| Wednesday, 28th September 2022, 1:13 pm

മുമ്പ് നിരോധിക്കപ്പെട്ടവരാണല്ലൊ രാജ്യം ഭരിക്കുന്നത്; ഭീകരതയുടെ മൊത്ത വിതരണക്കാരായ സംഘപരിവാറിന് നിരോധനത്തിന് അര്‍ഹതയില്ല: സത്താര്‍ പന്തല്ലൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഭീകരതയുടെ മൊത്ത വിതരണത്തില്‍ ഒരു നൂറ്റാണ്ട് തികക്കാനിരിക്കുന്ന സംഘപരിവാറിന് നിരോധനത്തിനോ ആശയ പ്രതിരോധത്തിനോ അര്‍ഹതയില്ലെന്ന് എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍. നിരോധനം ഒന്നിനും ഫലപ്രദമായ പരിഹാരമാര്‍ഗമല്ലെന്നും അദ്ദഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇന്ത്യയിലെ മുസ്‌ലിംകള്‍ ഫാസിസ്റ്റുകളില്‍ നിന്നും നേരിടുന്ന വെല്ലുവിളികളെ പ്രതിരോധിക്കേണ്ടത് വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെയാണന്നാണ് സമുദായ നേതൃത്വം എക്കാലത്തും പുലര്‍ത്തിപ്പോന്ന നിലപാട്. നിയമം കയ്യിലെടുക്കുന്ന രീതികള്‍ നിയമ വിരുദ്ധവും മതവിരുദ്ധവുമാണ്. അവിവേകപരമായ ഇത്തരം നീക്കങ്ങളുടെ പ്രത്യാഘാതങ്ങള്‍ പലപ്പോഴും മുന്നറിയിപ്പ് നല്‍കപ്പെട്ടതുമാണ്.

നിരോധനം ഫലപ്രദമായ പരിഹാരമാര്‍ഗമല്ല. മുമ്പ് നിരോധിക്കപ്പെട്ടവരാണല്ലൊ ഇന്ന് രാജ്യം ഭരിക്കുന്നത്. കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ നല്‍കാന്‍ കഴിയും. എന്നാല്‍ കുറ്റകൃത്യങ്ങള്‍ക്ക് പ്രേരണ നല്‍കുന്ന ആശയങ്ങളെ നിരോധനത്തിലൂടെ ഇല്ലായ്മ ചെയ്യാന്‍ കഴിയില്ല. അതിനെയാണ് ഫലപ്രദമായി പ്രതിരോധിക്കേണ്ടത്.

ഭീകരതയുടെ മൊത്ത വിതരണത്തില്‍ ഒരു നൂറ്റാണ്ട് തികക്കാനിരിക്കുന്ന സംഘ പരിവാറിന് നിരോധനത്തിനോ ആശയ പ്രതിരോധത്തിനോ അര്‍ഹതയുമില്ല. ഇക്കാര്യത്തില്‍ ഏട്ടന്‍ ബാവയും അനിയന്‍ ബാവയും ഒരു പോലെ നാടിനാപത്താണ്,’ സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.

അതേസമയം, പോപ്പുലര്‍ ഫ്രണ്ടിനെ പോലുള്ള സംഘടനകളെ നിരോധിക്കുന്നത് കൊണ്ട് മാത്രം കാര്യമില്ലെന്ന മുമ്പത്തെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

വര്‍ഗീയതക്കെതിരെയാണ് നീക്കമെങ്കില്‍ ഒരു സംഘടനയെ മാത്രം നിരോധിച്ചിട്ട് കാര്യമില്ലെന്നും അതേസമയം, പുതിയ സാഹചര്യം സംബന്ധിച്ച നിലപാടില്‍ കേന്ദ്ര കമ്മിറ്റി പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച നടപടിയെ മുസ്ലിം ലീഗ് സ്വാഗതം ചെയ്തു. നിരോധനത്തെ അനുകൂലിക്കുന്നുവെന്ന് ലീഗ് നേതാവ് എം.കെ. മുനീര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചു.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കും എട്ട് അനുബന്ധ സംഘടനകള്‍ക്കുമാണ് കേന്ദ്ര സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്ക് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ (ആര്‍.ഐ.എഫ്), ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സി.എഫ്.ഐ), ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ (എ.ഐ.ഐ.സി), നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ (എന്‍.സി.എച്ച്.ആര്‍.ഒ), നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നിവയെയുമാണ് കേന്ദ്ര സര്‍ക്കാര്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരിക്കുന്നത്.

CONTENT HIGHGHLIGHTS:  SKSSF leader Sathar Pantallur says Sangh Parivar does not rights ban or ideological defense

We use cookies to give you the best possible experience. Learn more