| Thursday, 26th September 2024, 7:05 pm

147 വര്‍ഷത്തെ ചരിത്രത്തില്‍ ഇതുവരെ സംഭവിക്കാത്തത്! സച്ചിന് പോലും നേടാനാകാത്തത്; ഇവന്‍ മരതകദ്വീപിന്റെ മാണിക്യം

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡിന്റെ ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് ആരംഭിച്ചിരിക്കുകയാണ്. ആദ്യ ദിനം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. ആദ്യ ടെസ്റ്റ് വിജയിച്ച ലങ്ക, രണ്ടാം ടെസ്റ്റും ആധികാരികമായി വിജയിക്കാനും പരമ്പര സ്വന്തമാക്കാനുമാണ് ഒരുങ്ങുന്നത്.

ആദ്യ ദിനം ദിനേഷ് ചണ്ഡിമലിന്റെ സെഞ്ച്വറിയും ഏയ്ഞ്ചലോ മാത്യൂസ്, കാമിന്ദു മെന്‍ഡിസ് എന്നിവരുടെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തിലാണ് ലങ്ക സ്‌കോര്‍ ഉയര്‍ത്തിയത്.

ചണ്ഡിമല്‍ 208 പന്ത് നേരിട്ട് 116 റണ്‍സ് നേടി പുറത്തായി. 15 ബൗണ്ടറികള്‍ അടക്കം 55.77 സ്‌ട്രൈക്ക് റേറ്റിലാണ് ചണ്ഡിമല്‍ റണ്ണടിച്ചത്.

മാത്യൂസ് 166 പന്ത് നേരിട്ട് 78 റണ്‍സ് നേടിയും മെന്‍ഡിസ് 56 പന്തില്‍ 51 റണ്‍സ് നേടിയും ക്രീസില്‍ തുടരുകയാണ്.

ന്യൂസിലാന്‍ഡിനെതിരെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെ ഒരു തകര്‍പ്പന്‍ റെക്കോഡാണ് കാമിന്ദു മെന്‍ഡിസ് സ്വന്തമാക്കിയത്. തുടര്‍ച്ചയായ എട്ട് ടെസ്റ്റ് മത്സരങ്ങളില്‍ അര്‍ധ സെഞ്ച്വറി നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന നേട്ടമാണ് മെന്‍ഡിസ് സ്വന്തമാക്കിയത്.

2022 ജൂലൈയില്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന ടെസ്റ്റിലാണ് മെന്‍ഡിസ് ഈ റെക്കോഡ് സ്ട്രീക്കിന് തുടക്കമിട്ടത്. ഗല്ലെയായിരുന്നു വേദി. 137 പന്തില്‍ നിന്നും 66 റണ്‍സാണ് മെന്‍ഡിസ് അന്ന് നേടിയത്. ഏഴ് ബൗണ്ടറികളായിരുന്നു താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

അന്ന് ഓസ്‌ട്രേലിയക്കെതിരെ ഇന്നിങ്‌സ് ജയം സ്വന്തമാക്കിയാണ് ലങ്ക ഞെട്ടിച്ചത്. ദിനേഷ് ചണ്ഡിമലിന്റെ ഇരട്ട സെഞ്ച്വറിയുടെയും പ്രഭാത് ജയസൂര്യയുടെ ടെന്‍ഫറിന്റെയും കരുത്തിലാണ് ലങ്ക ജയിച്ചുകയറിയത്.

ശേഷം ബംഗ്ലാദേശ്, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകള്‍ക്കെതിരെയും മെന്‍ഡിസ് തന്റെ സ്ഥിരത വ്യക്തമാക്കി.

കാമിന്ദു മെന്‍ഡിസിന്റെ പ്രകടനം

61 vs ഓസ്‌ട്രേലിയ

102 & 164 vs ബംഗ്ലാദേശ്

92* vs ഇംഗ്ലണ്ട്

113 vs ഇംഗ്ലണ്ട്

74 vs ഇംഗ്ലണ്ട്

64 vs ഇംഗ്ലണ്ട്

114 vs ന്യൂസിലാന്‍ഡ്

51* vs ന്യൂസിലാന്‍ഡ് (ബാറ്റിങ് തുടരുന്നു)

കിവികള്‍ക്കെതിരെ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ഒന്നാം ഇന്നിങ്‌സില്‍ മെന്‍ഡിസ് സെഞ്ച്വറിയും നേടിയിരുന്നു. 11 ഫോര്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. രണ്ടാം ടെസ്റ്റില്‍ 13 റണ്‍സിന് താരം പുറത്തായി.

ഇപ്പോള്‍ ഗല്ലെയില്‍ നടക്കുന്ന മത്സരത്തില്‍ മെന്‍ഡിസ് സെഞ്ച്വറി നേടുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

കിവികള്‍ക്കെതിരായ പരമ്പര വിജയത്തിന് പുറമെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലും ലങ്ക ലക്ഷ്യമിടുന്നുണ്ട്. നിലവില്‍ എട്ട് മത്സരത്തില്‍ നിന്നും നാല് ജയവും നാല് തോല്‍വിയുമായി മൂന്നാമതാണ് ലങ്ക. 50 ശതമാനമാണ് ടീമിന്റെ വിജയശതമാനം.

ഇപ്പോള്‍ നടക്കുന്നതടക്കം അഞ്ച് ടെസ്റ്റുകളാണ് ടീമിന് മുമ്പിലുള്ളത്. ഇതില്‍ അഞ്ചിലും വിജയിച്ചാല്‍ ലങ്കക്ക് ലോര്‍ഡ്‌സിലേക്കുള്ള വഴി തുറക്കും.

Content highlight: SL vs NZ: Kamindu Mendis becomes first ever batter to score 8 consecutive test 50s

We use cookies to give you the best possible experience. Learn more