ഹെറാത്തിന്റെ മാത്രമല്ല, മുരളിയുടെ പിന്‍ഗാമിയെയും ഇതാ കണ്ടെത്തി; ഇതിഹാസത്തിന് പോലും സാധിക്കാത്ത വെടിക്കെട്ട് തുടക്കം
Sports News
ഹെറാത്തിന്റെ മാത്രമല്ല, മുരളിയുടെ പിന്‍ഗാമിയെയും ഇതാ കണ്ടെത്തി; ഇതിഹാസത്തിന് പോലും സാധിക്കാത്ത വെടിക്കെട്ട് തുടക്കം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 29th September 2024, 12:11 pm

ന്യൂസിലാന്‍ഡിന്റെ ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ആതിഥേയര്‍ ഇന്നിങ്‌സ് വിജയത്തിലേക്ക് കുതിക്കുകയാണ്. ഫോളോ ഓണ്‍ വഴങ്ങി രണ്ടാം ഇന്നിങ്‌സും ബാറ്റിങ് തുടരേണ്ടി വന്ന കിവികളെ വമ്പന്‍ തോല്‍വിയിലേക്കാണ് ശ്രീലങ്ക തള്ളിയിടാന്‍ ഒരുങ്ങുന്നത്.

രണ്ടാം ദിനം ലഞ്ചിന് പിരിയും മുമ്പ് തന്നെ ന്യൂസിലാന്‍ഡിന്റെ എട്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. നിഷാന്‍ പീരിസിന്റെ തകര്‍പ്പന്‍ പ്രകടനത്തിലാണ് ശ്രീലങ്ക വിരുന്നെത്തിയവരെ എറിഞ്ഞിടുന്നത്.

ആദ്യ ഇന്നിങ്‌സില്‍ ന്യൂസിലാന്‍ഡ് വിക്കറ്റുകള്‍ പിഴുതെറിയാന്‍ ഇടംകയ്യന്‍ സ്പിന്നര്‍ പ്രഭാത് ജയസൂര്യയായിരുന്നു മത്സരിച്ചതെങ്കില്‍ രണ്ടാം ഇന്നിങ്‌സില്‍ വലംകയ്യന്‍ സ്പിന്നറായ പീരിസ് ആ ദൗത്യമേറ്റെടുത്തു.

തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയാണ് പീരിസ് കയ്യടികളേറ്റുവാങ്ങിയത്. സൂപ്പര്‍ താരം ഗ്ലെന്‍ ഫിലിപ്‌സിനെ പുറത്താക്കിയതിന് പിന്നാലെയാണ് പെരിസ് ഫൈഫര്‍ നേട്ടം സ്വന്തമാക്കിയത്.

ഗ്ലെന്‍ ഫിലിപ്‌സിന് പുറമെ ഓപ്പണര്‍ ടോം ലാഥം, കെയ്ന്‍ വില്യംസണ്‍, രചിന്‍ രവീന്ദ്ര, വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടല്‍ എന്നിവരുടെ വിക്കറ്റുകളാണ് താരം രണ്ടാം ഇന്നിങ്‌സില്‍ സ്വന്തമാക്കിയത്.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും താരത്തെ തേടിയെത്തി. അരങ്ങേറ്റ ടെസ്റ്റില്‍ ശ്രീലങ്കക്കായി അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന താരങ്ങളുടെ എലീറ്റ് ലിസ്റ്റിലേക്കാണ് പീരിസ് നടന്നുകയറിയത്. മുത്തയ്യ മുരളീധരനടക്കമുള്ള താരങ്ങള്‍ക്ക് ഇടമില്ലാത്ത പട്ടികയിലെ ഏഴാമനാണ് പെരിസ് തന്റെ സ്ഥാനം നേടിയെടുത്തത്.

അജിത് കൊസാല കുറുപ്പുആറാച്ചി, ഉപുല്‍ ചന്ദന, അകില ധനഞ്ജയ, ലസിത് എംബുല്‍ഡനിയ, പ്രവീണ്‍ ജയവിക്രമ, പ്രഭാത് ജയസൂര്യ എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ താരങ്ങള്‍.

നേരത്തെ മികച്ച പ്രകടനവുമായി പ്രഭാത് ജയസൂര്യയെന്ന ഇടംകയ്യന്‍ ഓര്‍ത്തഡോക്‌സ് സ്പിന്നര്‍ വരവറിയിച്ചപ്പോള്‍ രംഗന ഹെറാത്തിന്റെ പിന്‍മുറക്കാരനായാണ് ആരാധകര്‍ താരത്തെ വിശേഷിപ്പിച്ചത്. ഇപ്പോള്‍ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഫൈഫര്‍ നേടിയ വലംകയ്യന്‍ ഓഫ് ബ്രേക്കറായ പെരിസിനെ മുത്തയ്യയുടെ പിന്‍ഗാമിയായാണ് ആരാധകര്‍ കാണുന്നത്.

 

ആദ്യ ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നേടിയ പെരിസ്, രണ്ടാം ഇന്നിങ്‌സില്‍ ശേഷിക്കുന്ന രണ്ട് വിക്കറ്റും നേടി അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ടെന്‍ഫര്‍ നേടുന്ന താരങ്ങളുടെ പട്ടികയിലേക്ക് കുതിക്കാനുള്ള ഒരുക്കത്തിലാണ്.

നേരത്തെ ആദ്യ ഇന്നിങ്‌സില്‍ കിവികള്‍ വെറും 88 റണ്‍സിന് പുറത്തായിരുന്നു. പ്രഭാത് ജയസൂര്യ ആറ് വിക്കറ്റുമായി തിളങ്ങിയതോടെയാണ് വിരുന്നെത്തിയ കിവികളുടെ പതനം ആരംഭിച്ചത്. ആറ് മെയ്ഡന്‍ അടക്കം 18 ഓവര്‍ പന്തെറിഞ്ഞ് ആറ് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. വിട്ടുനല്‍കിയതാകട്ടെ 42 റണ്‍സും.

പീരിസ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ അസിത ഫെര്‍ണാണ്ടോയാണ് ശേഷിച്ച വിക്കറ്റ് നേടിയത്.

നേരത്തെ, ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്ക ആദ്യ ഇന്നിങ്സില്‍ പടുകൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട് ആദ്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യും മുമ്പേ 602 റണ്‍സാണ് ലങ്കന്‍ സിംഹങ്ങള്‍ അടിച്ചുകൂട്ടിയത്.

സൂപ്പര്‍ താരങ്ങളായ കാമിന്ദു മെന്‍ഡിസ്, ദിനേഷ് ചണ്ഡിമല്‍, കുശാല്‍ മെന്‍ഡിസ് എന്നിവര്‍ നേടിയ സെഞ്ച്വറികളുടെ കരുത്തിലാണ് ലങ്ക തകര്‍പ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

 

 

കാമിന്ദു മെന്‍ഡിസ് 250 പന്തില്‍ പുറത്താകാതെ 182 റണ്‍സ് നേടി. 16 ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ചണ്ഡിമല്‍ 116 റണ്‍സ് നേടിയപ്പോള്‍ പുറത്താകാതെ 106 റണ്‍സാണ് കുശാല്‍ മെന്‍ഡിസ് അടിച്ചുനേടിയത്.

നിലവില്‍ 74 ഓവര്‍ പിന്നിടുമ്പോള്‍ 334ന് എട്ട് എന്ന നിലയിലാണ് ന്യൂസിലാന്‍ഡ്. 88 പന്തില്‍ 48 റണ്‍സുമായി മിച്ചല്‍ സാന്റ്‌നറും 28 പന്തില്‍ 15 റണ്‍സുമായി അജാസ് പട്ടേലുമാണ് ക്രീസില്‍. നിലവില്‍ 180 റണ്‍സിന് പിന്നിലാണ് കിവികള്‍.

 

Content Highlight: SL vs NZ: Nishan Peiris picks 5 wickets on maiden test