ന്യൂസിലാന്‍ഡിന്റെ ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് ഗല്ലെയില്‍ തുടരുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്ക ആദ്യ ഇന്നിങ്‌സില്‍ പടുകൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയാണ് സന്ദര്‍ശകരെ ഞെട്ടിച്ചത്. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 602 റണ്‍സ് എന്ന നിലയില്‍ നില്‍ക്കവെ ടീം ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
സൂപ്പര്‍ താരങ്ങളായ കാമിന്ദു മെന്‍ഡിസ്, ദിനേഷ് ചണ്ഡിമല്‍, കുശാല്‍ മെന്‍ഡിസ് എന്നിവരുടെ സെഞ്ച്വറി കരുത്തിലാണ് ലങ്ക തകര്‍പ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
കാമിന്ദു മെന്‍ഡിസ് 250 പന്തില്‍ പുറത്താകാതെ 182 റണ്‍സ് നേടി. 16 ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ചണ്ഡിമല്‍ 116 റണ്‍സ് നേടിയപ്പോള്‍ പുറത്താകാതെ 106 റണ്‍സാണ് കുശാല്‍ മെന്‍ഡിസ് അടിച്ചുനേടിയത്.
ഏയ്ഞ്ചലോ മാത്യൂസ് (185 പന്തില്‍ 88), ദിമുത് കരുണരത്‌നെ (109 പന്തില്‍ 46), ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വ (80 പന്തില്‍ 44) എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്‌സുകളും ലങ്കന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായി.
ടെസ്റ്റ് ക്രിക്കറ്റിനെ അതിന്റെ പഴയകാല പ്രതാപത്തിലേക്ക് കൊണ്ടുപോകുന്നതായിരുന്നു ലങ്കയുടെ ബാറ്റിങ് പ്രകടനം. കുറച്ചുകാലമായി 450+ ടോട്ടല്‍ ടെസ്റ്റിലെ ഒരു ഇന്നിങ്‌സില്‍ പിറവിയെടുക്കുന്നത് അത്ര സാധാരണമല്ല. 2024ല്‍ ആറ് തവണ മാത്രമാണ് ഒരു ഇന്നിങ്‌സില്‍ ടീം 450 കടക്കുന്നത്.
600ഉം 700ഉം റണ്‍സുകള്‍ ടീമുകള്‍ സ്‌കോര്‍ ചെയ്യുന്ന കാഴ്ചകള്‍ പുതിയ ക്രിക്കറ്റ് ആരാധകര്‍ക്ക് അന്യമാകുന്ന സമയത്താണ് ലങ്ക ഇത്തരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
2024ലെ ഏറ്റവുമുയര്‍ന്ന ഇന്നിങ്‌സ് ടോട്ടലും 2020ന് ശേഷമുള്ള ഏറ്റവുമുയര്‍ന്ന മൂന്നാമത് ഉയര്‍ന്ന ടോട്ടലുമാണിത്.
2024ലെ ഏറ്റവുമുയര്‍ന്ന ടെസ്റ്റ് ഇന്നിങ്‌സ് സ്‌കോര്‍
(ടീം – എതിരാളികള്‍ – റണ്‍സ് – വേദി എന്നീ ക്രമത്തില്‍)
ശ്രീലങ്ക – ന്യൂസിലാന്‍ഡ് – 602/5d – ഗല്ലെ
ബംഗ്ലാദേശ് – പാകിസ്ഥാന്‍ – 565 – റാവല്‍പിണ്ടി
ശ്രീലങ്ക – 531 – ബംഗ്ലാദേശ് – ചാറ്റോഗ്രാം
ന്യൂസിലാന്‍ഡ് – സൗത്ത് ആഫ്രിക്ക – 511 – മൗണ്ട് മംഗനൂയി
ഇന്ത്യ – ഇംഗ്ലണ്ട് – 477 – ധര്‍മശാല
വെസ്റ്റ് ഇന്‍ഡീസ് – ഇംഗ്ലണ്ട് – 457 – നോട്ടിങ്ഹാം
2020ന് ശേഷം പിറന്ന ഏറ്റവുമുയര്‍ന്ന സ്‌കോറും ശ്രീലങ്കയുടെ പേരില്‍ തന്നെയാണ്. കഴിഞ്ഞ വര്‍ഷം അയര്‍ലന്‍ഡിനെതിരെ സ്വന്തം തട്ടകത്തില്‍ നേടിയ 704/3d ആണിത്. കുശാല്‍ മെന്‍ഡിസിന്റെ ഇരട്ട സെഞ്ച്വറിയുടെ കരുത്തിലാണ് ലങ്ക അന്ന് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.
അതേസമയം, ശ്രീലങ്കക്കെതിരെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ന്യൂസിലാന്‍ഡിന് തുടക്കം പാളിയിരിക്കുകയാണ്. നിലവില്‍ 12 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റിന് 22 എന്ന നിലയിലാണ് കിവികള്‍.
Content highlight: SL vs NZ: Sri Lanka scored 602 runs in 1st innings