മലപ്പുറം: സമസ്ത കേരള ജംഇയത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരെ വധഭീഷണിയുണ്ടെന്ന് അദ്ദേഹം തന്നെ പറഞ്ഞതിന് പിന്നാലെ പ്രതികരിച്ച് എസ്.കെ.എസ്.എസ്.എഫ്.
ജിഫ്രി തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നത് നോക്കിനില്‍ക്കാനാവില്ലെന്നാണ് സമസ്തയുടെ വിദ്യാര്‍ഥി സംഘടനയായ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം.
ഫോണില്‍ വിളിച്ചും സമൂഹ മാധ്യമങ്ങളിലൂടെയും തങ്ങളെ ഭീഷണിപ്പെടുത്തുന്നത് കണ്ട് വെറുതെയിരിക്കാനാവില്ലെന്ന് പറഞ്ഞ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ്, സാമുദായിക വിഷയങ്ങളില്‍ സത്യസന്ധമായി ഇടപെടുന്നവര്‍ക്കെതിരെ വിദ്വേഷ പ്രചരണവും ഭീഷണിയും ഉയരുന്നത് സമുദായം തിരിച്ചറിയണമെന്നും ആവശ്യപ്പെട്ടു.
”സമസ്തയും കീഴ്ഘടകങ്ങളും ഓരോ വിഷയങ്ങളിലും ഒറ്റക്കെട്ടായി എടുക്കുന്ന നയപരിപാടികളും തീരുമാനങ്ങളും അനുസരിച്ചും അംഗീകരിച്ചുമാണ് സംഘടനാ പ്രവര്‍ത്തകര്‍ മുന്നോട്ട് പോവുന്നത്.
അതില്‍ അനാവശ്യ വിവാദമുണ്ടാക്കി സമൂഹ മാധ്യമങ്ങളെ ദുരുപയോഗം ചെയ്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനുള്ള നീക്കം വിലപ്പോവില്ല,” സെക്രട്ടറിയേറ്റ് യോഗത്തില്‍ പറഞ്ഞു.
തനിക്ക് നേരെ വധഭീഷണിയുണ്ടെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞതിന് ശേഷം സമസ്തയുടെ ഭാഗത്ത് നിന്ന് വരുന്ന ആദ്യത്തെ പ്രതികരണമാണ് എസ്.കെ.എസ്.എസ്.എഫിന്റെ ഭാഗത്ത് നിന്നുണ്ടായത്.
കഴിഞ്ഞ ദിവസം മലപ്പുറം ആനക്കയത്ത് അഖില കേരള ഫിഫ്ത് കോളേജ് ആര്‍ട്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു തനിക്ക് നേരെ വധഭീഷണിയുണ്ടെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞത്.
ദുരൂഹ സാഹചര്യത്തില്‍ മരിച്ച ചെമ്പരിക്ക ഖാസി സി.എം. അബ്ദുല്ല മുസലിയാരുടെ അനുഭവം ഉണ്ടാകുമെന്ന് പലരും വിളിച്ചു പറയുന്നുണ്ടെന്നും അങ്ങനെ വല്ലതും സംഭവിച്ചാല്‍ തനിക്കെതിരെ എഴുതുന്നവരെ ആദ്യം പിടിച്ചാല്‍ മതിയെന്നുമാണ് ജിഫ്രി തങ്ങള്‍ പറഞ്ഞത്.
ചെമ്പരിക്ക-മംഗലാപുരം ഖാസിയും സമസ്തയുടെ മുതിര്‍ന്ന നേതാവുമായിരുന്ന സി.എം. അബദുല്ല മൗലവിയെ 2010 ഫെബ്രുവരി 15ന് പുലര്‍ച്ചെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഖാസിയുടെ മരണം കൊലപാതകമാണെന്നാണ് കുടുംബം പറഞ്ഞത്. മരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്ന് സമസ്തയും ആവശ്യപ്പെട്ടിരുന്നു.
വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്കു വിട്ടതിനെതിരെ മുസ്‌ലിം ലീഗ് പള്ളികള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ക്ക് ആഹ്വാനം ചെയ്യുന്നതിനിടയില്‍ സമരത്തിനെതിരെ ജിഫ്രി തങ്ങള്‍ പരസ്യനിലപാടെടുത്തിരുന്നു. പിന്നാലെ തങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ ആക്ഷേപങ്ങളാണ് ഉയര്‍ന്നിരുന്നത്. കോഴിക്കോട് ലീഗ് സംഘടിപ്പിച്ച പ്രതിഷേധ റാലിയിലും ജിഫ്രി തങ്ങള്‍ക്കെതിരെ പരോക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു.