| Thursday, 11th May 2023, 8:01 pm

മണിക്കൂറുകളോളം സ്റ്റേഷനിലായ പ്രവര്‍ത്തകനെ സഹായിക്കാന്‍ ജലീല്‍ എത്തിയതില്‍ ഹൃദ്യമായ അഭിനന്ദനം; എസ്.കെ.എസ്.എസ്.എഫ് നേതാവിന്റെ കുറിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വളാഞ്ചേരി വാഫി കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകനെ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കാന്‍ കെ.ടി. ജലീല്‍ എത്തിയ സംഭവത്തില്‍ വിശദീകരണവുമായി ജില്ലാ നേതാവ്.

പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തത് അറിഞ്ഞ എം.എല്‍.എ സ്വന്തം നാട്ടിലേക്കുള്ള വഴിയില്‍ സ്റ്റേഷനില്‍ കയറി ഇടപെടുകയാണുണ്ടായതെന്ന് എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാ വെസ്റ്റ് പ്രസിഡന്റ് സയ്യിദ് അബ്ദു റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

എസ്.കെ.എസ്.എസ്.എഫ്- വിഖായ പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുക്കാനുണ്ടായ സാഹചര്യമടക്കം വിശദമാക്കി ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടൊയായിരുന്നു റഷീദലി ശിഹാബ് തങ്ങളുടെ പ്രതികരണം.

10 മണിക്കൂറിലധികം സ്റ്റേഷനില്‍ ചെലവഴിച്ച ഒരു വിഖായ പ്രവര്‍ത്തകനെ സഹായിക്കാന്‍ ജലീല്‍ ഇടപെട്ടതില്‍ അദ്ദേഹത്തെ ഹൃദ്യമായി അഭിനന്ദിക്കുന്നുവെന്നും
വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും റഷീദലി പറഞ്ഞു.

വളാഞ്ചേരി മര്‍കസ് സംഘര്‍ഷത്തെ തുടര്‍ന്ന് എസ്.കെ.എസ്.എസ്.എഫ് നേതാവിനെ കെ.ടി. ജലീല്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കുന്നതുമായി ബന്ധപ്പെട്ട് ചില അഭ്യൂഹങ്ങള്‍ ഉന്നയിച്ച് ചില പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ എസ്.കെ.എസ്.എസ്.എഫ് നേതാവിന്റെ പ്രതികരണം.

റഷീദലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

വിഖായ പ്രവര്‍ത്തകനെതിരെ കേസും കെ.ടി. ജലീല്‍ എം.എല്‍.എയുടെ വരവും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള വളാഞ്ചേരി മര്‍ക്കസ് പ്രവര്‍ത്തക സമിതി മീറ്റിങ് 08-05-2023ന് മര്‍ക്കസ് ക്യാമ്പസില്‍ വെച്ച് ചേരുന്നു.

സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുനാ ആലിക്കുട്ടി ഉസ്താദ്, എം.ടി. ഉസ്താദ് , പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്നു.

മീറ്റിങ്ങില്‍ എല്ലാവരും ഒരുമിച്ച് സി.ഐ.സി സംവിധാനവുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്നു(വാഫി, വഫിയ്യ കോഴ്‌സ് നിര്‍ത്തലാക്കുന്നു).

സമസ്തയുടെ എസ്.എന്‍.ഇ.സി സംവിധാനം നടപ്പാക്കാനും താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അതില്‍ തുടരാനും അല്ലങ്കില്‍ സി.ഐ.സിക്ക് കീഴിലുള്ള മറ്റു സ്ഥാപനങ്ങളിലേക്ക് മാറാനും തീരുമാനമാകുന്നു.

നേരത്തെ സി.ഐ.സി നേതൃത്വം പ്ലാന്‍ ചെയ്തത് അനുസരിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ക്യാമ്പസില്‍ തടിച്ചുകൂടുകയും സമസ്തയുടെ ഉന്നതരായ നേതൃത്വത്തെ തടഞ്ഞുവെക്കുകയും ചെയ്യുന്നു.

വിവരം അറിഞ്ഞ്, പരിസരപ്രദേശത്തെ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ മര്‍കസിലേക്ക് എത്തുന്നു. ഈ സമയം, ക്യാമ്പസില്‍ നേതാക്കളെ തടഞ്ഞുവെച്ചത് അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തുന്നു.
അവര്‍ അവിടെ കൂട്ടമായി നില്‍ക്കുന്ന പ്രവര്‍ത്തകരോട് മാറാന്‍ ആവശ്യപ്പെടുന്നു.
പ്രവര്‍ത്തകര്‍ മാറുന്നതിനിടയില്‍ അവിടെ എത്തിയ അസ്‌ലഫ് യമാനിയെ ഒരാള്‍ ചോദ്യം ചെയ്യുന്നു.

നീ ആരാണ്, ഇവിടെ, എന്തിന് വന്നു എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് നിങ്ങള്‍ ആരാണ് ഇത് ചോദിക്കാന്‍ എന്ന അസ്‌ലഫ് യമാനിയുടെ മറുപടി കേട്ടപ്പോള്‍ അദ്ദേഹത്തെ തള്ളുകയും അദ്ദേഹത്തിന്റെ പോക്കറ്റിലുള്ള ഫോണ്‍, ഐ.ഡി കാര്‍ഡ് പിടിച്ച് പറിക്കുകയും ചെയ്യുന്നു. ഇത് അവര്‍ തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും തള്ളലിന് വഴിയൊരുക്കുന്നു. ഈ സമയം പൊലീസ് ലാത്തിയുമായി എത്തിയപ്പോള്‍ രണ്ട് പേരും വീഴുകയും ചെയ്യുന്നു. വിഖായയുടെ പ്രവര്‍ത്തകനും സജീവ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനുമായ യമാനിക്ക് രാത്രി പ്രയാസം അനുഭവപ്പെട്ടു, ഹോസ്പിറ്റലില്‍ കാണിക്കുന്നു.

പിറ്റേദിവസം, ഹോസ്പിറ്റലില്‍ നിന്ന് ഇന്‍ഡിമേഷന്‍ പോയത് അനുസരിച്ച് മൊഴി നല്‍കാനായി അസ്‌ലഫ് യമാനി വളാഞ്ചേരി സ്റ്റേഷനില്‍ എത്തുന്നു. ശബീബ് വാഫി
നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ സ്റ്റേഷനില്‍ പിടിച്ചിരുത്തുന്നു.
എന്തിന് പിടിച്ചുവെച്ചു എന്ന് അന്വേഷിക്കുമ്പോഴെല്ലാം എസ്.ഐ വരട്ടെ എന്ന മറുപടിയാണ് സ്റ്റേഷനില്‍ നിന്ന് കിട്ടിയത്.

രാവിലെ മദ്രസയിലേക്ക് പുറപ്പെട്ട യമാനിയെ കുടുംബം അന്വേഷിക്കുന്നു. അന്വേഷണം എസ്.എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരിലേക്ക് എത്തിയപ്പോള്‍ ജില്ലാ ഭാരവാഹികള്‍ സ്റ്റേഷനില്‍ എത്തുന്നു.

പ്രാദേശിക മുസ്‌ലിം ലീഗ് രാഷ്ട്രീയ നേതൃത്വത്തെ ബന്ധപ്പെടുകയും ചിലര്‍ സ്റ്റേഷനില്‍ എത്തുകയും ചെയ്തിരുന്നു. ജില്ലാ നേതാക്കളോടും കാര്യം പറയാന്‍ പൊലീസ് സന്നദ്ധമായില്ല. എസ്.ഐ എത്തണം, അദ്ദേഹം മലപ്പുറത്താണ് എന്നായിരുന്നു മറുപടി…

കാത്തിരിപ്പ് മൂന്ന് മണിക്കൂര്‍ കഴിഞ്ഞ്, എസ്.ഐ എത്തുന്നു. ഇതേ സമയം അസ്‌ലഫ് യമാനിയുടെ മണ്ഡലമായ തവനൂരിലെ എം.എല്‍.എയുമായ അദ്ദേഹവുമായി ബന്ധപ്പെട്ട ആരോ അദ്ദേഹത്തെ വിളിക്കുന്നു.

വിവരം അറിഞ്ഞ കെ.ടി. ജലീല്‍ എം.എല്‍.എ, കാര്യം അന്വേഷിക്കാന്‍ എസ്.കെ.എസ്.എസ്.എഫ് മുന്‍ സംസ്ഥാന ഭാരവാഹിയെയും ജില്ലാ ജനറല്‍ സെക്രട്ടറിയെയും വിളിക്കുന്നു.

സ്വന്തം നാട്ടിലേക്കുള്ള വഴിയില്‍ എം.എല്‍.എ സ്റ്റേഷനില്‍ കയറുന്നു.
വിവരം അന്വേഷിക്കുന്നു. തുടര്‍ന്ന് അസ്‌ലഫ് യമാനിയെ വിട്ടയക്കുന്നു.
10 മണിക്കൂറിലധികം സ്റ്റേഷനില്‍ ചെലവഴിച്ച ഒരു വിഖായ പ്രവര്‍ത്തകനെ സഹായിക്കാന്‍ അദ്ദേഹം എത്തിയതിനെ ഹൃദ്യമായി അഭിനന്ദിക്കുന്നു.
അതേസമയം, അദ്ദേഹത്തെ വിളിച്ച് വരുത്തുന്ന വിഷയത്തില്‍ ജില്ലാ നേതൃത്വം ഇടപെട്ടിട്ടില്ല.

മുകളില്‍ നിന്നുള്ള കടുത്ത സമ്മര്‍ദം കാരണമാണ് ഞാന്‍ അദ്ദേഹത്തെ വിടാതിരുന്നത് എന്ന് എസ്.ഐ പറഞ്ഞപ്പോള്‍, ആരാണ് ഇദ്ദേഹത്തെ ഇത്ര സമയം പിടിച്ച് വെക്കാന്‍ ഇടപെട്ടത് എന്നത് ഒരു ചോദ്യമായി അവശേഷിക്കുന്നു.
വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തി, കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നവരോട് സഹതാപം മാത്രം.

Content Highlight: SKSSF leader’s note of congratulating KT Jaleel

We use cookies to give you the best possible experience. Learn more