വനിതകള്‍ക്ക് സീറ്റ് നല്‍കാന്‍ സാധിക്കാത്തതിന്റെ പാപഭാരം മതസംഘടനകളുടെ മേല്‍ കെട്ടിവെക്കരുത്: സമസ്ത വിദ്യാര്‍ത്ഥി സംഘടനാ നേതാവ്
Kerala
വനിതകള്‍ക്ക് സീറ്റ് നല്‍കാന്‍ സാധിക്കാത്തതിന്റെ പാപഭാരം മതസംഘടനകളുടെ മേല്‍ കെട്ടിവെക്കരുത്: സമസ്ത വിദ്യാര്‍ത്ഥി സംഘടനാ നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th March 2021, 3:31 pm

തിരുവനന്തപുരം: തെരഞ്ഞൈടുപ്പിലെ വനിതാ പ്രാതിനിത്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിലപാട് വ്യക്തമാക്കി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍.

ജനാധിപത്യ സംവിധാനത്തിനകത്തെ അനിവാര്യ ഘട്ടങ്ങളില്‍ പെണ്ണ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെ ഇവിടെ മത സംഘടനകളൊന്നും എതിര്‍ത്തിട്ടില്ലെന്നും രാഷ്ട്രീയക്കാര്‍ സീറ്റു വീതം വെക്കുമ്പോള്‍ വനിതകള്‍ക്ക് ഇടം നല്‍കാന്‍ സാധിക്കാതെ വരുന്നതിന്റെ പാപഭാരം മതസംഘടനകളുടെ മേല്‍ വെച്ചു കെട്ടുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

വനിതകള്‍ക്ക് തങ്ങള്‍ ഇടം നല്‍കാത്തത് മത സംഘടനകളെ പരിഗണിച്ചു കൊണ്ട് മാത്രമാണെന്നത് ഒരുതരം ഒളിച്ചോട്ടമാണ്. സ്ഥലകാല സാഹചര്യങ്ങളെ കണ്ടറിയാന്‍ കഴിവുള്ളവരാണ് മതനേതൃത്വമെന്നും സത്താര്‍ പന്തല്ലൂര്‍ വനിതാ ദിനത്തില്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വനിത ദിനം

സമൂഹത്തിന്റെ നല്ല പാതിയാണ് സ്ത്രീ. ദാമ്പത്യത്തില്‍ അവരെ ഭാര്യ എന്നു വിളിക്കുന്നതിനു പകരം ‘ഇണ’ എന്നു വിശേഷിപ്പിച്ച വേദഗ്രന്ഥമാണ് ഖുര്‍ആന്‍. മുഹമ്മദ് നബി(സ) കൊണ്ടുവന്ന ഇസ്‌ലാമിന്റെ സന്ദേശം സ്വീകരിച്ച പ്രഥമ വിശ്വാസി ഒരു പെണ്ണായിരുന്നു. പേര് ഖദീജ.

പ്രണയത്തിന്റെ പട്ടുപാതയൊരുക്കി പ്രവാചകനു മുന്നോട്ടു പോവാന്‍ ഊര്‍ജം പകര്‍ന്നവള്‍. ഇസ്‌ലാമിന്റെ ദ്വിതീയ പ്രമാണമായ ഹദീസുകളില്‍ ആയിശ(റ) ഉള്‍പ്പടെയുള്ള സ്ത്രീകളുടെ സംഭാവന ചെറുതല്ല. മുസ്‌ലിം ലോകത്തെ പ്രഥമ യൂണിവേഴ്‌സിറ്റി സ്ഥാപിച്ചതും ഒരു പെണ്ണ്. പേര് ഫാത്വിമ ഫിഹ്രി.

എന്നിട്ടും ഇസ്‌ലാം സ്ത്രീ വിരുദ്ധമായി ചിത്രീകരിക്കപ്പെടുന്നു. ശരിയാണ്, ഫെമിനിസത്തിന്റെ അപ്രായോഗികമായ തുല്യതാവാദമൊന്നും ഇസ്‌ലാമിനില്ല. എന്നാല്‍ ‘മഹത്തായ ഇന്ത്യന്‍ അടുക്കള’യിലേതുപോലെ അവളെ പാരതന്ത്ര്യത്തിന്റെ ചങ്ങലയില്‍ ബന്ധിക്കുന്നുമില്ല.

ലൈംഗികതക്കപ്പുറം ഒരു പുരുഷനും തന്റെ ഇണയില്‍ നിന്ന് അവകാശപ്പെടാന്‍ യാതൊന്നുമില്ലെന്നു ഉറക്കെ പറഞ്ഞമതമാണിസ്‌ലാം. മക്കളെ പോറ്റുന്നതും അടുക്കള പേറുന്നതും അവളുടെ ഔദാര്യം മാത്രം. വിദ്യാഭ്യാസവും തൊഴിലും അവള്‍ക്ക് നിഷേധിക്കാന്‍ ആര്‍ക്കുമാവില്ല. ഇദ്ദ ഇരിക്കുന്ന സ്ത്രീക്കു പോലും, ആവശ്യമെങ്കില്‍ തൊഴിലിനു പോകാനും പുറത്തിറങ്ങാനും അനുവദിക്കുന്ന കര്‍മകാണ്ഡമാണ് ഇസ്‌ലാമില്‍ ഉള്ളത്.

ജനാധിപത്യ സംവിധാനത്തിനകത്തെ അനിവാര്യ ഘട്ടങ്ങളില്‍ പെണ്ണ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെ ഇവിടെ മത സംഘടനകളൊന്നും എതിര്‍ത്തിട്ടില്ല.

രാഷ്ട്രീയക്കാര്‍ സീറ്റു വീതം വെക്കുമ്പോള്‍ വനിതകള്‍ക്ക് ഇടം നല്‍കാന്‍ സാധിക്കാതെ വരുന്നതിന്റെ പാപഭാരം മതസംഘടനകളുടെ മേല്‍ വെച്ചു കെട്ടുന്നതില്‍ അര്‍ഥമില്ല. വനിതകള്‍ക്ക് തങ്ങള്‍ ഇടം നല്‍കാത്തത് മത സംഘടനകളെ പരിഗണിച്ചു കൊണ്ട് മാത്രമാണെന്നത് ഒരുതരം ഒളിച്ചോട്ടമാണ്. സ്ഥലകാല സാഹചര്യങ്ങളെ കണ്ടറിയാന്‍ കഴിവുള്ളവരാണ് മതനേതൃത്വം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: SKSSF Sathar Panthaloor post on Womensday