായിരുന്നു. ഒടുവില്‍ 282 റണ്‍സിന് ടീം പുറത്തായി.

രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് വീഴ്ത്തി മാര്‍കോ യാന്‍സെന്‍ ടെന്‍ഫര്‍ പൂര്‍ത്തിയാക്കി. കേശവ് മഹാരാജ്, കഗീസോ റബാദ, ജെറാള്‍ഡ് കോട്‌സിയ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി ലങ്കന്‍ പതനം പൂര്‍ത്തിയാക്കി.

ഡിസംബര്‍ അഞ്ചിനാണ് ശ്രീലങ്ക – സൗത്ത് ആഫ്രിക്ക രണ്ടാം മത്സരം. സെന്റ് ജോര്‍ജ്‌സ് ഓവലാണ് വേദി.

Content Highlight: SL vs SA: South Africa surpassed Australia in WTC points table after stunning victory against Sri Lanka

We use cookies to give you the best possible experience. Learn more