കണ്ണൂര്‍: പള്ളികളിലെ ബാങ്ക് വിളിയുമായി ബന്ധപ്പെട്ട് തലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീറിന്റെ അഭിപ്രായത്തെ പിന്തുണച്ച് എസ്.കെ.എസ്.എസ്.എഫ്. ഒരു പ്രദേശത്ത് അഞ്ച് പള്ളികളുണ്ടെങ്കില്‍ ഒന്നില്‍ നിന്നും ബാങ്ക് വിളിച്ചാല്‍ പോരേയെന്ന ഷംസീറിന്റെ അഭിപ്രായം നല്ലതാണെന്ന് എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ ചൂണ്ടിക്കാട്ടി.
“ഒരു പ്രദേശത്ത് അഞ്ച് പള്ളികളുണ്ടെങ്കില്‍ ഒന്നില്‍ നിന്നും ബാങ്ക് വിളിച്ചാല്‍ പോരേയെന്ന് എ.എന്‍ ഷംസീര്‍ എം.എല്‍.എ. അഭിപ്രായം സദുദ്ദേശപരമാണെങ്കില്‍ നല്ലതു തന്നെ. എങ്കില്‍ ആദ്യമുണ്ടായ പള്ളിയില്‍ നിന്ന് ബാങ്ക് വിളിക്കട്ടെ, ബാക്കിയുളളവര്‍ അതിനെ അവലംബിക്കട്ടെ.” അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
ഒരു ടൗണില്‍ അഞ്ച് പള്ളികളുണ്ടെങ്കില്‍ അഞ്ചിലും ബാങ്ക് വിളിക്കേണ്ടതുണ്ടോയെന്നാണ് ഷംസീര്‍ എം.എല്‍.എ ചോദിച്ചത്. ബാങ്ക് വിളി നമസ്‌കാര സമയം ഓര്‍മ്മിപ്പിക്കാനാണ്. ഇക്കാര്യത്തില്‍ മുസ്‌ലിം സംഘടനകള്‍ തുറന്ന ചര്‍ച്ചക്ക് തയ്യാറാകണമെന്നും ഷംസീര്‍ അഭിപ്രായപ്പെട്ടിരുന്നു.
Related: ഇതാണ് ബാങ്കുവിളി! പിള്ളയുടെ പ്രസ്താവനയ്ക്ക് യുവ സംഗീത സംവിധായകന്‍ നല്‍കിയ മറുപടി കേള്‍ക്കൂ
ബാലകൃഷ്ണപ്പിള്ളയുടെ വാക്കുകളുമായി തന്റെ വാക്കുകളെ ചേര്‍ത്തുവയ്ക്കരുതെന്നും ഷംസീര്‍ ഓര്‍മ്മിപ്പിച്ചിരുന്നു.
നേരത്തെ മാധ്യമം പത്രം എഡിറ്റോറിയലിലൂടെ ഈ നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. ഒരു പ്രദേശത്തെ ഒരു പള്ളിയില്‍ മാത്രം ഉച്ചഭാഷണി മതിയെന്ന നിലപടാണ് മാധ്യമം മുന്നോട്ടുവെച്ചത്. ഒരു പ്രദേശത്തെ മുഴുവന്‍ പള്ളികളില്‍നിന്നുമുള്ള ബാങ്ക് ഉച്ചഭാഷിണിയിലൂടെതന്നെ വേണമോ എന്ന കാര്യത്തില്‍ മുസ്‌ലിം സംഘടനകള്‍ ഗൗരവത്തില്‍ പുനരാലോചന നടത്തണമെന്നാണ് എഡിറ്റോറിയലിലൂടെ മാധ്യം ആവശ്യപ്പെട്ടത്.
മുജാഹിദ് നേതാവ് ഹുസൈന്‍ മടവൂര്‍ നേരത്തെ തന്നെ ഇത്തരമൊരു അഭിപ്രായം പങ്കുവെച്ചിരുന്നു. മറ്റുവിഭാഗത്തിന്റെ പള്ളികളുള്ള പ്രദേശത്ത് താന്‍ നേതൃത്വം നല്‍കുന്ന വിഭാഗത്തില്‍പെട്ട പള്ളികളില്‍ ലൗഡ്‌സ്പീക്കര്‍ വഴിയുള്ള ബാങ്കുവിളി വേണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്.
മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും ഇസ്‌ലാമിക ആത്മീയ സംഘടനകളിലൊന്നായ ഇ.കെ വിഭാഗം സമസ്തയുടെ സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും മസ്ജിദുകളിലെ ലൗഡ് സ്പീക്കര്‍ ഉപയോഗത്തിന് നിയന്ത്രണം വേണമെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. ചന്ദ്രിക ദിനപത്രത്തിലെഴുതിയ ലേഖനത്തിലൂടെയാണ് അദ്ദേഹം ഈ അഭിപ്രായം മുന്നോട്ടുവെച്ചത്.
അതേസമയം പാനൂരില്‍ ഷംസീര്‍ നടത്തിയ പ്രസ്താവനയോടുള്ള സി.പി.ഐ.എമ്മിന്റെ നിലപാട് പാര്‍ട്ടി വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കൂത്തുപറമ്പ് മണ്ഡലം മുസ്‌ലിം ലീഗ് രംഗത്തെത്തി പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുള്ള ഹാജിയും ജനറല്‍ സെക്രട്ടറി വി. നാസര്‍ മാസ്റ്ററും രംഗത്തെത്തി.