|

ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യതയില്ല, പകരം മൈറ്റി ഓസീസിനെ നാണംകെടുത്തി വിട്ടിട്ടുണ്ട്; ലീഡുമായി അസലങ്കയുടെ ലങ്ക

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് നടക്കുന്ന ശ്രീലങ്ക – ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ വിജയവുമായി ശ്രീലങ്ക. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 49 റണ്‍സിന്റെ വിജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ അസലങ്കയുടെ സെഞ്ച്വറി കരുത്തിലാണ് ശ്രീലങ്ക പരമ്പരയിലെ ആദ്യ വിജയവും ഒപ്പം 1-0ന്‍റെ ലീഡും സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുത്തു. ലങ്കന്‍ നായകന്റെ തീരുമാനം പാടെ തെറ്റിച്ചുകൊണ്ട് ഓസ്‌ട്രേലിയ പന്തെറിഞ്ഞപ്പോള്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കാതെ ആതിഥേയര്‍ വലഞ്ഞു.

ഓപ്പണര്‍മാര്‍ രണ്ട് പേരും ഒറ്റയക്കത്തിന് മടങ്ങിയപ്പോള്‍ വണ്‍ ഡൗണായെത്തിയ വിശ്വസ്തന്‍ കുശാല്‍ മെന്‍ഡിസ് വെറും 19 റണ്‍സിനും പുറത്തായി. ഐ.സി.സി എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരം സ്വന്തമാക്കിയ കാമിന്ദു മെന്‍ഡിസ് വെറും അഞ്ച് റണ്‍സിനും പുറത്തായതോടെ 31/4 എന്ന നിലയിലേക്ക് ലങ്ക വീണു.

എന്നാല്‍ അഞ്ചാം നമ്പറില്‍ കളത്തിലിറങ്ങിയ ക്യാപ്റ്റന്‍ ചരിത് അലസങ്ക വിട്ടുകൊടുക്കാന്‍ ഒരുക്കമായിരുന്നില്ല. പിന്നാലെയെത്തിയവര്‍ക്കൊപ്പം സാധ്യമായ രീതിയിലെല്ലാം ചെറുത്തുനിന്ന ക്യാപ്റ്റന്‍ സ്‌കോര്‍ ബോര്‍ഡിന്റെ ജീവന്‍ നിലനിര്‍ത്തി. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഓസീസ് ബൗളര്‍മാര്‍ മൊമെന്റം നിലനിര്‍ത്താനും അനുവദിച്ചില്ല.

ഒരു വശത്ത് ക്യാപ്റ്റന്‍ നിലയുറപ്പിച്ച് സ്‌കോര്‍ കണ്ടെത്തുമ്പോള്‍ മറുവശത്ത് നിന്ന് മറ്റ് ബാറ്റര്‍മാര്‍ പിന്തുണ നല്‍കുക എന്നതായിരുന്നു ലങ്കയുടെ ആക്ഷന്‍ പ്ലാന്‍. 135/8 എന്ന നിലയില്‍ നിന്നും 214ലേക്ക് ലങ്ക എത്തിയതും ക്യാപ്റ്റന്റെ ചെറുത്തുനില്‍പ് മാത്രം കാരണമായിരുന്നു.

126 പന്ത് നേരിട്ട് 127 റണ്‍സാണ് അസലങ്ക സ്വന്തമാക്കിയത്. അഞ്ച് സിക്‌സറും 14 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഓസീസിനായി ഷോണ്‍ അബോട്ട് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ആരോണ്‍ ഹാര്‍ഡി, നഥാന്‍ എല്ലിസ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി. മാറ്റ് ഷോര്‍ട്ടാണ് ശേഷിച്ച വിക്കറ്റെടുത്തത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കങ്കാരുക്കള്‍ക്ക് തൊട്ടതെല്ലാം പിഴച്ചു. പത്ത് റണ്‍സിന് മുമ്പ് ഓപ്പണര്‍മാര്‍ രണ്ട് പേരെയും നഷ്ടപ്പെട്ട സന്ദര്‍ശകര്‍ക്ക് ആഘാതത്തില്‍ നിന്നും കരയറാന്‍ സധിച്ചില്ല.

ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത് 12 റണ്‍സിനും ലബുഷാന്‍ 15 റണ്‍സിനും മടങ്ങിയപ്പോള്‍ 41 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരി ചെറുത്തുനിന്നു. 32 റണ്‍സ് നേടിയ ആരോണ്‍ ഹാര്‍ഡിയാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

ഒടുവില്‍ 33.5 ഓവറില്‍ ഓസീസ് 165ന് പുറത്തായി.

ശ്രീലങ്കയ്ക്കായി മഹീഷ് തീക്ഷണ നാല് വിക്കറ്റ് വീഴ്ത്തി. അസിത ഫെര്‍ണാണ്ടോയും ദുനിത് വെല്ലാലാഗെയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ഒരു വിക്കറ്റുമായി ക്യാപ്റ്റന്‍ അസലങ്ക ഓസീസിന്റെ പതനം പൂര്‍ത്തായിക്കി.

ചാമ്പ്യന്‍സ് ട്രോഫി പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ ടൂര്‍ണമെന്റിന് യോഗ്യത നേടാന്‍ സാധിക്കാത്ത ശ്രീലങ്കയില്‍ നിന്നേറ്റ തോല്‍വി കങ്കാരുക്കളെ സമ്മര്‍ദത്തിലേക്ക് തള്ളിവിട്ടിട്ടുണ്ട്. ക്യാപ്റ്റന്‍ കമ്മിന്‍സ് അടക്കം പരിക്കേറ്റ് പുറത്തായ സാഹചര്യത്തില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ സ്മിത്തിന്റെ ഓസ്‌ട്രേലിയ ഏറെ വിയര്‍ക്കേണ്ടി വരും.

ഫെബ്രുവരി 14നാണ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരം. കൊളംബോയാണ് വേദി.

Content highlight: SL vs AUS 1st ODI: Sri Lanka defeated Australia

Latest Stories