ഓസ്‌ട്രേലിയയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റിന് ഗല്ലെ അന്താരാഷ്ട്ര സ്റ്റേഡിയം വേദിയാവുകയാണ്. പ്രസിദ്ധമായ വോണ്‍ – മുരളീധരന്‍ ട്രോഫിയ്ക്കായാണ് ഓസ്‌ട്രേലിയ ശ്രീലങ്കന്‍ മണ്ണില്‍ പര്യടനത്തിനെത്തിയിരിക്കുന്നത്. വേള്‍ഡ് ടെസ്റ്റ് ചാാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളില്‍ ഇരു ടീമിന്റെയും അവസാന പരമ്പരയാണിത്.
മത്സരത്തില്‍ ടോസ് നേടി ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. ഉസ്മാന്‍ ഖവാജയ്‌ക്കൊപ്പം ട്രാവിസ് ഹെഡാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ഇരു താരങ്ങളും സ്വതസിദ്ധമായ രീതിയില്‍ ബാറ്റ് വീശി സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി.
ടീം സ്‌കോര്‍ 92ല്‍ നില്‍ക്കവെ ഹെഡിനെ പുറത്താക്കി പ്രഭാത് ജയസൂര്യ ഹോം ടീമിനാവശ്യമായ ബ്രേക് ത്രൂ നല്‍കി. 40 പന്തില്‍ 57 റണ്‍സ് നേടിയ ഹെഡിനെ ദിനേഷ് ചണ്ഡിമലിന്റെ കൈകളിലെത്തിച്ച് താരം പുറത്താക്കി. വണ്‍ ഡൗണായെത്തിയ മാര്‍നസ് ലബുഷാന്‍ 50 പന്തില്‍ 20 റണ്‍സുമായും കളം വിട്ടു.
പാറ്റ് കമ്മിന്‍സിന്റെ അഭാവത്തില്‍ ടീമിന്റെ ക്യാപ്റ്റന്‍സിയേറ്റെടുത്ത സ്റ്റീവ് സ്മിത്താണ് നാലാം നമ്പറിലിറങ്ങിയത്. ചരിത്രം കുറിക്കാന്‍ വെറും ഒറ്റ റണ്‍സ് എന്ന ആരാധകരുടെ സ്വപ്‌നവുമായി സ്മിത് ക്രീസിലേക്ക് നടന്നടുത്തു.
9,999കരിയര്‍ ടെസ്റ്റ് റണ്‍സുമായാണ് സ്മിത് ശ്രീലങ്കയ്‌ക്കെതിരെ ബാറ്റിങ്ങിനിറങ്ങിയത്. അധികം കാത്തിരിക്കാതെ ആരാധകര്‍ സ്വപ്‌നം കണ്ട ആ മുഹൂര്‍ത്തവും വന്നുചേര്‍ന്നു.
ടെസ്റ്റ് ചരിത്രത്തില്‍ 10,000 റണ്‍സ് പൂര്‍ത്തായാക്കുന്ന 15ാം താരമായാണ് സ്മിത് റെക്കോഡിട്ടത്. റിക്കി പോണ്ടിങ്ങിനും അലന്‍ ബോര്‍ഡറിനും സ്റ്റീവ് വോയ്ക്കും ശേഷം ഈ ചരിത്ര നേട്ടം പൂര്‍ത്തിയാക്കുന്ന ഓസ്‌ട്രേലിയന്‍ ബാറ്ററെന്ന നേട്ടവും സ്മിത് സ്വന്തമാക്കി.
(താരം – ടീം – റണ്‍സ് എന്നീ ക്രമത്തില്‍)
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 15,921
റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 13,378
ജാക് കാല്ലിസ് – ഐ.സി.സി/ സൗത്ത് ആഫ്രിക്ക – 13,289
രാഹുല്‍ ദ്രാവിസ് – ഐ.സി.സി/ ഇന്ത്യ – 13,288
ജോ റൂട്ട് – ഇംഗ്ലണ്ട് – 12,972
അലസ്റ്റര്‍ കുക്ക് – ഇംഗ്ലണ്ട് – 12,472
കുമാര്‍ സംഗക്കാര – ശ്രീലങ്ക – 12,400
ബ്രയാന്‍ ലാറ – ഐ.സി.സി/ വെസ്റ്റ് ഇന്‍ഡീസ് – 11,953
ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍ – വെസ്റ്റ് ഇന്‍ഡീസ് – 11,867
മഹേല ജയവര്‍ധനെ – ശ്രീലങ്ക – 11,814
അലന്‍ ബോര്‍ഡര്‍ – ഓസ്‌ട്രേലിയ – 11,174
സ്റ്റീവ് വോ – ഓസ്‌ട്രേലിയ – 10,927
സുനില്‍ ഗവാസ്‌കര്‍ – ഇന്ത്യ – 10,122
യൂനിസ് ഖാന്‍ – പാകിസ്ഥാന്‍ – 1,0099
സ്റ്റീവ് സ്മിത് – ഓസ്‌ട്രേലിയ – 10,056*
അതേസമയം, മത്സരം 50 ഓവര്‍ പിന്നിടുമ്പോള്‍ ഓസ്‌ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ് എന്ന നിലയിലാണ്. 138 പന്തില്‍ 101 റണ്‍സുമായി ഉസ്മാന്‍ ഖവാജയും 73 പന്തില്‍ 57 റണ്‍സുമായി സ്റ്റീവ് സ്മിത്തുമാണ് ക്രീസില്‍.
ഓസ്‌ട്രേലിയ പ്ലെയിങ് ഇലവന്‍
ഉസ്മാന്‍ ഖവാജ, ട്രാവിസ് ഹെഡ്, മാര്‍നസ് ലബുഷാന്‍, സ്റ്റീവ് സ്മിത് (ക്യാപ്റ്റന്‍), ജോഷ് ഇംഗ്ലിസ്, ബ്യൂ വെബ്‌സ്റ്റര്‍, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സ്റ്റാര്‍ക്, ടോഡ് മര്‍ഫി, മാത്യു കുന്‍മാന്‍, നഥാന്‍ ലിയോണ്‍.
ശ്രീലങ്ക പ്ലെയിങ് ഇലവന്‍
ദിമുത് കരുണരത്‌നെ, ഒഷാദ ഫെര്‍ണാണ്ടോ, ദിനേഷ് ചണ്ഡിമല്‍, ഏയ്ഞ്ചലോ മാത്യൂസ്, കാമിന്ദു മെന്‍ഡിസ്, ധനഞ്ജയ ഡി സില്‍വ (ക്യാപ്റ്റന്‍), കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), പ്രഭാത് ജയസൂര്യ, നിഷാന്‍ പീരിസ്, ജെഫ്രി വാന്‍ഡെര്‍സായ്, അസിത ഫെര്‍ണാണ്ടോ.
Content Highlight: SL vs AUS: Steve Smith completed 10,000 Test Runs